പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് അംഗീകാരം നൽകി. സൈറ്റ് (SIGHT) പദ്ധതിയ്ക്കുള്ള 17,490 കോടി രൂപയും മാര്ഗനിർദേശക പദ്ധതികൾക്കായി 1,466 കോടി രൂപയും ഗവേഷണ വികസന മേഖലയ്ക്കായി 400 കോടി രൂപയും, മറ്റ് അനുബന്ധ പരിപാടികൾക്കായി 388 കോടി രൂപയും ഉൾപ്പടെ 19,744 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചെലവ് വരുന്നത്. നവപുനരുൽപ്പാദക ഊർജമന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കു രൂപംനൽകും.
ദൗത്യത്തിന് കീഴിൽ 2030-ഓടെ ഇനി പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു:
ഹരിത ഹൈഡ്രജനും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക; വ്യാവസായിക, ഊർജ, ചലനാത്മക മേഖലകളിലെ ഡീകാർബണൈസേഷൻ; ഇറക്കുമതി ചെയ്ത ജൈവ ഇന്ധനങ്ങളിലും ഭക്ഷ്യവസ്തുക്കളിലുമുള്ള ആശ്രിതത്വം കുറയ്ക്കൽ; തദ്ദേശീയ ഉൽപ്പാദനശേഷി വികസനം; തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ; അത്യാധുനിക സാങ്കേതികവിദ്യാ വികസനം തുടങ്ങി
വിപുലമായ നേട്ടങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കുന്നത്. ഇന്ത്യയുടെ പുനരുൽപ്പാദക ഊജശേഷി 125 ജിഗാവാട്ട് ആയി ഉയർത്തിക്കൊണ്ട്, വാർഷിക ഹരിത ഹൈഡ്രജൻ ഉൽപ്പാദനശേഷി കുറഞ്ഞത് 5 എംഎംടി(മില്യൺ മെട്രിക് ടൺ)യിലേക്ക് ഉയരും. 2030ഓടെ 8 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളും, 6 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ദൗത്യം ലക്ഷ്യമിടുന്നു. 2030ഓടെ വാർഷിക കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം 50 എംഎംടിയോളം കുറയ്ക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഹരിത ഹൈഡ്രജന്റെ ആവശ്യകത സൃഷ്ടിക്കൽ, അതിന്റെ ഉൽപ്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ പദ്ധതി സുഗമമാക്കും. സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് ഫോർ ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ (SIGHT) പരിപാടിയ്ക്ക് കീഴിൽ ഇലക്ട്രോലൈസറുകളുടെ ആഭ്യന്തര നിർമാണം, ഹരിത ഹൈഡ്രജന്റെ ഉൽപ്പാദനം എന്നിവയ്ക്കും പദ്ധതിയ്ക്ക് കീഴിൽ സാമ്പത്തിക സഹായം നൽകും. ഉയർന്നുവരുന്ന അന്തിമോപയോഗ സേവന മേഖലകളിലും, ഉൽപ്പാദന മേഖലയിലുമുള്ള മാർഗനിർദേശക പ്രോജക്ടുകൾക്ക് പദ്ധതിയുടെ പിന്തുണയുണ്ടാവും. ഹൈഡ്രജന്റെ വൻതോതിലുള്ള ഉൽപ്പാദനത്തിനും അല്ലെങ്കിൽ ഉപയോഗത്തിനും പ്രാപ്തിയുള്ള പ്രദേശങ്ങൾ ഹരിത ഹൈഡ്രജൻ ഹബ്ബുകളായി കണ്ടെത്തി വികസിപ്പിക്കും.
ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിന് സഹായകമായ നയങ്ങൾ വികസിപ്പിക്കും. ശക്തമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയ ചട്ടക്കൂട് വികസിപ്പിക്കും. കൂടാതെ ഗവേഷണ-വികസന (സ്ട്രാറ്റജിക് ഹൈഡ്രജൻ ഇന്നൊവേഷൻ പാർട്ണർഷിപ്പ് – SHIP) കാര്യങ്ങൾക്കായി പൊതു-സ്വകാര്യ പങ്കാളിത്ത നയം ദൗത്യത്തിന് കീഴിൽ സുഗമമാക്കും. ലക്ഷ്യബോധമുള്ളതും സമയബന്ധിതവും ആഗോളതലത്തിൽ മത്സരാധിഷ്ഠിത സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ളതുമായ ഗവേഷണ-വികസന പദ്ധതികളാവും വികസിപ്പിക്കുക. പദ്ധതിയ്ക്ക് കീഴിൽ ഏകോപിത നൈപുണ്യ വികസന പരിപാടിയും സംഘടിപ്പിക്കും.
പദ്ധതി ലക്ഷ്യങ്ങളുടെ വിജയകരമായ നേട്ടം ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളും സ്ഥാപനങ്ങളും വ്യക്തമായതും ഏകോപിതവുമായ നടപടികൾ സ്വീകരിക്കും. നവ പുനരൂൽപ്പാദക ഊർജ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വത്തിലാവും ദൗത്യത്തിന്റെ മൊത്തത്തിലുള്ള ഏകോപനവും നിർവഹണവും.
–ND–
National Green Hydrogen Mission, which the Union Cabinet approved today, is a landmark step towards sustainable development and creating investment opportunities for our youth. https://t.co/PTwbbTqkjL https://t.co/dB79JrpNp3
— Narendra Modi (@narendramodi) January 4, 2023