Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ  സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉപസംഹാര പരാമര്‍ശങ്ങള്‍

വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ  സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉപസംഹാര പരാമര്‍ശങ്ങള്‍


“നിങ്ങളുടെ പ്രചോദനാത്മക വാക്കുകള്‍ക്ക് നന്ദി! ഇത് ശരിക്കും വീക്ഷണങ്ങളുടെയും ആശയങ്ങളുടെയും ഉപയോഗപ്രദമായ ഒരു കൈമാറ്റമായിരുന്നു. ഗ്ലോബല്‍ സൗത്തിന്റെ പൊതു അഭിലാഷങ്ങളെയാണ് അത് പ്രതിഫലിപ്പിച്ചത്.

ലോകം അഭിമുഖീകരിക്കുന്ന നിരവധി സുപ്രധാന വിഷയങ്ങളില്‍, വികസ്വര രാജ്യങ്ങള്‍ക്ക് സമാനമായ കാഴ്ചപ്പാടുകളുണ്ടെന്നത് ഇതില്‍ വ്യക്തമാണ്.

ഇന്ന് രാത്രിയിലെ ചര്‍ച്ചകളില്‍ മാത്രമല്ല, ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്തി’ന്റെ ഈ ഉച്ചകോടിയുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇത് കണ്ടു.
‘ഗ്ലോബല്‍ സൗത്തിലെ’ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ ആശയങ്ങളില്‍ ചിലത് സംഗ്രഹിക്കാന്‍ ഞാന്‍ ശ്രമിക്കാം.
ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെയും കൂട്ടായി ആഗോള അജണ്ട രൂപപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തില്‍ നാം എല്ലാവരും യോജിക്കുന്നു.

ആരോഗ്യ മേഖലയില്‍, പരമ്പരാഗത വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനായി പ്രാദേശിക കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ പ്രൊഫഷണലുകളുടെ ചലനക്ഷമത മെച്ചപ്പെടുത്തുന്നതിനും നാം ഊന്നല്‍ നല്‍കുന്നു. ഡിജിറ്റല്‍ ആരോഗ്യ പരിഹാരങ്ങള്‍ വേഗത്തില്‍ വിന്യസിക്കുന്നതിനുള്ള സാദ്ധ്യതയിലും നാം ബോധവാന്മാരാണ്.

തൊഴിലധിഷ്ഠിത പരിശീലനത്തിലും വിദൂര വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളില്‍ നമ്മുടെ മികച്ച സമ്പ്രദായങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയില്‍, നമുക്കെല്ലാം പ്രയോജനം നേടാം.
ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍, ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സിന്റെ (ഡിജിറ്റല്‍ പൊതു ചരക്ക്) വിന്യാസം, വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വലിയ തോതിലും വേഗത്തിലും വര്‍ദ്ധിപ്പിക്കും. ഇന്ത്യയുടെ സ്വന്തം അനുഭവം ഇത് തെളിയിക്കുന്നു.

ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യത്തില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം നാം എല്ലാവരും അംഗീകരിക്കുന്നതാണ്. ആഗോള വിതരണ ശൃംഖലകളെ വൈവിദ്ധ്യവല്‍ക്കരിക്കുകയും വികസ്വര രാജ്യങ്ങളെ ഈ മൂല്യശൃംഖലകളുമായി ബന്ധിപ്പിക്കുക്കുകയും ചെയ്യുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും നമുക്ക് അനിവാര്യമാണ്.
കാലാവസ്ഥ ധനകാര്യത്തിലൂം സാങ്കേതികവിദ്യയിലും വികസിത രാജ്യങ്ങള്‍ തങ്ങളുടെ ബാദ്ധ്യതകള്‍ നിറവേറ്റിയിട്ടില്ലെന്ന് വികസ്വരരാജ്യങ്ങള്‍ ഒറ്റക്കെട്ടായി വിശ്വസിക്കുന്നു.
ഉല്‍പ്പാദനത്തിലെ പ്രസരണം നിയന്ത്രിക്കുന്നതിനു പുറമേ, ഉപയോഗിച്ചശേഷം വലിച്ചെറിയുക, ഉപഭോഗത്തില്‍ നിന്ന് വ്യതിചലച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ സുസ്ഥിര ജീവിതശൈലിയിലേക്ക് മാറേണ്ടതും തുല്യ പ്രധാന്യമുള്ളതാണെന്ന് നാം സമ്മതിക്കുന്നു.
ശ്രദ്ധാപൂര്‍വമായ ഉപഭോഗത്തിലും ചാക്രിക സമ്പദ്‌വ്യവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘പരിസ്ഥിതിക്കു വേണ്ടിയുള്ള ജീവിതശൈലി’ അല്ലെങ്കില്‍ ലൈഫ് എന്ന ഇന്ത്യയുടെ മുന്‍കൈയ്ക്ക് പിന്നിലെ കേന്ദ്ര തത്വശാസ്ത്രവും ഇതാണ്.

ആദരണീയരെ,

വിശാലമായ ഗ്ലോബല്‍ സൗത്ത് പങ്കിടുന്ന ഈ ആശയങ്ങളെല്ലാം, ജി20 യുടെ അജണ്ട രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് പ്രചോദനം നല്‍കുന്നതുപോലെ തന്നെ, നിങ്ങളുടെ എല്ലാ രാഷ്ട്രങ്ങളുമായും ഞങ്ങളുടെ സ്വന്തം വികസന പങ്കാളിത്തത്തിനും സഹായകമാകും.
വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഇന്നത്തെ സമാപന സമ്മേളനത്തിലെ നിങ്ങളുടെ മഹനീയമായ സാന്നിദ്ധ്യത്തിന് ഒരിക്കല്‍ കൂടി നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി.

–ND–