Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ ജനുവരി 3നു പ്രധാനമന്ത്രി അഭിസംബോധന ചെയ്യും


108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ (ഐഎസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജനുവരി 3നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. രാവിലെ 10.30നാണു പരിപാടി.

“സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രധാന പ്രമേയം. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, ഇതു നേടിയെടുക്കുന്നതിൽ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യം വഹിക്കും. അധ്യാപനം, ഗവേഷണം, വ്യവസായം എന്നിവയുടെ ഉന്നതതലങ്ങളിൽ സ്ത്രീകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. ഒപ്പം, സ്റ്റെം (STEM- സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം, ഗവേഷണ അവസരങ്ങൾ, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ സ്ത്രീകൾക്കു തുല്യപ്രവേശനം നൽകുന്നതിനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങളും ചർച്ചയാകും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ സ്ത്രീകളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. പ്രശസ്ത വനിതാശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തും.

ഐഎസ്‌സിക്കൊപ്പം മറ്റു നിരവധി പരിപാടികളും സംഘടിപ്പിക്കും. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനായി കുട്ടികളുടെ ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കും. ജൈവ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും യുവാക്കളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിനും കർഷക ശാസ്ത്ര കോൺഗ്രസ് വേദിയൊരുക്കും. ഗിരിവർഗ വനിതകളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതോടൊപ്പം തദ്ദേശീയ പ്രാചീന വിജ്ഞാനസമ്പ്രദായത്തിന്റെയും രീതികളുടെയും ശാസ്ത്രീയ പ്രദർശനത്തിനുള്ള വേദി കൂടിയായ ഗോത്ര ശാസ്ത്ര കോൺഗ്രസും ഇതിനൊപ്പം സംഘടിപ്പിക്കും.

ശാസ്ത്ര കോൺഗ്രസ് ആദ്യമായി നടന്നത് 1914ലാണ്. ഇക്കൊല്ലം ശതാബ്ദി ആഘോഷിക്കുന്ന രാഷ്ട്രസന്ത് തുക്കഡോജി മഹാരാജ് നാഗ്പുർ സർവകലാശാലയിലാണ് ഐഎസ്‌സിയുടെ 108-ാം വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്.

–ND–