Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം


ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജി; കേന്ദ്ര നിയമമന്ത്രി ശ്രീ കിരണ്‍ ജി; ജസ്റ്റിസ് ശ്രീ സഞ്ജയ് കിഷന്‍ കൗള്‍ ജി, ജസ്റ്റിസ് ശ്രീ എസ് അബ്ദുള്‍ നസീര്‍ ജി, നിയമ സഹമന്ത്രി ശ്രീ എസ് പി സിംഗ് ബാഗേല്‍ ജി, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ജി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് ജി,  ജഡ്ജിമാരെ, വിശിഷ്ടാതിഥികളെ, ഇന്ന് ഇവിടെ സന്നിഹിതരായ അതിഥികളെ, മഹതികളെ, മഹാന്‍മാരെ, നമസ്‌കാരം!

ഭരണഘടനാ ദിനത്തില്‍ നിങ്ങള്‍ക്കും എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍! 1949 ലെ ഈ ദിവസമാണ് നമ്മുടെ സ്വതന്ത്ര ഇന്ത്യ അതിന്റെ പുതിയ ഭാവിയുടെ അടിത്തറ പാകിയത്. ഈ വര്‍ഷത്തെ ഭരണഘടനാ ദിനം സവിശേഷമാണ്. കാരണം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ നാമെല്ലാവരും അമൃത മഹോത്സവം ആഘോഷിക്കുകയാണ്.

ബാബാസാഹെബ് അംബേദ്കറെയും ഭരണഘടനാ നിര്‍മ്മാണ സഭയിലെ എല്ലാ അംഗങ്ങളെയും കൂടാതെ ആധുനിക ഇന്ത്യയെ സ്വപ്നം കണ്ട ഭരണഘടനാ നിര്‍മ്മാതാക്കളെയും ഞാന്‍ ആദരപൂര്‍വ്വം നമിക്കുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഭരണഘടനയുടെ വികസനത്തിന്റെയും വിപുലീകരണത്തിന്റെയും യാത്രയില്‍ നിയമസഭ, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവയില്‍ നിന്നുള്ള എണ്ണമറ്റ ആളുകള്‍ സംഭാവന ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം രാജ്യത്തിനുവേണ്ടി എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ഈ അവസരം തേടുന്നു.

സുഹൃത്തുക്കളെ,

ഇന്ന് 26/11. ഈ ദിവസമാണ് മുംബൈ ഭീകരാക്രമണവും നടന്നത്. പതിനാല് വര്‍ഷം മുമ്പ്, ഇന്ത്യ അതിന്റെ ഭരണഘടനയും പൗരന്മാരുടെ അവകാശങ്ങളും ആഘോഷിക്കുമ്പോള്‍, ഇന്ത്യക്കെതിരെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത് മനുഷ്യരാശിയുടെ ശത്രുക്കളാണ്. മുംബൈ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം, അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ, മെച്ചപ്പെട്ട അന്തര്‍ദേശീയ പ്രതിച്ഛായ എന്നിവയ്ക്കിടയില്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ നമ്മില്‍ ഉറപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ കഴിയാതെ ശിഥിലമാകുമെന്ന ആശങ്കകള്‍ പലരും ഉയര്‍ത്തിയിരുന്നു ഈ രാജ്യത്തെക്കുറിച്ച. ഇന്ന് അതേ രാജ്യം അതിന്റെ വൈവിധ്യത്തില്‍ അഭിമാനം കൊള്ളുന്നു. അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് മുന്നേറുകയുമാണ്. നമ്മുടെ ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന അപാരമായ ശക്തി കൊണ്ടാണ് ഇത് സാധ്യമായത്.

നമ്മുടെ ഭരണഘടനയുടെ ആമുഖത്തിന്റെ തുടക്കത്തില്‍ എഴുതിയിരിക്കുന്ന ‘നാം ജനങ്ങള്‍’ എന്ന വാക്കുകള്‍ വെറും മൂന്ന് വാക്കുകളല്ല. ‘ഞങ്ങള്‍ ജനം’ എന്നത് ഒരു ആഹ്വാനമാണ്, പ്രതിജ്ഞയാണ്, ഒരു വിശ്വാസമാണ്! ഭരണഘടനയില്‍ എഴുതിയിരിക്കുന്ന ഈ വാക്കുകള്‍ ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ അടിസ്ഥാന ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. വൈശാലിയിലെ പുരാതന റിപ്പബ്ലിക്കിലും വേദ ശ്ലോകങ്ങളിലും ഇതേ ചൈതന്യം നാം കാണുന്നു.

लोकरंजनम् एव अत्रराज्ञां धर्मः सनातनः।

सत्यस्य रक्षणं चैवव्यवहारस्य चार्जवम्॥

എന്നു മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്.

അതായത്, ജനങ്ങളെയോ പൗരന്മാരെയോ സന്തോഷിപ്പിക്കുക; സത്യവും ലാളിത്യവും ഉയര്‍ത്തിപ്പിടിക്കുക എന്നതായിരിക്കണം ഭരണകൂടത്തിന്റെ മുദ്രാവാക്യം. ആധുനിക സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ എല്ലാ വികാരങ്ങളും ഉള്‍ക്കൊള്ളുന്നു.

ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ രാജ്യം ഈ പുരാതന ആദര്‍ശങ്ങളെയും ഭരണഘടനയുടെ ആത്മാവിനെയും തുടര്‍ച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇന്ന്, ജനപക്ഷ നയങ്ങളുടെ ശക്തിയാല്‍, രാജ്യത്തെ പാവപ്പെട്ടവരും അമ്മമാരും സഹോദരിമാരും ശാക്തീകരിക്കപ്പെടുന്നു. ഇന്ന് സാധാരണക്കാര്‍ക്കായി നിയമങ്ങള്‍ ലളിതമാക്കുകയാണ്. നമ്മുടെ ജുഡീഷ്യറിയും സമയോചിതമായ നീതിക്കായി അര്‍ഥവത്തായ നിരവധി നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്നും സുപ്രീം കോടതി ആരംഭിച്ച ഇ-സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ തുടക്കത്തിനും ‘നീതി ലഭിക്കുന്നത് എളുപ്പമാക്കുക’ എന്നതിനായുള്ള ശ്രമങ്ങള്‍ക്കും ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
ഇത്തവണ ആഗസ്ത് 15ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്നുള്ള ‘ചുമതല’കള്‍ക്ക് ഞാന്‍ ഊന്നല്‍ നല്‍കിയിരുന്നു. ഇത് നമ്മുടെ ഭരണഘടനയുടെ തന്നെ ആത്മാവിന്റെ മൂര്‍ത്തീഭാവമാണ്. മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു, ‘നമ്മുടെ അവകാശങ്ങളാണ് യഥാര്‍ത്ഥമായ സമഗ്രതയോടും അര്‍പ്പണബോധത്തോടും കൂടി നാം നിറവേറ്റുന്ന കടമകള്‍’ എന്ന്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത 25 വര്‍ഷത്തേക്കുള്ള പ്രയാണം ആരംഭിക്കുന്ന ‘അമൃതകാല’ത്തില്‍, ഭരണഘടനയുടെ ഈ മന്ത്രം രാജ്യത്തിന്റെ ദൃഢനിശ്ചയമായി മാറുകയാണ്.

‘സ്വാതന്ത്ര്യത്തിന്റെ അമൃതകാല’ത്തിന്റെ ഈ കാലഘട്ടം രാജ്യത്തിന് ‘കര്‍ത്തവ്യകാല’മാണ്. അത് വ്യക്തികളായാലും സംഘടനകളായാലും, നമ്മുടെ ഉത്തരവാദിത്തങ്ങള്‍ക്കാണ് ഇന്ന് നമ്മുടെ മുന്‍ഗണന. നമ്മുടെ കടമകളുടെ പാതയിലൂടെ നടന്നാല്‍ മാത്രമേ നമുക്ക് രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. ഇന്ന് ഇന്ത്യക്ക് മുന്നില്‍ പുതിയ അവസരങ്ങളുണ്ട്, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യ മുന്നേറുകയാണ്.

ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യക്കു ജി-20 അധ്യക്ഷസ്ഥാനവും ലഭിക്കാന്‍ പോകുന്നു. ഇതൊരു വലിയ അവസരമാണ്. ടീം ഇന്ത്യ എന്ന നിലയില്‍, ലോകത്തില്‍ ഇന്ത്യയുടെ യശസ്സ് വര്‍ധിപ്പിക്കുകയും ഇന്ത്യയുടെ സംഭാവനകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യാം. ഇത് നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്തം കൂടിയാണ്. ജനാധിപത്യത്തിന്റെ മാതാവ് എന്ന ഇന്ത്യയുടെ സ്വത്വം നാം ശക്തിപ്പെടുത്തേണ്ടതുണ്ട്.

സുഹൃത്തുക്കളെ,
നമ്മുടെ ഭരണഘടനയ്ക്കു മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്നത്തെ യുവ ഇന്ത്യയില്‍ അത് കൂടുതല്‍ പ്രസക്തമായി. നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ തുറന്നതും ഭാവിയിലേക്കുകൂടിയുള്ളതും ആധുനിക കാഴ്ചപ്പാടിന് പേരുകേട്ടതുമായ ഒരു ഭരണഘടനയാണ് നമുക്ക് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും നമ്മുടെ ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണ്.

ഇന്ന്, അത് സ്‌പോര്‍ട്‌സോ സ്റ്റാര്‍ട്ടപ്പുകളോ വിവരസാങ്കേതികവിദ്യയോ ഡിജിറ്റല്‍ പണമിടപാടുകളോ ആകട്ടെ, ഇന്ത്യയുടെ വികസനത്തിന്റെ എല്ലാ മേഖലകളിലും യുവശക്തി അതിന്റെ മുദ്ര പതിപ്പിക്കുന്നു. നമ്മുടെ ഭരണഘടനയുടെയും സ്ഥാപനങ്ങളുടെയും ഭാവിയുടെ ഉത്തരവാദിത്തം ഈ ചെറുപ്പക്കാരുടെ ചുമലിലാണ്.

അതിനാല്‍, ഭരണഘടനാ ദിനമായ ഇന്ന്, രാജ്യത്തെ ഗവണ്‍മെന്റ്, ജുഡീഷ്യറി സ്ഥാപനങ്ങളോട് ഒരു അഭ്യര്‍ത്ഥന കൂടി നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണഘടനാ വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഭാഗമാകേണ്ടത് ആവശ്യമാണ്. നമ്മുടെ യുവജനങ്ങള്‍ ഈ വിഷയങ്ങളിലെല്ലാം ബോധവാന്മാരായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ ഭരണഘടന രൂപീകരിക്കുന്ന കാലത്തെ ഭരണഘടനാ അസംബ്ലിയുടെ ചര്‍ച്ചകളും അക്കാലത്തു രാജ്യത്തിന് മുമ്പിലുള്ള സാഹചര്യങ്ങളും മനസ്സിലാക്കിയിരിക്കണം. ഇത് ഭരണഘടനയോടുള്ള അവരുടെ താല്‍പര്യം വര്‍ധിപ്പിക്കും. ഇതു സമത്വം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ മനസ്സിലാക്കാനുള്ള കാഴ്ചപ്പാട് യുവാക്കള്‍ക്കിടയില്‍ സൃഷ്ടിക്കും.

ഉദാഹരണത്തിന്, നമ്മുടെ ഭരണഘടനാ അസംബ്ലിയില്‍ 15 വനിതാ അംഗങ്ങളുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു ‘ദാക്ഷായണി വേലായുധന്‍’, സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും നിരാലംബരുമായ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ. ദളിതരുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അവര്‍ സുപ്രധാനമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ദുര്‍ഗ്ഗാഭായ് ദേശ്മുഖ്, ഹന്‍സ മേത്ത, രാജ്കുമാരി അമൃത് കൗര്‍ തുടങ്ങി നിരവധി വനിതാ അംഗങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. അവരുടെ സംഭാവന വളരെ അപൂര്‍വമായി മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ.

അത്തക്കാരെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. ഇതിന്റെ ഫലമായി ഭരണഘടനയോടുള്ള ആദരവ് നമ്മുടെ ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും നമ്മുടെ രാജ്യത്തിന്റെ ഭാവിയെയും ശക്തിപ്പെടുത്തും. ഈ ‘സ്വാതന്ത്ര്യത്തിന്റെ അമൃതകാല’ത്തില്‍ ഇതും രാജ്യത്തിന്റെ നിര്‍ണായകമായ ആവശ്യമാണ്. ഭരണഘടനാ ദിനം ഈ ദിശയിലുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈ ബോധ്യത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

 

–ND–