Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2 എം) പ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക്) പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തേയ്ക്കാണ് പദ്ധതി കാലാവധി.

1. റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐ ഇടപാടുകളും (പി2എം) പ്രോത്സാഹിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷത്തേയ്ക്ക് അംഗീകരിച്ച പ്രോത്സാഹന ആനുകൂല്യ പദ്ധതിക്കായി 2,600 കോടി രൂപയുടെ ചെലവാണുണ്ടാകുക. ഈപദ്ധതിക്ക് കീഴില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ഭീം-യു.പി.ഐയും (പി2എം) ഉപയോഗിച്ച് പോയിന്റ് ഓഫ് സെയില്‍ (വില്‍പ്പന നടക്കുന്ന സ്ഥലം പി.ഒ.എസ്), ഇ-കൊമേഴ്‌സ് ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആര്‍ജ്ജിത ബാങ്കുകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും.
2. ചെലവുകുറഞ്ഞതും ഉപയോക്തൃ സൗഹൃദവുമായ ഇടപാട് വേദികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സാമ്പത്തിക സഹായം തുടരാനുള്ള ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം ധനമന്ത്രി, 2022-23 സാമ്പത്തിക വര്‍ഷത്തെ അവരുടെ ബജറ്റിലെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ആ ബജറ്റ് പ്രഖ്യാപനത്തിന് അനുസരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
3. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി ഒരു പ്രോത്സാഹന പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരുന്നു. അതിന്റെ ഫലമായി, മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളില്‍ വര്‍ഷാവര്‍ഷം 59% വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5,554 കോടിയായിരുന്ന അത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8,840 കോടിയായി ഉയര്‍ന്നു. ഭീം-യു.പി.ഐ ഇടപാടുകള്‍ വര്‍ഷം തോറും 106% വളര്‍ച്ച രേഖപ്പെടുത്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 2,233 കോടിയായിരുന്ന ഇടപാടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4,597 കോടിയായി ഉയര്‍ന്നു.
4. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളിലെ വിവിധ പങ്കാളികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍.ബി.ഐ) സീറോ എം.ഡി.ആര്‍ (വ്യാപാരികള്‍ക്ക് ഇളവ് നല്‍കാതിരിക്കല്‍) വ്യവസ്ഥ ഡിജിറ്റല്‍ പേയ്‌മെന്റ് പരിസ്ഥിതിയുടെ വളര്‍ച്ചയിലുണ്ടാക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടാതെ, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മറ്റ് കാര്യങ്ങളിളൊടൊപ്പം, വ്യാപാരികള്‍ കൂടുതലായി സ്വീകരിക്കുന്നതിനും കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് അതിവേഗം മാറുന്നതിനുമായി ഓഹരിപങ്കാളികള്‍ക്ക് ചെലവുകുറഞ്ഞ ഇടപാടുകളില്‍ വിശ്വാസം ഉണ്ടാക്കുന്നതിനും വ്യാപാരികള്‍ കൂടുതല്‍ ഇവ സ്വീകരിക്കുന്നതിനുമുള്ള പരിസ്ഥിതിക്കായി ഭിം-യു.പി.ഐക്കും റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും പ്രോത്സാഹന ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

5. രാജ്യത്തുടനീളം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് വിവിധ മുന്‍കൈകള്‍ സ്വീകരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വളര്‍ച്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്. കോവിഡ് -19ന്റെ പ്രതിസന്ധി ഘട്ടത്തില്‍, ഡിജിറ്റല്‍ ഇടപാടുകള്‍ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും സാമൂഹിക അകലം പാലിക്കാന്‍ സഹായിക്കുകയും ചെയ്തു. 2022 ഡിസംബറില്‍ 12.82 ലക്ഷം കോടി രൂപ മൂല്യമുള്ള 782.9 കോടി ഡിജിറ്റല്‍ ഇടപാടുകളുടെ റെക്കോര്‍ഡ് യു.പി.ഐ കൈവരിച്ചു.
ഈ പ്രോത്സാഹന പദ്ധതി ശക്തമായ ഡിജിറ്റല്‍ ഇടപാടിനുള്ള ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും റുപേ ഡെബിറ്റ് കാര്‍ഡ്, ഭീം-യു.പി.ഐ ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ”സബ്കാ സാത്ത്, സബ്കാ വികാസ്” (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ പദ്ധതി യു.പി.ഐ ലൈറ്റ്, യു.പി.ഐ 123പേ എന്നിവയെ ചെലവുകുറഞ്ഞതും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റല്‍ പേയ്‌മെന്റ് പരിഹാരങ്ങളായി പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ എല്ലാ മേഖലകളിലും ജനസംഖ്യയുടെ. എല്ലാ വിഭാഗങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും.

 

-ND-