Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂർ സംഗായ് മേളയെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു

മണിപ്പൂർ സംഗായ് മേളയെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ മണിപ്പൂർ സംഗായ് മേളയെ അഭിസംബോധനചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായി അറിയപ്പെടുന്ന മണിപ്പൂർ സംഗായ് മേള മണിപ്പൂരിനെ ലോകോത്തര വിനോദസഞ്ചാരകേന്ദ്രമായി ഉയർത്താൻ സഹായിക്കുന്നു. മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന, മണിപ്പൂരിന്റെ സംസ്ഥാനമൃഗമായ, നെറ്റിയിൽ കൊമ്പുള്ളതുപോലുള്ള മാനായ സംഗായിയുടെ പേരിലാണ് ഈ ഉത്സവം അറിയപ്പെടുന്നത്.

മണിപ്പൂർ സംഗായ് മേള വിജയകരമായി സംഘടിപ്പിച്ചതിനു മണിപ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണു മേള സംഘടിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം മേള വലിയതോതിൽ ‌ഒരുക്കിയതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. “മണിപ്പൂർ സംഗായ് മേള മണിപ്പൂരിലെ ജനങ്ങളുടെ മനോഭാവവും അഭിനിവേശവും വെളിവാക്കുന്നു”. ഈ ഉത്സവം സംഘടിപ്പിക്കുന്നതിനുള്ള മണിപ്പൂർ ഗവണ്മെന്റിന്റെയും മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങിന്റെയും ശ്രമങ്ങളെയും സമഗ്ര കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

മണിപ്പൂരിന്റെ സമൃദ്ധമായ പ്രകൃതിഭംഗി, സാംസ്കാരികസമൃദ്ധി, വൈവിധ്യം എന്നിവയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, എല്ലാവരും ഒരിക്കലെങ്കിലും സംസ്ഥാനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കി. വൈവിധ്യമാർന്ന രത്നങ്ങളാൽ നിർമിച്ച മനോഹരമായ മാലയോടു സാദൃശ്യം പുലർത്തുന്ന നാടാണു മണിപ്പൂരെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ മനോഹരമായ മാലപോലെയാണെന്നും അവിടെ ഏവർക്കും ഇന്ത്യയുടെ ചെറുപതിപ്പു കാണാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
 
‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആശയത്തോടെയാണ് ഇന്ത്യ അമൃതകാലത്തു മുന്നേറുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരുമയുടെ ഉത്സവം’ എന്ന സംഗായ് മേളയുടെ പ്രമേയത്തിലേക്കു വെളിച്ചംവീശി, ഈ ഉത്സവത്തിന്റെ വിജയകരമായ സംഘാടനം വരുംനാളുകളിൽ രാജ്യത്തിന് ഊർജത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി പ്രവർത്തിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “മണിപ്പൂരിന്റെ സംസ്ഥാനമൃഗമെന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ധർമത്തിലും വിശ്വാസങ്ങളിലും സംഗായിക്കു സവിശേഷസ്ഥാനമുണ്ട്. സംഗായ് മേള ഇന്ത്യയുടെ ജൈവവൈവിധ്യത്തെയാണ് ആഘോഷിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുമായുള്ള ഇന്ത്യയുടെ സാംസ്കാരിക-ആത്മീയബന്ധത്തെ ഇത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിരമായ ജീവിതശൈലിയിലേക്കുള്ള അത്യന്താപേക്ഷിതമായ സാമൂഹ്യ അവബോധത്തെയാണ് ഉത്സവം പ്രചോദിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. “പ്രകൃതിയെയും ജീവജാലങ്ങളെയും സസ്യങ്ങളെയും നമ്മുടെ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമാക്കുമ്പോൾ, സഹവർത്തിത്വം സ്വാഭാവികമായും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും”- അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനതലസ്ഥാനത്തു മാത്രമല്ല, മണിപ്പൂരിലൊട്ടാകെ സംഗായ് മേള സംഘടിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. നാഗാലാൻഡ് അതിർത്തിമുതൽ മ്യാൻമർ അതിർത്തിവരെയുള്ള ഏകദേശം 14 ഇടങ്ങളിൽ ഉത്സവത്തിന്റെ വ്യത്യസ്തഭാവങ്ങളും വർണങ്ങളും കാണാൻ കഴിയുമെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. അഭിനന്ദനാർഹമായ ഈ സംരംഭത്തെ ശ്ലാഘിച്ച അദ്ദേഹം “ഇത്തരം പരിപാടികൾ കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് എത്തുമ്പോൾ മാത്രമേ അതിന്റെ പൂർണസാധ്യതകൾ തുറന്നുവരൂ” എന്നും വ്യക്തമാക്കി.

പ്രസംഗം ഉപസംഹരിക്കവേ, നമ്മുടെ രാജ്യത്തെ ഉത്സവങ്ങളുടെയും മേളകളുടെയും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അതു നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി. സംഗായ് മേളപോലുള്ള പരിപാടികൾ നിക്ഷേപകർക്കും വ്യവസായങ്ങൾക്കും പ്രധാന ആകർഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഭാവിയിൽ ഈ ഉത്സവം സംസ്ഥാനത്ത് ഉല്ലാസത്തിന്റെയും വികസനത്തിന്റെയും ശക്തമായ മാധ്യമമായി മാറുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

–ND–