Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ തന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി സംവദിച്ചു. 

എല്ലാ പുരസ്കാര ജേതാക്കൾക്കും പ്രധാനമന്ത്രി സ്മരണിക സമ്മാനിക്കുകയും ഓരോരുത്തരോടും അവരുടെ നേട്ടങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് സംഘത്തിലെ എല്ലാവരുമായും ആശയവിനിമയം നടത്തി. അനൗപചാരികമായ ഇടപെടലിൽ തുറന്ന മനസ്സോടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി. തങ്ങൾ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് കുട്ടികൾ അദ്ദേഹത്തോട് വിവിധ ചോദ്യങ്ങൾ ചോദിക്കുകയും വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ മാർഗനിർദേശം തേടുകയും ചെയ്തു. 

ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചു തുടക്കംകുറിക്കാനും ക്രമേണ ശേഷി വർധിപ്പിക്കാനും കഴിവു വർധിപ്പിക്കാനും ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാനും പ്രധാനമന്ത്രി പുരസ്കാര ജേതാക്കളോട് നിർദേശിച്ചു. മാനസികാരോഗ്യവും കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ചചെയ്ത അദ്ദേഹം, പ്രശ്നത്തെ ചുറ്റിപ്പറ്റിയുണ്ടാകുന്ന കളങ്കങ്ങൾ നേരിടുന്നതിനെക്കുറിച്ചും അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുടുംബത്തിന്റെ പ്രധാന പങ്കിനെക്കുറിച്ചും സംസാരിച്ചു. ചെസ്സ് കളിക്കുന്നതിന്റെ നേട്ടങ്ങൾ, കലയും സംസ്കാരവും ജീവിതോപാധിയായി ഏറ്റെടുക്കൽ, ഗവേഷണവും നവീകരണവും, ആത്മീയത തുടങ്ങിയ നിരവധി വിഷയങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു. 

നവീനാശയങ്ങൾ, സാമൂഹ്യസേവനം, വിദ്യാഭ്യാസം, കായികമേഖല, കലയും സംസ്കാരവും, ധീരത എന്നിങ്ങനെ ആറു വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് ഇന്ത്യാ ഗവൺമെന്റ് കുട്ടികൾക്ക് പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകിവരുന്നത്. ഓരോ പുരസ്കാരജേതാവിനും മെഡലും ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകും. ഈ വർഷം, ബാലശക്തി പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെയാണു തെരഞ്ഞെടുത്തത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പുരസ്കാരജേതാക്കളിൽ 6 ആൺകുട്ടികളും 5 പെൺകുട്ടികളും ഉൾപ്പെടുന്നു. ആദിത്യ സുരേഷ്, എം ഗൗരവി റെഡ്ഡി, ശ്രേയ ഭട്ടാചാർജി, സംഭബ് മിശ്ര, രോഹൻ രാമചന്ദ്ര ബാഹിർ, ആദിത്യ പ്രതാപ് സിങ് ചൗഹാൻ, ഋഷി ശിവ് പ്രസന്ന, അനൗഷ്ക ജോളി, ഹനായ നിസാർ, കൊളഗട്ട്‌ല അലന മീനാക്ഷി, ശൗര്യജിത്ത് രഞ്ജിത്കുമാർ ഖൈരെ എന്ന‌ിവരാണ് ഇത്തവണത്തെ പുരസ്കാരജേതാക്കൾ.

 

-ND-