നമസ്കാരം!
വെല്ലുവിളികൾ നിറഞ്ഞ ആഗോളാന്തരീക്ഷത്തിൽ ജി-20നെ ഫലപ്രദമായി നയിക്കുന്നതിന്, പ്രസിഡന്റ് ജോക്കോ വിഡോഡോയ്ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കാലാവസ്ഥാവ്യതിയാനം, കോവിഡ് മഹാമാരി, യുക്രൈൻ സംഭവവികാസങ്ങൾ, അതുമായി ബന്ധപ്പെട്ട ആഗോളപ്രശ്നങ്ങൾ ഇവയെല്ലാംചേർന്നു ലോകത്തു നാശംവിതച്ചു. ആഗോളവിതരണശൃംഖലകൾ തകർന്ന നിലയിലാണ്. ലോകമെമ്പാടും അടിസ്ഥാന-അവശ്യവസ്തുക്കളുടെ പ്രതിസന്ധി അനുഭവപ്പെടുന്നു. എല്ലാ രാജ്യത്തെയും പാവപ്പെട്ട ജനങ്ങൾ നേരിടുന്ന വെല്ലുവിളി കൂടുതൽ രൂക്ഷമാണ്. ദൈനംദിനജീവിതം ഇപ്പോൾത്തന്നെ അവർക്കു പോരാട്ടമാണ്. മറ്റൊരു ദുരിതംകൂടി താങ്ങാനുള്ള സാമ്പത്തികശേഷി ഇവർക്കില്ല. അത്തരത്തിൽ അമിതഭാരം വന്നതോടെ, അതു കൈകാര്യംചെയ്യാനുള്ള സാമ്പത്തികശേഷിയില്ലാത്തത് അവരെ ബാധിച്ചിട്ടുണ്ട്. യുഎൻപോലുള്ള ബഹുമുഖസ്ഥാപനങ്ങൾ ഈ വിഷയങ്ങളിൽ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാനും നാം മടിക്കേണ്ടതില്ല. അക്കാര്യങ്ങളിൽ അനുയോജ്യമായ പരിഷ്കരണങ്ങൾ വരുത്തുന്നതിൽ നാമെല്ലാം പരാജയപ്പെട്ടു. അതിനാൽ, ജി-20ൽനിന്നു ലോകത്തിനിന്ന് ഏറെ പ്രതീക്ഷകളുണ്ട്. നമ്മുടെ സംഘത്തിന്റെ പ്രസക്തി കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ബഹുമാന്യരേ,
യുക്രൈനിൽ വെടിനിർത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്കു മടങ്ങാനുള്ള വഴി കണ്ടെത്തണമെന്നു ഞാൻ ആവർത്തിച്ചു പറഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ, രണ്ടാം ലോകമഹായുദ്ധം ലോകത്തു നാശംവിതച്ചു. അതിനുശേഷം സമാധാനത്തിന്റെ പാത സ്വീകരിക്കാൻ അന്നത്തെ നേതാക്കൾ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ്. കോവിഡിനുശേഷമുള്ള കാലഘട്ടത്തിൽ പുതിയ ലോകക്രമം സൃഷ്ടിക്കാനുള്ള ചുമതല നമുക്കാണ്. ലോകത്തു സമാധാനവും ഐക്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കരുത്തുറ്റതും കൂട്ടായതുമായ ദൃഢനിശ്ചയം കാട്ടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ബുദ്ധന്റെയും ഗാന്ധിയുടെയും പുണ്യഭൂമിയിൽ അടുത്തവർഷം ജി-20 സമ്മേളിക്കുമ്പോൾ, ലോകത്തിനു സമാധാനത്തിന്റെ കരുത്തുറ്റ സന്ദേശം നൽകാൻ നാമെല്ലാവരും കൈകോർക്കുമെന്ന് എനിക്കുറപ്പുണ്ട്.
ബഹുമാന്യരേ,
മഹാമാരിക്കാലത്ത്, 1.3 ബില്യൺ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഇന്ത്യ ഉറപ്പാക്കി. അതോടൊപ്പം, സഹായംവേണ്ട പല രാജ്യങ്ങളിലും ഭക്ഷ്യധാന്യങ്ങൾ വിതരണംചെയ്തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇപ്പോഴുള്ള രാസവളക്ഷാമവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ രാസവളക്ഷാമം നാളത്തെ ഭക്ഷ്യപ്രതിസന്ധിയാണ്. അതിനു ലോകത്തിൽ പരിഹാരമേതുമില്ല. വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വിതരണശൃംഖല സുസ്ഥിരവും ഉറപ്പുമുള്ളതുമായി നിലനിർത്താൻ നാം പരസ്പരധാരണയുണ്ടാക്കേണ്ടതുണ്ട്. ഇന്ത്യയിൽ, സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്ക്കായി, ഞങ്ങൾ പ്രകൃതിദത്തകൃഷി പ്രോത്സാഹിപ്പിക്കുകയും ചെറുകിടധാന്യങ്ങൾ പോലുള്ള പോഷകസമൃദ്ധവും പരമ്പരാഗതവുമായ ഭക്ഷ്യധാന്യങ്ങൾ വീണ്ടും ജനപ്രിയമാക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ പോഷകാഹാരക്കുറവും വിശപ്പും പരിഹരിക്കാനും ഈ ധാന്യങ്ങൾക്കു കഴിയും. അടുത്ത വർഷം നാമെല്ലാവരും അന്താരാഷ്ട്ര ചെറുകിട ധാന്യവർഷം വലിയ ആവേശത്തോടെ ആഘോഷിക്കേണ്ടതുണ്ട്.
ബഹുമാന്യരേ,
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായതിനാൽ ഇന്ത്യയുടെ ഊർജസുരക്ഷയും ആഗോളവളർച്ചയ്ക്കു പ്രധാനമാണ്. ഊർജവിതരണത്തിലെ നിയന്ത്രണങ്ങളൊന്നും നാം പ്രോത്സാഹിപ്പിക്കരുത്. ഊർജവിപണിയിൽ സ്ഥിരത ഉറപ്പാക്കണം. ശുദ്ധമായ ഊർജത്തിനും പരിസ്ഥിതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030 ആകുമ്പോഴേക്കും ഞങ്ങളുടെ വൈദ്യുതിയുടെ പകുതിയും പുനരുൽപ്പാദകസ്രോതസുകളിൽനിന്നാകും ഉൽപ്പാദിപ്പിക്കപ്പെടുക. വികസ്വരരാജ്യങ്ങൾക്കു സമയബന്ധിതവും താങ്ങാനാകുന്നതുമായ സാമ്പത്തികപിന്തുണയും സാങ്കേതികവിദ്യയുടെ സുസ്ഥിരവിതരണവും, എല്ലാമേഖലയും ഉൾക്കൊള്ളുന്ന ഊർജസംക്രമണത്തിന് അത്യന്താപേക്ഷിതമാണ്.
ബഹുമാന്യരേ,
ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനത്തുള്ള കാലയളവിൽ, ഈ വിഷയങ്ങളിലെല്ലാം ആഗോള സമവായത്തിനായി ഞങ്ങൾ പ്രവർത്തിക്കും.
നന്ദി.
–ND–
At the @g20org Summit this morning, spoke at the session on Food and Energy Security. Highlighted India’s efforts to further food security for our citizens. Also spoke about the need to ensure adequate supply chains as far as food and fertilisers are concerned. pic.twitter.com/KmXkeVltQo
— Narendra Modi (@narendramodi) November 15, 2022
In India, in order to further sustainable food security, we are emphasising on natural farming and making millets, along with other traditional food grains, more popular. Also talked about India’s strides in renewable energy.
— Narendra Modi (@narendramodi) November 15, 2022