Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്


ന്യൂഡല്‍ഹി :   പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ രാഹുല്‍ ജോഷി നടത്തിയ സമഗ്രമായ അഭിമുഖത്തില്‍ രാഷ്ട്രീയം, സാമ്പത്തികം, ദളിതര്‍ക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളുടെ പേരില്‍ ഗവണ്‍മെന്‍റ് നേരിട്ട വിമര്‍ശനങ്ങള്‍, വോട്ട്ബാങ്ക് രാഷ്ട്രീയം, ജാതീയത തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് പുറമെ, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലി, ഉറച്ച വിശ്വാസങ്ങള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള ചോദ്യങ്ങളും കടന്നു വന്നു.

ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിന്‍റെ സംശോധനം ചെയ്ത മലയാളത്തിലുള്ള പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

ചോദ്യം :   നെറ്റ് വര്‍ക്ക് 18 ന് ഈ അഭിമുഖം അനുവദിച്ചതിന് അങ്ങേയ്ക്ക് ആദ്യമേ തന്നെ നന്ദി പറയട്ടെ. രണ്ട് വര്‍ഷം മുമ്പ്, മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും നിര്‍ണായകവും ചരിത്രപരവുമായ ജനവിധിയിലൂടെയാണ് അങ്ങയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അങ്ങ് എങ്ങനെ നോക്കിക്കാണുന്നു ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിന്‍റെ സംശോധനം ചെയ്ത മലയാളത്തിലുള്ള പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

? ഒപ്പം അങ്ങയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്നാണ് അങ്ങ് കരുതുന്നത്. ?

പ്രധാനമന്ത്രി മോദി :    പ്രധാനമന്ത്രിയുടെ ചുമതലകള്‍ ഏറ്റെടുത്തിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനങ്ങള്‍ നിരന്തരം ഗവണ്‍മെന്‍റുകളെ വിലയിരുത്തുന്നു. മാധ്യമങ്ങളും വിലയിരുത്തുന്നു. ഇന്നത്തെ കാലത്ത് പ്രൊഫഷണല്‍ സര്‍വ്വെ ഏജന്‍സികളും ഇത് ചെയ്യുന്നുണ്ട്. അത് ഒരു നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് എന്‍റെ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ഞാന്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത്.

പക്ഷെ എപ്പോഴൊക്കെ എന്‍റെ ഗവണ്‍മെന്‍റ് വിലയിരുത്തപ്പെടുന്നുവോ അപ്പോഴൊക്കെ, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഗവണ്‍മെന്‍റിന്‍റെ സ്ഥിതിയും രാജ്യത്തിന്‍റെ സ്ഥിതിയും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതും വിലയിരുത്തപ്പെടണം. അത് മനസില്‍ വച്ചാല്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത് അഴിമതിയെ കുറിച്ചുള്ള വാര്‍ത്തകളും നൈരാശ്യവും …. ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാം മുങ്ങിപോയതായി അവര്‍ കരുതിയിരുന്നു

ഡോക്ടര്‍ എത്ര തന്നെ മിടുക്കനായിരുന്നാലും ആശയറ്റ ഒരു രോഗിയെ മരുന്നുകള്‍ സുഖപ്പെടുത്തില്ല. എന്നാല്‍ രോഗി പ്രതീക്ഷാനിര്‍ഭരന്‍ ആണെങ്കില്‍ ഒരു ശരാശരി ഡോക്ടര്‍ക്കും അയാളെ സുഖപ്പെടുത്താം. അതിന് കാരണം രോഗിയുടെ ഉള്ളിലെ വിശ്വാസമാണ്.

രാജ്യത്ത് നിലനിന്നിരുന്ന നിരാശയുടെ അന്തരീക്ഷം മാറ്റി പ്രതീക്ഷയും വിശ്വാസവും സൃഷ്ടിക്കുക എന്നതിനായിരുന്നു ഗവണ്‍മെന്‍റ് രൂപീകരണത്തിന് ശേഷം എന്‍റെ പ്രഥമ മുന്‍ഗണന. അത് പ്രസംഗത്തിലൂടെ സംഭവിക്കില്ല. അതിനായി ഉറച്ച ചുവടുവയ്പ്പുകള്‍ കൈക്കൊള്ളേണ്ടതുണ്ട്, മാത്രവുമല്ല നടന്നതായി കാണിക്കുകയും വേണം. രണ്ട് വര്‍ഷത്തിനിപ്പുറം ഇന്ന് എനിക്ക് ഉറപ്പോടെ പറയാന്‍ കഴിയും ഈ രാജ്യത്തെ ജനങ്ങളില്‍ മാത്രമല്ല, ഇന്ത്യയെ കുറിച്ച് മൊത്തം ലോകത്തിനുള്ള പ്രതീക്ഷയും വിശ്വാസവും വളര്‍ന്നിരിക്കുന്നു. നമ്മെ ഒരു മുങ്ങുന്ന കപ്പലായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ബ്രിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ”I” ചാഞ്ചാടുന്നതായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നാകട്ടെ പ്രകാശമാനമായ ഒരു ബിന്ദു ഉണ്ടങ്കില്‍ അത് ഇന്ത്യയാണെന്ന് പറയുന്നു. വിലയിരുത്തലിന് ഇത് തന്നെ നല്ലൊരു വഴിയാണെന്ന് ഞാന്‍ കരുതുന്നു.

modi_42-750x500 [ PM India 66KB ]

ചോദ്യം :  വികസനത്തിന്‍റെ വിഷയത്തിലാണ് താങ്കള്‍ അധികാരത്തിലേറിയത്, അതുകൊണ്ട് സമ്പദ്ഘടനയെ കുറിച്ച് ഒരു ചോദ്യം. വളരെയേറെ ശ്രമങ്ങള്‍ക്ക് ശേഷമാണ് ജി.എസ്.റ്റി. ബില്‍ പാസ്സാക്കിയതില്‍ അങ്ങ് വിജയം കൈവരിച്ചത്. ഇത് എത്ര വലിയ വിജയമായി അങ്ങ് കാണുന്നു ? സാധാരാണക്കാരന് ഇത് കൊണ്ട് എന്താണ് നേട്ടം ?.

പ്രധാനമന്ത്രി മോദി :    ഇന്ത്യ സ്വതന്ത്രയായതിനുശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്ക്കാരമാണിത്. ഈ പരിഷ്ക്കാരം ഇന്ത്യയില്‍ വലിയ മാറ്റം കൊണ്ടുവരും. ഈ രാജ്യത്ത് വളരെ കുറച്ച് പേര്‍ മാത്രമേ നികുതി ഒടുക്കുന്നുള്ളു. ചിലര്‍ രാജ്യസ്നേഹികളായത് കൊണ്ട് രാജ്യത്തിന് എന്തെങ്കിലും ചെയ്യണമെന്നതിനാലാണ് നികുതി ഒടുക്കുന്നത്. മറ്റു ചിലര്‍ നികുതി നല്‍കുന്നത് നിയമ ലംഘനം നടത്തേണ്ടെന്ന് കരുതിയാണ്. കുഴപ്പങ്ങള്‍ ഒഴുവാക്കാനായി ചിലര്‍ നികുതി ഒടുക്കുന്നു. നികുതി ഒടുക്കല്‍ പ്രക്രിയ സങ്കീര്‍ണമായതിനാലാണ് പലരും നികുതി കൊടുക്കാത്തത്. ഈ പ്രക്രിയയില്‍ പെട്ടുപോകുമെന്നും അതില്‍നിന്ന് പുറത്ത് വരാന്‍ കഴിയില്ലെന്നും അവര്‍ കരുതുന്നു. നികുതി ഒടുക്കലിനെ ജി.എസ്.റ്റി. ലളിതമാക്കുന്നു. രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യണമെന്ന് ആര് ആഗ്രഹിക്കുന്നവോ അവരെ മുന്നോട്ട് വരാന്‍‌ അത് പ്രേരിപ്പിക്കും.

രണ്ടാമതായി നിങ്ങള്‍ ഏതെങ്കിലും ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ അവിടെ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന ബില്ല് ഈ സെസ്സ് ഉള്‍പ്പെടെയുള്ളതാകും. ബില്ലിലെ തുകയെ കുറിച്ചും സെസ്സിനെ കുറിച്ചും ജനങ്ങള്‍ വാട്ട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഇതെല്ലാം അവസാനിക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ചുങ്കം പിരിക്കുന്ന ചെക്ക്പോസ്റ്റുകളിലും മൈലുകളോളം നീളത്തില്‍ വാഹനങ്ങള്‍ കിടക്കുന്നത് നമ്മുടെ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വാഹനങ്ങള്‍ കിടക്കുന്നത് രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ബാധിക്കും. എന്നാല്‍ ഇനി മുതല്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്കുള്ള ചരക്ക് നീക്കം ഇടതടവില്ലാതെ നടക്കും. നികുതി സംവിധാനങ്ങളും ലഘൂകരിക്കപ്പെടും. ഇതുവഴിയുണ്ടാകുന്ന ആദായം സാധാരണക്കാര്‍ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല രാജ്യത്തിന്‍റെ വികസനത്തെയും സഹായിക്കും. ഇന്ന് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിശ്വാസ രാഹിത്യത്തിന്‍റെ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് ആ സ്ഥിതിക്ക് അറുതി വരുത്തികൊണ്ട് സുതാര്യമായ നടപടികളിലൂടെ ഫെഡറല്‍ ഘടനയ്ക്ക് ശക്തി പകരും.

ചോദ്യം :   അധികാരത്തില്‍ വന്നപ്പോള്‍ അങ്ങയുടെ ഏറ്റവും വലിയ വെല്ലുവിളി സമ്പദ്ഘടനയായിരുന്നു. അതിനെ ശരിയായ മാര്‍ഗ്ഗത്തില്‍ എത്തിക്കുക മാത്രമല്ല വളര്‍ച്ചയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുകയെന്നതും അങ്ങേയ്ക്ക് മുന്നിലുള്ള ദൗത്യമായിരുന്നു. അങ്ങ് ഇത് എങ്ങനെ പരിഹരിച്ചു ?.

പ്രധാനമന്ത്രി മോദി :    താങ്കള്‍ പറഞ്ഞത് ശരിയാണ്. നിഷേധാത്മകമായ ഒരു അന്തീക്ഷം ഉണ്ടായിരുന്നു. രാജ്യത്തെ വ്യാപാരികളും വ്യവസായികളും പുറത്തേയ്ക്ക് നോക്കാന്‍‌ തുടങ്ങിയിരുന്നു. ഗവണ്‍മെന്‍റിന് തളര്‍വാതം പിടിപെട്ടിരുന്നു. ഒരു വശത്ത് ഇതായിരുന്നു സ്ഥിതി. മറുവശത്ത് തുടര്‍ച്ചയായ രണ്ട് വരള്‍ച്ചകളെ നമുക്ക് നേരിടേണ്ടി വന്നു. മൂന്നാമതായി ആഗോള സാമ്പത്തിക രംഗത്ത് ഒരു മാന്ദ്യമുണ്ടായി. അത്തരത്തില്‍ വെല്ലുവിളികളുടെ ഒരു പരമ്പര തന്നെയായിരുന്നു. ഞങ്ങള്‍ അധികാരമേറ്റയുടനെ മാത്രമായിരുന്നില്ലത്. പക്ഷേ ഞങ്ങളുടെ ലക്ഷ്യം കരുത്തുറ്റതും നയങ്ങള്‍ വ്യക്തവുമായിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ നിശ്ചയദാര്‍ഢ്യവുമുണ്ടായിരുന്നു. ഇതിന്‍റെ ഫലമായുള്ള അനുകൂല സ്ഥിതി വളരെ വേഗത്തില്‍ പരന്നു.

ഇന്ന് നമുക്ക് സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന തോതിലുള്ള വിദേശ നിക്ഷേപമുണ്ട്. ലോകം മൊത്തത്തില്‍ പറയുന്നു 7 ശതമാനം വളര്‍ച്ചാ നിരക്കില്‍ നമ്മുടെതാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന്. ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ക്രെഡിറ്റ് ഏജന്‍സികളും എന്തിനേറെ, ഐക്യരാഷ്ട്ര ഏജന്‍സികള്‍ പോലും പറയുന്നത് ഇന്ത്യയുടെ വളര്‍ച്ച ദ്രുതഗതിയിലാണെന്നാണ്.

അതിനാല്‍ വളര്‍‌ച്ചയെ സഹായിക്കുന്ന നയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. നയങ്ങളുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീക്കി കഴിഞ്ഞു. സമ്പദ്ഘടന ത്വരിതപ്പെടുത്തുന്നതിന് ഇതെല്ലാം വഴിവച്ചു. ഇക്കുറി നല്ല മഴ ലഭിച്ചുവെന്നത് സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതില്‍ പ്രധാന ശക്തിയായ കൃഷിയെ സഹായിക്കും. വരുന്ന നാളുകള്‍ ഏറെ മെച്ചപ്പെട്ടതായിരിക്കും എന്ന പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.

സാധാരണ ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രം പറയുന്നിടത്ത്, ഇന്ന് എല്ലാ മേഖലകളിലും വളര്‍ച്ചയെ കുറിച്ചാണ് പറയുന്നത്. വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിച്ചതോടെ ആവശ്യവും കൂടി. അടിസ്ഥാന സൗകര്യ ജോലികളും ദ്രുതഗതിയില്‍ വളരുകയാണ്. സമ്പദ്ഘടനയില്‍ ഡിമാന്‍റ് ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഇതില്‍ നിന്നെല്ലാം കാണുന്നത് മെച്ചപ്പെട്ട നാളുകളിലേയ്ക്ക് നാം നീങ്ങിക്കഴിഞ്ഞുവെന്നാണ് .

modi-joshi-750x500 [ PM India 78KB ]

ചോദ്യം :   കാലവര്‍ഷം വളരെ പ്രോത്സാഹജനകമാണെന്ന് അങ്ങ് പറഞ്ഞത് തികച്ചു ശരിയാണ്. ഓഹരി വിപണികളിലും മുന്നേറ്റമുണ്ടായി. പരിഷ്ക്കരണങ്ങളുടെ അടുത്ത ഘട്ടമെന്തായിരിക്കുമെന്ന് ദയവായി അങ്ങേയ്ക്ക് പറയാമോ ?

പ്രധാനമന്ത്രി മോദി :    ഒന്നാമതായി നമ്മുടെ രാജ്യത്തെ ചര്‍ച്ചചെയ്യപ്പെടുന്നത്  മാത്രമേ പരിഷ്ക്കാരമായി കാണുകയുള്ളു. ചര്‍ച്ച ചെയ്തില്ലെങ്കില്‍ അതിനെ പരിഷ്ക്കാരമായി കാണില്ല. നമ്മുടെ അജ്ഞതയെയാണ് ഇത് കാണിക്കുന്നത്. വാസ്തവത്തില്‍ എന്‍റെ കാഴ്ചപാട് പരിവര്‍ത്തനത്തിന് വേണ്ടിയാകണം പരിഷ്ക്കാരങ്ങള്‍ എന്നതാണ്. ഞാന്‍ പറയുന്നത് എന്‍റെ ഗവണ്‍മെന്‍റ് പരിഷ്ക്കാരത്തിനും പ്രവര്‍ത്തനത്തിനും പരിവര്‍ത്തനത്തിനും വേണ്ടിയുള്ളതാണ്. ഒരു അഭിമുഖത്തിനിരിക്കുന്നതിനാല്‍ ഞാന്‍ പറയും പരിഷ്ക്കരിക്കുക, പ്രവര്‍ത്തിപ്പിക്കുക, ഒപ്പം അറിവ് പകരുക.

സുഗമമായി ബിസിനസ്സ് നടത്തേണ്ടതിന്‍റെ കാര്യം നോക്കൂ. നമ്മുടെ റാങ്ക് നില വളരെ വേഗത്തില്‍ മെച്ചപ്പെടുകയാണ്. പരിഷ്ക്കാരമില്ലാതെ ഇത് സാധ്യമല്ല. നമ്മുടെ സംവിധാനങ്ങള്‍, നടപടിക്രമങ്ങള്‍, അപേക്ഷാ ഫോറങ്ങള്‍ എല്ലാം വളരെ സങ്കീര്‍ണമായിരുന്നു. അവയൊക്കെ പരിഷ്ക്കരിച്ചപ്പോള്‍ നമ്മുടെ റാങ്കിംഗ് മുകളിലേയ്ക്ക് ഉയര്‍ന്നു. പത്തില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷം കൊണ്ട് നാം മൂന്നാം സ്ഥാനത്തേയ്ക്ക് എത്തുമെന്ന് ഒരു യു.എന്‍. ഏജന്‍സി പറഞ്ഞിട്ടുണ്ട്. ഇത്തരം ചെറിയ കാര്യങ്ങള്‍ മെച്ചപ്പെടുത്തണം. ചില മേഖലകളില്‍ ഇന്നും ലൈസന്‍സ് രാജ് നിലനില്‍ക്കുന്നു. ഇത് മാറ്റുകതന്നെ വേണം. ഭരണം, ഭരണനിര്‍വ്വഹണം, നിയമം തുടങ്ങി എല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പരിഷ്ക്കാരങ്ങളാണിത്.

ഉദാഹരണത്തിന് പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകള്‍ മുതല്‍ നിലനിന്നുപോന്നിരുന്ന 1700 നിയമങ്ങള്‍ നാം നീക്കം ചെയ്തു കഴിഞ്ഞു. സംസ്ഥാനങ്ങളോടും ഇപ്രകാരം ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം വലിയ പരിഷ്ക്കരണങ്ങളാണ്. എന്നാല്‍ അജ്ഞത മൂലം ജനങ്ങള്‍ ഇവയൊന്നും പരിഷ്ക്കരണങ്ങളായി കാണുന്നില്ല. വിദ്യാഭ്യാസ രംഗത്ത് ആരും ശ്രദ്ധകൊടുക്കാതിരുന്ന ഒരു പ്രധാന ചുവട് വയ്പ്പ് ഞങ്ങള്‍ നടത്തിയിട്ടുണ്ട്. സര്‍വ്വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍റെ ചട്ടങ്ങളില്‍ നിന്നും 10 ഗവണ്‍മെന്‍റ് സര്‍വ്വകലാശാലകളെയും 10 സ്വകാര്യ സര്‍വ്വകലാശാലകളെയും വിമുക്തമാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അവര്‍ക്ക് പണം നല്‍കും. അവര്‍ ലോക നിലവാരമുള്ള സര്‍വ്വകലാശാലകളിലേയ്ക്ക് ഉയരണം. ചട്ടങ്ങളാണ് അവര്‍ക്ക് തടസമാകുന്നതെങ്കില്‍ അവ നമ്മള്‍ മാറ്റി കഴിഞ്ഞു. ഇനി അവര്‍ പ്രവര്‍ത്തിച്ചു കാണിക്കുകയാണ് വേണ്ടത്. ഇതൊരു സുപ്രധാന പരിഷ്ക്കരണമാണെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഒരു വലിയ പരിഷ്ക്കരണമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പണം മുമ്പ് എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിന്നതെന്ന് ആര്‍ക്കറിയാം. ?. ഇപ്പോള്‍ അത് ഡി.ബി.റ്റി. വഴി അയയ്ക്കുകയാണ്. അതുപോലെ തന്നയാണ് ഗ്യാസ് സബ്സിഡി തുകയും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകകളും. എന്നെ സംബന്ധിച്ച് ഭരണനിര്‍വ്വഹണത്തിലും സുതാര്യതയിലുമുള്ള പരിഷ്ക്കരണങ്ങളാണിവ. നാം കൂടുതല്‍ സാങ്കേതിക വിദ്യയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഇവയൊക്കെ വന്‍തോതില്‍ നടപ്പിലാക്കേണ്ടതുണ്ട്. സാധാരണക്കാരനാണ് ഇതിന്‍റെയൊക്കെ കേന്ദ്ര ബിന്ദു. സാധാരണക്കാരന് അവന്‍റെ ജീവിതം എങ്ങനെ സുഖപ്രദമാക്കാം, അവര്‍ക്ക് അര്‍ഹതപ്പെട്ടത് അവര്‍ക്ക് എങ്ങനെ ലഭ്യമാക്കാം, ഞങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടത് ഇവയ്ക്കൊക്കെയാണ്.

ചോദ്യം :   സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും സമ്പദ്ഘടനയിലെ സ്വകാര്യ നിക്ഷേപം ഇപ്പോഴും വേണ്ടത്ര താല്‍പര്യമില്ലാത്ത മട്ടിലാണ്. റിയല്‍ എസ്റ്റേറ്റ് പോലുള്ള മേഖലകള്‍ ഇപ്പോഴും കുഴപ്പത്തിലാണ്. സ്റ്റാര്‍ട്ട് അപ്പുകളും വെന്‍ച്ച്വര്‍ കാപ്പിറ്റല്‍ ധനസഹായവും കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ സ്വകാര്യ വ്യവസായങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും എന്ത് സന്ദേശം നല്‍കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

പ്രധാനമന്ത്രി മോദി :    ഇന്ന് എനിക്ക് തോന്നുന്നത്, ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ഒരു ധവളപത്രം ഞാന്‍ പാര്‍ലമെന്‍റില്‍ വയ്ക്കണമായിരുന്നുവെന്നാണ്. അന്നും എനിക്ക് ആ ചിന്തയുണ്ടായിരുന്നു. രണ്ട് മാര്‍ഗ്ഗങ്ങളാണ് എനിക്ക് മുമ്പിലുണ്ടായിരുന്നത്. എല്ലാ വിശദാംശങ്ങളും ഉറപ്പാക്കണമെന്ന് രാഷ്ട്രീയം എന്നോട് പറഞ്ഞു. പക്ഷെ രാജ്യതാല്‍പര്യം എന്നോട് പറഞ്ഞത് ഈ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് നിരാശാ ബോധം വര്‍ദ്ധിപ്പിക്കാനും വിപണികളെ പ്രതികൂലമായി ബാധിക്കാനും, സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കാനും ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപാട് കൂടുതല്‍ മോശമാക്കാനും മാത്രമേ സഹായിക്കൂവെന്നാണ്. അപ്രകാരം ചെയ്തിരുന്നവെങ്കില്‍ സമ്പദ്ഘടനയെ അതില്‍ നിന്ന് രക്ഷപ്പെടുത്തുക വളരെ പ്രയാസമേറിയത് ആകുമായിരുന്നു. രാഷ്ട്രീയമായി നഷ്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടുകൂടി രാജ്യ താല്‍പര്യം കരുതി ഞാന്‍ നിശബ്ദത പാലിച്ചു. ആ സമയത്ത് പൊതുമേഖലാ ബാങ്കുകളിലെ സ്ഥിതിഗതികള്‍ പുറത്തു വരുന്നുണ്ടായിരുന്നു. ഇവ ഞാന്‍ പൊതുജന സമക്ഷം സമര്‍പ്പിച്ചില്ല. അത് ഞങ്ങള്‍ക്ക് നഷ്ടമുണ്ടാക്കി, ഞങ്ങളെ കുറ്റപ്പെടുത്തി, ഇതെല്ലാം എന്‍റെ പിഴവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. രാജ്യത്തിന്‍റെ താല്‍പര്യം കരുതി രാഷ്ട്രീയമായ നഷ്ടം ഞാന്‍ ഏറ്റെടുത്തു.

നേരത്തെയുണ്ടായ ഈ വിഷയങ്ങളെല്ലാം സ്വകാര്യ നിക്ഷേപത്തെയും ബാങ്കുകളുടെ നിഷ്ക്രീയ ആസ്തിയെയും പ്രതികൂലമായി ബാധിച്ചു. ബാങ്ക് മേധാവികളുടെ ഒരു യോഗം വിളിച്ച് കൂട്ടി ഗവണ്‍മെന്‍റില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു ഫോണ്‍കോളും ഉണ്ടാവില്ലെന്ന് ഞാന്‍ അവരെ അറിയിച്ചു. ഈ നടപടികള്‍ ഒട്ടൊക്കെ ഫലം കണ്ടേക്കാം.

എന്നാലും റോഡ് നിര്‍മ്മാണത്തിലുണ്ടായ ഗതിവേഗം, റയില്‍വേയുടെ വിപുലീകരണം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലുണ്ടായ ആറ് മടങ്ങ് വര്‍ദ്ധന എന്നിവയെല്ലാം കാണിക്കുന്നത് നാം കുറുക്കുവഴികള്‍ തേടിയില്ല എന്നു തന്നെയാണ്. എന്‍റെ ആപ്തവാക്യം റയില്‍വേ പ്ലാറ്റ്ഫോമില്‍കാണുന്നത് പോലെ കുറുക്കുവഴികള്‍ നിങ്ങളെ ചെറുതാക്കും. ഞങ്ങള്‍ ഒരു കുറുക്കുവഴിയും തേടിയില്ല എന്ന് ഫലങ്ങള്‍ കാണിക്കുന്നു. എന്തായാലും സ്ഥിതിഗതികള്‍ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. എന്നാല്‍ തുടക്കത്തില്‍ 2016 മേയില്‍ ഞാന്‍ കഠിനമായ പാതയാണ് തിരഞ്ഞെടുത്തത്. നിഷ്പക്ഷമതികള്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ അവര്‍ ആശ്ചര്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ചോദ്യം :   കള്ളപ്പണത്തിന്‍റെ കാര്യത്തില്‍ ഒരു കടുത്ത നിലപാടാണ് കൈക്കൊണ്ടത്. വാസ്തവത്തില്‍ ഈ കള്ളപ്പണ വേട്ടമൂലമാണ് ചില ബിസിനസ്സുകാര്‍ ദുബായിലും ലണ്ടനിലും മറ്റും ഒളിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ട്. രാഷ്ട്രീയ നാടുവാഴികളെയും അങ്ങ് വെറുതെ വിട്ടില്ല. ഈ പ്രക്രിയ തുടരുമോ ?

പ്രധാനമന്ത്രി മോദി :    ഒന്നാമതായി ഞാന്‍ ഇതിനെ ഒരു രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയിട്ടില്ലെന്ന് മാത്രമല്ല ഭാവിയില്‍ ഒട്ട് നോക്കുകയുമില്ല. 14 വര്‍ഷം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു ഞാന്‍‍. രാഷ്ട്രീയ പരിഗണനകള്‍ വച്ച് ഒരിക്കല്‍പ്പോലും ഞാന്‍ ഒരു ഫയലും തുറന്നില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇതിന്‍റെ പേരില്‍ എന്നെ ആരും കുറ്റപ്പെടുത്തിയിട്ടുമില്ല. ഇവിടെയായിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. ഗവണ്‍മെന്‍റ് ഒരു ഫയലും തുറക്കാന്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. നിയമം അതിന്‍റെ സ്വന്തം വഴിക്ക് പോകും. ഒരു തരത്തിലുമുള്ള മൂടിവയ്ക്കലിലും ഉള്‍പ്പെടാന്‍ എനിക്ക് അധികാരമില്ല. ഞങ്ങള്‍ ഏതെങ്കിലും വംശത്തെ വെറുതെവിട്ടുവെന്ന് താങ്കള്‍ പറഞ്ഞാല്‍ അത് ശരിയല്ല.

”രാജ്യത്തിനകത്തെ കള്ളപ്പണ നീക്കം തടയാന്‍ ആവശ്യമായ നിയമപരമായ മാറ്റങ്ങള്‍ ഞങ്ങള്‍ കൊണ്ടു വന്നു. സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തിലുള്ള ഒരു പദ്ധതിയുണ്ട്. മുഖ്യധാരയിലേയ്ക്ക് വരാന്‍ ഇനിയും താല്‍പര്യമുള്ള എല്ലാവരോടുമായി ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത് സെപ്റ്റംബര്‍ 30 ആണ് നിങ്ങളുടെ അവസാന തീയതി. എന്ത് ലക്ഷ്യങ്ങളൊടെയാണെങ്കിലും നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം. അത് സ്വമനസ്സോടെയാണെങ്കിലും അല്ലെങ്കിലും ഇത് നിങ്ങളുടെ അവസാന അവസരമാണ്. മുഖ്യധാരയിലേയ്ക്ക് വരൂ, ജനങ്ങള്‍ക്ക് രാത്രി സമാധാനപരമായി ഉറങ്ങുന്നതിന് എന്‍റെ പക്കലുള്ള പദ്ധതിയാണിത്. ജനങ്ങള്‍ ഇത് അംഗീകരിക്കണം. മുപ്പതാം തീയതിക്ക് ശേഷം ഞാന്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടാല്‍ എന്നെ ആരും കുറ്റപ്പെടുത്തരുത്. ഈ പണം രാജ്യത്തെ പാവങ്ങള്‍ക്കുള്ളതാണ്. അത് കൊള്ളയടിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. ഇത് എന്‍റെ പ്രതിബദ്ധതയാണ്. സര്‍വ്വ ശക്തിയോടെയുമാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്, ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യും.

narendra-modi-750x500 [ PM India 86KB ]

ചോദ്യം :   മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, നമുക്ക് ഇനി രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാം. അടുത്ത വര്‍ഷം നിരവധി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പാണ്. സാമൂഹിക വിവേചനവും യാഥാസ്ഥിതികത്വവും അവയുടെ വൃത്തികെട്ട തല വീണ്ടു പൊന്തിക്കുകയാണ്. ബി.ജെ.പി.യും, ആര്‍.എസ്.എസും ദളിത് വിരുദ്ധരാണെന്ന് ദളിതരും പിന്നോക്ക വിഭാഗങ്ങളും പറയാന്‍ തുടങ്ങിയിരിക്കുന്നു. താങ്കളുടെ കാര്യപരിപാടി വികസനമാണെന്നും, വികസനം മാത്രമാണെന്നും അങ്ങേയ്ക്ക് എങ്ങനെയാണ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാനാവുക ?

പ്രധാനമന്ത്രി മോദി :    ഞങ്ങളുടെ കാര്യപരിപാടി വികസനം മാത്രമാണെന്ന് രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങളുടെ മനസുകളില്‍ യാതൊരു സംഭ്രാന്തിയുമില്ല. എന്നാല്‍ ഇത്തരമൊരു ഗവണ്‍മെന്‍റ് അധികാരത്തില്‍ വരാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്തവരും, നേരത്തെയുണ്ടായിരുന്ന ഗവണ്‍മെന്‍റ് പോകാന്‍ ആഗ്രഹിക്കാത്തവരുമായ ചിലരാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്. അതിനാല്‍ വികസനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം അത് അങ്ങനെ തുടരുക തന്നെ ചെയ്യും. കൂടാതെ ഇത് ഒരു രാഷ്ട്രീയ വിഷയമല്ല, എന്‍റെ ദൃഢവിശ്വാസമാണ്. ഈ രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ നമുക്ക് വികസനം വേണം. പാവപ്പെട്ടവരെ നമുക്ക് ശാക്തീകരിക്കേണ്ടതുണ്ട്.

ചില സംഭവങ്ങളെ കുറിച്ചാണെങ്കില്‍, അവ അപലപിക്കേണ്ടവ തന്നെയാണ്. സംസ്ക്കാര സമ്പന്നമായ ഒരു സമൂഹത്തില്‍ അവയ്ക്ക് യാതൊരു സ്ഥാനവുമില്ല. പക്ഷേ ക്രമസമാധാന പാലനം ഒരു സംസ്ഥാന വിഷയമാണെന്ന് നാം മറക്കരുത്. ചിലര്‍ ചില വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിന് മോദിയെ കുറ്റപ്പെടുത്തുകയാണ്. ഇത്തരക്കാരുടെ ലക്ഷ്യമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഇത് രാജ്യത്തിന്‍റെ താല്‍പര്യങ്ങളെ നിശ്ചയമായും ഹനിക്കുന്നുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കണക്കുകളുടെ കാര്യം നോക്കിയാല്‍ സാമുദായിക അക്രമങ്ങളുടെതായാലും ദളിതര്‍ക്കും ഗിരിവര്‍ഗ്ഗക്കാര്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെയാലും അവയുടെ എണ്ണം മുന്‍ ഗവണ്‍മെന്‍റിന്‍റെ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍‌ കുറഞ്ഞിട്ടുണ്ട്

അവരുടെ ഭരണകാലത്തും എന്ത് നടന്നു എന്നതല്ല വിഷയം. നമ്മുടെ സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണ് കാര്യം. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു സംസ്ക്കാരമാണ് നമുക്കുള്ളത്. നമ്മുടെ സമൂഹത്തില്‍ ചില അസന്തുലിതാവസ്ഥകള്‍ കാണുന്നുണ്ട്. ബുദ്ധിപൂര്‍വ്വം നമ്മുടെ സമൂഹത്തെ ഇതില്‍ നിന്ന് പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. ഇതൊരു സാമൂഹിക പ്രശ്നമാണ്. അതാകട്ടെ ആഴത്തില്‍ വേരോടിയതും. സാമൂഹിക അസമത്വങ്ങളുടെ പേരിലുള്ള രാഷ്ട്രീയം സമൂഹത്തോട് ചെയ്യുന്ന അന്യായമാണ്. ഒപ്പം തലമുറകളായി അനീതി അനുഭവിക്കുന്നവരോടും. ദളിത് എം.പി.മാരുടെയോ, ദളിത് എം.എല്‍.എ. മാരുടെയോ, ആദിവാസി എം.പി. മാരുടെയോ, ആദിവാസി എം.എല്‍.എ. മാരുടെയോ എണ്ണം നോക്കിയാല്‍ ഇവരുടെ സാന്നിദ്ധ്യം വളരെ വലുതാണ്. ബാബാ സാഹിബ് ഭീംറാവു അബേദ്ക്കറുടെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികം ഞാന്‍ ആഘോഷിച്ചതു മുതല്‍, ഐക്യരാഷ്ട്രസഭയും ഒപ്പം 120 രാഷ്ട്രങ്ങളും അംബേദ്ക്കറുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആഘോഷിക്കുകയും ചെയ്തപ്പോള്‍, ബാബാസാഹിബ് അംബേദ്ക്കറുടെ ജീവിതത്തെയും രചനകളെയും കുറിച്ചും പാര്‍ലമെന്‍റ് രണ്ട് ദിവസത്തെ ചര്‍ച്ച നടത്തിയപ്പോള്‍ മിക്കവരും വിചാരിച്ചു മോദി ഒരു അംബേദ്ക്കര്‍ ഭക്തനാണെന്ന്. അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങി. മോദി ദളിതരോടൊപ്പമാണെന്നതും ആദിവാസികള്‍ക്കായി സ്വയം സമര്‍പ്പിക്കപ്പെട്ടയാളാണ് മോദിയെന്നതും ദളിതരുടെ സ്വയം പ്രഖ്യാപിത രക്ഷകര്‍ത്താക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എല്ലാ ദളിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും, സ്ത്രീകളുടെയും വികസനത്തിനായി ഞാന്‍ സമര്‍പ്പിതനാണ്. തങ്ങളുടെ രാഷ്ട്രീയത്തിന് ഇത് തടസമാണെന്ന് കരുതുന്നവരാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാലാണ് അവര്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. ജാതി വിഭജനത്തിന്‍റെ വിഷം ഈ രാജ്യത്ത് നല്‍കിയവരാണ് ഈ രാജ്യത്തെ നശിപ്പിച്ചത്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് അവസാനിപ്പിക്കണം. ഒരേ ലക്ഷ്യത്തോടെ നമുക്ക് മുന്നേറണം. എനിക്ക് സമൂഹത്തോടും ചോദിക്കാനുണ്ട് : ഈ സംഭവങ്ങള്‍ സംസ്ക്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്നതാണോ ?.

ബലാല്‍സംഗങ്ങളെ കുറിച്ച് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ സംസാരിച്ചു …… മാതാപിതാക്കള്‍ തങ്ങളുടെ ആണ്‍ മക്കളോട് ചോദിക്കണം അവര്‍ എവിടെയാണ് പോകുന്നത് അവന്‍ എന്താണ് ചെയ്യുന്നത് ?.

നമ്മുടെ പെണ്‍ കുട്ടികളോടാണ് ഇത്തരം ചേദ്യങ്ങള്‍ ചോദിക്കാറുള്ളത്. നമ്മുടെ രാഷ്ട്രീയക്കാരോടും എന്‍റെ പാര്‍ട്ടി നേതാക്കളോടും എനിക്ക് ഇത് പറയാനുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടു വിചാരമില്ലാത്ത പ്രസ്താവനകള്‍, ആരെകുറിച്ച് എന്തുംപറയുക, ആരുടെ സമൂദായത്തെ കുറിച്ചും എന്തും പറയുക. മാധ്യമങ്ങള്‍ നിങ്ങളെ തേടിയെത്തും അവര്‍ക്ക് ആവശ്യം പി.ആര്‍.പി. കളാണ്. പക്ഷേ നിങ്ങളാണ് രാജ്യത്തിന് ഉത്തരം നല്‍കേണ്ടത്. അതുകൊണ്ടാണ് പുതു ജീവിതത്തിലുള്ള എല്ലാവരും…. രാഷ്ട്രീയ പ്രവര്‍ത്തകരോ – സാമൂഹിക പ്രവര്‍ത്തകരോ -അവര്‍  ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രതിനിധീകരിക്കുന്നവരായാലും – രാജ്യത്തിന്‍റെ ഐക്യവും സമൂഹത്തിന്‍റെ ഐക്യവും പൊതുവായ സൗഹൃദത്തെ കരുതി നാം അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

നമുക്ക് പരിക്ക് പറ്റുമ്പോള്‍ ഒരു കടലാസുകൊണ്ടുള്ള ഒരു ചെറിയ സ്പര്‍ശം പോലും വേദനാജനകമാണ്. ആയിരക്കണക്കിന് വര്‍ഷത്തെ അനീതി ഈ മുറിവുകളെ തുറന്നുതന്നെ വയ്ക്കും. ചെറിയ ഒരു കോട്ടം പോലും വളരെയധികം വേദന ഉളവാക്കും. അതുകൊണ്ട് തന്നെയാണ് സംഭവം ചെറുതോ വലുതോ എന്നതിലല്ല, അത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തവയാണ്. ഏത് ഗവണ്‍മെന്‍റിന്‍റെ കാലത്താണ് കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടായതെന്നും, ഉണ്ടാകാത്തതെന്നും ഉള്ളതല്ല ഇവിടത്തെ വിഷയം. രാജ്യത്തിന്‍റെ ഐക്യത്തിന് കരുത്ത് പകരാന്‍ നാം ഏവരും കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്

ചോദ്യം :   സാമ്പത്തിക പുരോഗതിക്ക് സാമൂഹിക സ്വരചേര്‍ച്ച എത്രമാത്രം പ്രാധാന്യമുള്ളതാണ് ?.

പ്രധാനമന്ത്രി മോദി :  സാമ്പത്തിക പുരോഗതി മാത്രമല്ല പരിഹാരം. സമാധാനം, ഐക്യം, പൊരുത്തം എന്നിവയെല്ലാം സമൂഹത്തിന് അത്യാവശ്യമാണ്. ഒരു കുടുംബത്തിലാണെങ്കില്‍ പോലും അത് എത്രതന്നെ സമ്പന്നമായാലും, ഒരു പക്ഷേ പണത്തിന്‍റെ ഒരു കൂനയുടെ മുകളിലാണ് നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ പോലും കുടുംബത്തിന്‍റെ ഐക്യം പ്രധാനമാണ്. സമൂഹത്തിന്‍റെ കാര്യത്തിലും ഇത് ശരിയാണ്. ദാരിദ്ര്യത്തിനെതിരെ പടപൊരുതാന്‍ മാത്രമായുള്ള ഐക്യം നമുക്ക് വേണ്ട. ഒത്തൊരുമയും സ്വരചേര്‍ച്ചയുമാണ് നമുക്ക് ആവശ്യം. സാമൂഹിക നീതിയ്ക്കായി നാം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. അതുകൊണ്ടാണ് ഐക്യമെന്നത് സാമ്പത്തിക പുരോഗതിക്ക് മാത്രമായി പ്രധാനമല്ലാത്തത്.  സമാധാനം, ഐക്യം, സ്വരചേര്‍ച്ച എന്നിവ കുടുംബത്തിലും ജീവിതത്തിലും, സമൂഹത്തിലും, രാജ്യത്തിനും ഉപകാരപ്രദമാണ്. വസുധൈവ കുടുംബകത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ലോകം മൊത്തത്തില്‍ ഒന്നാണ്.

ചോദ്യം :   എല്ലാ രാഷ്ട്രീയ കക്ഷികളും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തെ കുറിച്ച് പറയുന്നു. എന്നിട്ടും രാജ്യത്ത് കടുത്ത ഉത്കണ്ഠ ഉയര്‍ത്തുന്ന വിഷയമായി ദാരിദ്ര്യം തുടരുന്നു. തൊഴില്‍ സൃഷ്ടിയെന്നത് താങ്കള്‍ക്ക് ഒരു പ്രധാന വെല്ലുവിളിയാണ്. അത് താങ്കള്‍ ഏറ്റെടുത്തിട്ടുമുണ്ട്.  ഈ രണ്ട് കാര്യങ്ങളിലും എന്തായിരിക്കും അങ്ങയുടെ തന്ത്രം ?.

പ്രധാനമന്ത്രി മോദി :    താങ്കള്‍ പറഞ്ഞത് ശരിയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ഒരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു ദാരിദ്ര്യത്തിന്‍റെ പേരില്‍ ഒട്ടേറെ രാഷ്ട്രീയം നടന്നു. തെരഞ്ഞെടുപ്പുകള്‍ മനസില്‍ കണ്ട്കൊണ്ട് ഒട്ടേറെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികളും തുടങ്ങിവച്ചിട്ടുണ്ട്. അത് നല്ലതോ ചീത്തയൊ എന്ന വിവാദത്തിലേയ്ക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്‍റെ വഴി അല്പം വ്യത്യസ്ഥമാണ്. ദാരിദ്ര്യം അവസാനിപ്പിക്കാന്‍ നാം പാവപ്പെട്ടവരെ ശാക്തീകരിക്കണം. ദരിദ്രര്‍ ശാക്തീകരിക്കപ്പെട്ടാല്‍ ദാരിദ്ര്യം ഉന്മൂലനം ചെയ്യാനുള്ള കരുത്ത് അവര്‍ നേടും. ദരിദ്രരെ ദരിദ്രരാക്കി നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയം കളിക്കാം പക്ഷേ ദാരിദ്ര്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ശാക്തീകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപകരണം വിദ്യാഭ്യാസമാണ്. അടുത്തത് തൊഴിലാണ്. നാം സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടാല്‍ കാര്യങ്ങള്‍ തനിയെ മാറുന്നതിനുള്ള ഉപകരണമായി അത് മാറും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞങ്ങള്‍ തുടക്കമിട്ട എല്ലാ സംരംഭങ്ങളും, ഉദാഹരണത്തിന് മുദ്രാപദ്ധതി – കുറഞ്ഞത് 3.5 കോടി ജനങ്ങളെങ്കിലും മുദ്രാ പദ്ധതിയിലെ ഗുണഫലങ്ങള്‍ നേടി. അവര്‍ക്ക് ഈ പദ്ധതിയിലൂടെ 1.25 ലക്ഷം കോടി രൂപ ലഭിച്ചു. അവരില്‍ പലരും ആദ്യമായി ബാങ്കില്‍ നിന്ന് പണം ലഭിച്ചവരാണ്. ഇവര്‍ എന്തെങ്കിലുമൊക്കെ തൊഴില്‍ ചെയ്യും. ചിലര്‍ക്ക് തയ്യല്‍ മെഷീനുകള്‍ കിട്ടും, അത് ഉപയോഗിച്ച് തുണികള്‍ തയ്ക്കുകയോ … അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യും. അവര്‍ക്ക് ഏതാനുംപേര്‍ക്ക് തൊഴില്‍ കൊടുക്കാനും കഴിയും. ഇത്തരത്തിലുള്ള ശാക്തീകരണം ഈ ജനങ്ങള്‍ക്ക് ഒട്ടേറെ അധികാരം നല്‍കും. അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യാന്‍. ഒരാള്‍ ഒരു ടാക്സി വാങ്ങിയെന്നിരിക്കട്ടെ. അപ്പോള്‍ അവര്‍ക്ക് തോന്നും തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന്. അവര്‍ മുന്നോട്ട് പോകും. ഞങ്ങള്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്നാണ് സ്റ്റാന്‍റ് അപ്പ് ഇന്ത്യ ഞാന്‍ ബാങ്കുകളോട് പറഞ്ഞിട്ടുണ്ട് എല്ലാ ശാഖകളും ഒരു ദളിതന്‍ ഒരു ആദിവാസി, ഒരു വനിത എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കണം. അവരെ സംരംഭകരാക്കണം.

രാജ്യത്ത് 1.25 ലക്ഷം ബാങ്ക് ശാഖകള്‍ ഉണ്ട്. ഓരോ ശാഖയും കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ശാക്തീകരിച്ചാല്‍ അതിന്‍റെ ഗുണം 4 മുതല്‍ 5 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. നേരത്തെ ഇത്തരത്തിലുള്ള സാമ്പത്തിക ശാക്തീകരണം ഇല്ലാതിരുന്നവര്‍ക്ക്, തങ്ങള്‍ ശാക്തീകരിക്കപ്പെട്ടതായി അനുഭവപ്പെടും. അവര്‍ ഒരു സാമ്പത്തിക കരുത്താണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായി ഞാന്‍ ആരംഭിച്ച പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ. ഇതൊക്കെ ചെറിയ തീരുമാനങ്ങളാണ്. ഇതേ ദിശയില്‍ മുന്നോട്ട് പോകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും ഞാന്‍ എഴുതിയിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് നമുക്ക് വന്‍ മാളുകള്‍ ഉണ്ട്. അവ നിര്‍മ്മിക്കുന്നതിനായി ലക്ഷങ്ങളും കോടികളുമാണ് മുടക്കിയിട്ടുള്ളത്. അവര്‍ക്ക് സമയത്തിന്‍റെ കാര്യത്തില്‍ യാതൊരു നിബന്ധനയുമില്ല. അവര്‍ക്ക് രാത്രി 10 മണി വരെയോ, 12 മണി വരെയോ, പുലര്‍ച്ചെ 4 മണി വരെയോ പ്രവര്‍ത്തിക്കാം…. പക്ഷേ ഒരു ചെറിയ കടക്കാരന്‍റെ കട അടപ്പിക്കാന്‍ കൈയില്‍ വടിയുമായി ഗവണ്‍മെന്‍റിന്‍റെ ഒരു പ്രതിനിധിയുണ്ടാകും… എന്തിനാണിത് ? ഞങ്ങള്‍ പറഞ്ഞു ഇത്തരം ചെറുകിട സംരംഭങ്ങളുള്ള ചെറിയ വ്യാപാരികള്‍ക്ക് 365 ദിവസവും 24 മണിക്കൂറും തുറന്നിരിക്കാന്‍ സ്വാന്ത്യ്രമുണ്ടാകും അതുവഴി തങ്ങള്‍ക്ക് കച്ചവടം തുടര്‍ന്ന്കൊണ്ട് പോകാനും കുറച്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്ത് സമ്പദ്ഘടനയെ നയിക്കുന്നത്. ഇവിടെയാണ് നാം ശാക്തീകരിണത്തിനായി യത്നിക്കുന്നത്. നൈപുണ്യ വികസനത്തിന് ഞങ്ങള്‍ ഒട്ടേറെ ഊന്നല്‍ നല്‍കിയിട്ടുണ്ട്. കാലഘട്ടത്തിന്‍റെ ആവശ്യമാണ് നൈപുണ്യ വികസനം. ഞങ്ങള്‍ സംവിധാനങ്ങള്‍ മാറ്റി. നൈപുണ്യ വികസനത്തിന് ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചു. അതിന് പ്രത്യേകമായ ബജറ്റും വക കൊള്ളിച്ചു. വന്‍ തോതിലുള്ള പ്രവര്‍ത്തനമാണ് അവിടെ നടന്നു വരുന്നത്. ഗവണ്‍മെന്‍റ് മുഖേനയുള്ള നൈപുണ്യ വികസനം, പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള നൈപുണ്യ വികസനം, ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച രാജ്യങ്ങളുമായി സഹകരിച്ച് കൊണ്ട് സര്‍വ്വകലാശാലകള്‍‌ വഴിയുള്ള നൈപുണ്യ വികസനം. രാജ്യത്ത് 80 കോടി യുവജനങ്ങളുണ്ട്. അവര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. നൈപുണ്യം നേടിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഈ രാജ്യത്തിന്‍റെ ഭാവിയെതന്നെ മാറ്റാന്‍ കഴിയും. ഞങ്ങള്‍ ഇതിനാണ് ഊന്നല്‍ നല്‍കുന്നത്. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം രാജ്യത്തെ യുവജനങ്ങളും തൊഴിലുമാണ്. കാര്‍ഷിക മേഖലയിലും മൂല്യവര്‍ദ്ധനയിലേയ്ക്ക് നീങ്ങി കഴിഞ്ഞാല്‍ അത് ഒട്ടേറെ തൊഴിലവസരം സൃഷ്ടിക്കും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വലിയ പട്ടണത്തിലേയ്ക്ക് പേകേണ്ടിവരുന്ന ഒരു ഗ്രാമീണ യുവാവിന് മൂല്യ വര്‍ദ്ധനയിലൂടെയും കൃഷികേന്ദ്രീകൃതമായ ഗ്രാമീണ വികസനത്തിലൂടെയും ശാക്തീകരിച്ചാല്‍ അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. അതില്‍ ചില നല്ല ഫലങ്ങളും കാണാനാവും.

ചോദ്യം :   വിദേശത്തുള്ള ഇന്ത്യാക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ആദ്യ പ്രധാനമന്ത്രിയാണ് അങ്ങ്. ഇത് എങ്ങനെയാണ് രാജ്യത്തിന് ഗുണകരമായിട്ടുള്ളത് ?.

പ്രധാനമന്ത്രി മോദി :    എല്ലാ കാര്യങ്ങളും ലാഭത്തിന്‍റെയും നഷ്ടത്തിന്‍റെയും മാത്രം കണക്കില്‍ അളക്കരുത്. ലോകത്തിന്‍റെ ഏത് ഭാഗത്തായാലും ഒരു ഇന്ത്യാക്കാരന് അയാള്‍ ഏത് തസ്തികയിലുമായികൊള്ളട്ടെ, തന്‍റെ രാജ്യം പുരോഗമിക്കണമെന്ന ചിന്ത മനസ്സിലുണ്ടാവും. എന്നാല്‍ തന്‍റെ രാജ്യത്തെ കുറിച്ച് പ്രതികൂലമായ വാര്‍ത്തകളാണ് കേള്‍ക്കുന്നതെങ്കില്‍ അവര്‍ക്കായിരിക്കും ഏറ്റവും അധികം നിരാശ. അവര്‍ ദൂരെ ആയതിനാല്‍ അത് അവരെ കൂടുതല്‍ കുത്തി മുറിവേല്‍പ്പിക്കും. ഒട്ടേറെ കാര്യങ്ങളില്‍ നമുക്ക് അത് ശീലമായി, പക്ഷേ അവരെ അത് ബാധിക്കും. അവര്‍ക്ക് ഇന്ത്യയോട് വളരെയധികം മമതയാണ് ഉള്ളത്. പക്ഷേ അവര്‍ക്കാകട്ടെ അതിനുള്ള അവസരമോ മാര്‍ഗ്ഗമോ ലഭിക്കുന്നില്ല. നിതി ആയോഗില്‍ ഇന്ത്യന്‍ വംശജരുടെ ശക്തിയെ അംഗീകരിച്ചിട്ടുണ്ട്. ഇത് അത്രയ്ക്ക് വലിയ ആഗോള ശക്തിയാണ്. അവര്‍‌ ലോകം കണ്ടവരാണ്. ഗുണനിലവാരമുള്ള വിഭ്യാഭ്യാസവും വിദ്യാഭ്യാസ യോഗ്യതയും ഉള്ളവരാണ് അവര്‍. ഒപ്പം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അത്യുല്‍സാഹവും അവര്‍ക്കുണ്ട്. എവിടെ ആയിരുന്നാലും രാജ്യത്തോടുള്ള അവരുടെ സ്നേഹത്തിന് കുറവുണ്ടായിട്ടില്ല. എന്തിന് അവരെ നാം മാറ്റിനിര്‍ത്തണം ? അവരുമായി ഒരു ബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്. അവര്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥാനപതികളായി മാറുന്ന ഒരു കാലം വരും. ഗവണ്‍മെന്‍റിന്‍റെ നയതന്ത്രകാര്യാലയത്തേക്കാളുപരി ഇന്ത്യന്‍ വംശജരുടെ മനോഭാവങ്ങളും ബന്ധങ്ങളുമാണ് ഇന്ത്യയുടെ കരുത്ത്. ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും ഒരുമിച്ച് നിന്നാല്‍ നമ്മുടെ കരുത്ത് പല മടങ്ങ് വര്‍ദ്ധിക്കും. ഇതിനായിരുന്നു എന്‍റെ ശ്രമവും. അതിലൂടെ നമുക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നുമുണ്ട്.

പ്രധാനമന്ത്രി മോദി :    നമ്മുടെ രാജ്യത്ത് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. യു.പി. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്, എങ്കിലും നമ്മുടെ എല്ലാ തീരുമാനങ്ങളും അതുമായി ബന്ധിപ്പിക്കുകയാണ്. സൂപ്പര്‍ രാഷ്ട്രീയ പണ്ഡിതന്‍മാര്‍ക്ക് തങ്ങളുടെ മനസുകളില്‍ നിന്ന് രാഷ്ട്രീയം ഒഴിവാക്കാനാവില്ല. അവരുടെ മനസ്സുകളിലെ രാഷ്ട്രീയ മുരള്‍ച്ച എയര്‍കണ്‍ഡീഷന്‍ഡ് മുറികളില്‍ വേഗത്തിലാകും. നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ അടിക്കടിയുണ്ടാകാറുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ്, അവിടെ തെരഞ്ഞെടുപ്പ്.. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ്. ഓരോ തീരുമാനവും തെരഞ്ഞെടുപ്പിന്‍റെ ത്രാസിലിട്ടാണ് തൂക്കിനോക്കുന്നത്. തെരഞ്ഞെടുപ്പുമായി വിഷയങ്ങളെയും തീരുമാനങ്ങളെയും ബന്ധിപ്പിക്കുന്ന കാലത്തോളം അത് നമ്മുടെ രാജ്യത്തിന് ഉണ്ടാക്കുന്ന പ്രത്യഘാതം പ്രതികൂലമായിരിക്കും. ഇവയെ നാം വേര്‍പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചാല്‍ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളുമായി രംഗത്ത് വരും. അവയുമായി ഇപ്പോള്‍ ബന്ധപ്പെടുത്തുന്നത് എന്തിനാണ്.

രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നെ സന്ദര്‍ശിക്കുമ്പോള്‍ ദയവായി തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കൂയെന്ന് എന്നോട് ഊന്നി പറയാറുണ്ട്. അവര്‍ എന്നോട് ചോദിക്കാറുണ്ട് നമുക്ക് എന്തുകൊണ്ട് ലോകസഭ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നായി നടത്തിക്കൂടാ ? തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പും എന്തു കൊണ്ട് അവയോടൊപ്പം നടത്തി കൂടാ. അപ്രകാരം ചെയ്താല്‍ മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും ഒരാഴ്ചയോ 10 ദിവസമോ കൊണ്ട് പൂര്‍ത്തിയാക്കി തടസങ്ങളൊന്നും കൂടാതെ രാജ്യത്ത് 5 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാനാവും. തീരുമാനങ്ങളെടുക്കുകയും ഗതിവേഗം കൈവരികയും ചെയ്യുന്നതോടെ ബ്യൂറോക്രസിയും ഫലപ്രദമായി പ്രവര്‍ത്തിക്കും. എല്ലാ കക്ഷികളും ഇത് പറയുന്നുണ്ടെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ല. എല്ലാ കക്ഷികളും ഒരുമിച്ച് നില്‍ക്കണം. ഗവണ്‍മെന്‍റിന് മാത്രമായി ഇത് ചെയ്യാനാവില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് മുന്നിട്ടിറങ്ങുകയും എല്ലാ കക്ഷികളും ഇതിനോട് യോജിക്കുകയും വേണം. എനിക്ക് സ്വന്തമായി ആശയങ്ങളുണ്ടെങ്കിലും അതെ കുറിച്ച് എനിക്ക് ഒന്നും ചെയ്യാനാവില്ല. ജനാധിപത്യപരമായിട്ട് വേണം ഇത് ചെയ്യാന്‍. പക്ഷേ എന്നെങ്കിലും ഇത് സംബന്ധിച്ച് സമഗ്രമായ ചര്‍‌ച്ചയും വാദപ്രതിവാദങ്ങള്‍ ഉണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ.

വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍‌ ഒന്നുമാത്രമാണ് ഉത്തര്‍പ്രദേശ്. ബി.ജെ.പി.യെ സംബന്ധിച്ചാണെങ്കില്‍ വികസന വിഷയങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പുകളെ നേരിടാറുള്ളത്. കര്‍ഷകരുടെ ക്ഷേമം, ഗ്രാമങ്ങള്‍, യുവാക്കള്‍ക്ക് തൊഴില്‍ എന്നിവയിലായിരിക്കും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം സാമൂഹിക നീതിക്ക് വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുകയും ചെയ്യും. രാജ്യത്ത് സമാധാനം, ഐക്യം, സാഹോദര്യം എന്നിവ നിലനിറുത്തുന്നവ യിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ.

പ്രധാനമന്ത്രി മോദി :    ജാതിയതയുടെയും വര്‍ഗ്ഗീയ വോട്ടു ബാങ്കുകളുടെയും വിഷം രാജ്യത്തിന്  ഇതിനകം തന്നെ ആവശ്യത്തിന് കോട്ടം വരുത്തിവച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലെ ഏറ്റവും വലിയ തടസം വോട്ടു ബാങ്കുകളുടെ രാഷ്ട്രീയമാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ അന്തരീക്ഷം ഉണ്ടായിരുന്നില്ല. വികസന രാഷ്ട്രീയത്തിന്‍റെ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും യോജിച്ച് ഒരു ഭൂരിപക്ഷ ഗവണ്‍മെന്‍റിനായി വോട്ട് ചെയ്തു. നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം പൂര്‍ണമായി തന്നെ മാറി ചിന്തിച്ചു. ഉത്തര്‍‌പ്രദേശിന്‍റെ അഭിവൃദ്ധിക്കായി അവിടത്തെ ജനങ്ങള്‍ അപ്രകാരം ചെയ്യാന്‍ സാധ്യതയുണ്ട്. വികസനം മനസില്‍ വച്ചുകൊണ്ട് അവര്‍ വോട്ട് രേഖപ്പെടുത്തും.

പ്രധാനമന്ത്രി മോദി :    ജമ്മുകാശ്മീരിനെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ ജമ്മു, കാശ്മീര്‍ താഴ്വര, ലെടാക്ക് മേഖല എന്നിങ്ങനെ പൂര്‍ണമായ ചിത്രം കണക്കിലെടുക്കണം. നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്യ്രത്തിനും വിഭജനത്തിനുമൊപ്പമാണ് പ്രശ്നത്തിന്‍റെ വിത്തുകള്‍ പാകിയത്. എല്ലാ ഗവണ്‍മെന്‍റുകള്‍ക്കും ഈ പ്രശ്നവുമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതോരു പുതിയ പ്രശ്നമല്ല. കാശ്മീരിലെ യുവജനങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വര്‍ഗമെന്ന് വിശ്വസിക്കപ്പെടുന്ന കാശ്മീര്‍ സ്വര്‍ഗ്ഗമായി തന്നെ നിലകൊള്ളാന്‍ സമാധാനവും ഐക്യവും സൗമനസ്യവും നിലനിര്‍ത്തി കൊണ്ട് നമുക്ക് ഒന്നിച്ച് മുന്നേറാം. പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അതിനാലാണ് ഞാന്‍ എപ്പോഴും പറയുന്നത് കാശ്മീരിലെ ജനങ്ങള്‍ക്ക് വികസനവും, വിശ്വാസവും വേണം. ഒരു ശതകോടി ഇന്ത്യാക്കാര്‍ എക്കാലവും വികസനത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ടവരാണ്. വിശ്വാസത്തിന്‍റെ പ്രതിബദ്ധതയില്‍ നിന്ന് അവര്‍ ഒരിക്കലും വ്യതിചലിച്ചിട്ടില്ല. ഈ വിശ്വാസം ഇന്നും അവിടെയുണ്ട്, ഭാവിയിലും അവിടെയുണ്ടാകും. വികസത്തിന്‍റെയും വിശ്വാസത്തിന്‍റെയും പാതയില്‍ നമുക്ക് മുന്നേറാം. നാം വിജയിക്കുക തന്നെ ചെയ്യും.

modi_exclusive_9pm_1-750x500 [ PM India 65KB ]

ചോദ്യം :  അങ്ങയുടെ ഭരണത്തില്‍ ഉന്നത തലത്തിലെ അഴിമതി ഗണ്യമായി കുറഞ്ഞിട്ടുണ്ടയെന്നത് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ താഴെ തട്ടില്‍ അഴിമതി ഇന്നും വ്യാപകമാണ്. ഇതെങ്ങനെയാണ് അങ്ങേയ്ക്ക് പരിഹരിക്കാന്‍ കഴിയുക. ?.

പ്രധാനമന്ത്രി മോദി :    ഉന്നതതലത്തിലുള്ള അഴിമതി ഇല്ലായെന്ന് അംഗീകരിച്ചതിന് താങ്കളോട് എനിക്ക് നന്ദിയുണ്ട്. ഗംഗ ഗാവ്മുഖില്‍ ശുദ്ധമാണെങ്കില്‍ താഴെയ്ക്ക് ഒഴുകുമ്പോള്‍ അത് കൂടുതല്‍ ശുദ്ധമാകും. അഴിമതിയുടെ സാദ്ധ്യതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന് പാചകവാതക സബ്സിഡി സമ്പ്രദായം നേരിട്ടുള്ള ആനുകൂല്യ പദ്ധതിയിലേയ്ക്ക് മാറ്റി. പാചക വാതക സബ്സിഡിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന വ്യാജ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഇല്ല. ചണ്ഡീഗഢിന് 30 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കി വന്നിരുന്നത്. പാചകവാതക കണക്ഷനും വൈദ്യുതിയും ഉള്ള വീടുകള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍ത്തലാക്കി. പാചകവാതക കണക്ഷന്‍ ഇല്ലാത്ത വീടുകള്‍ക്ക് അവ ലഭ്യമാക്കി. അങ്ങനെയാണ് ഞങ്ങള്‍ ചണ്ഡീഗഢിനെ മണ്ണെണ്ണ വിമുക്തമാക്കിക്കൊണ്ട് കരിഞ്ചന്തയില്‍ വില്‍‌ക്കുമായിരുന്ന 30 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലാഭിച്ചു.

ഈ നവംബറോടെ 8 ജില്ലകള്‍ മണ്ണെണ്ണ വിമുക്തമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു. നമ്മുടെ കര്‍ഷകര്‍ യൂറിയയ്ക്ക് വേണ്ടി നെട്ടോട്ടം ഓടി കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയിരുന്നത് താങ്കള്‍ക്കറിയാം. കരിഞ്ചന്തക്കാരുടെ ഭരണമായിരുന്നു അന്ന്. ചില സംസ്ഥാനങ്ങളില്‍ കരിഞ്ചന്തയില്‍ നിന്ന് യൂറിയ വാങ്ങിയ കര്‍ഷകരെ ലാത്തിച്ചാര്‍ജ്ജ് പോലും ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് യൂറിയയുടെ ദൗര്‍ലഭ്യത്തെ കുറിച്ച് വാര്‍ത്തകള്‍ ഇല്ലാത്തത് താങ്കള്‍ ശ്രദ്ധിച്ചു കാണും. ഒരിടത്തും കര്‍ഷകര്‍ ക്യൂ നില്‍ക്കുന്നത് കാണ്‍മാനില്ല. ഒരിടത്തും ലാത്തിചാര്‍ജ്ജില്ല. കരിഞ്ചന്തയും ഇല്ലാതായിരിക്കുന്നു. എന്ത്കൊണ്ടാണ് ഇതൊക്കെ വീണ്ടും ഉണ്ടാകാത്തത് ? മുമ്പൊക്കെ കര്‍ഷര്‍ക്കുള്ള യൂറിയ രാസവള നിര്‍മ്മാണ ശാലകളിലാണ് എത്തിയിരുന്നത്. അവ ഇതിനെ അസംസ്കൃത വസ്തുവായി ഉപയോഗിച്ചു കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ കിട്ടിയിരുന്നു. രാസവസ്തു ഫാക്ടറികളും ഇടത്തട്ടുകാരും ഗുണഫലങ്ങള്‍ ആസ്വദിച്ചു. ഞങ്ങള്‍ യൂറിയയിലും വേപ്പെണ്ണ പുരട്ടി തുടങ്ങി. ഇതിന്‍റെ ഫലമായി ഒരു ഗ്രാം യൂറിയപോലും രാസ വസ്തു ശാലകള്‍ക്ക് ഉപയോഗിക്കാനാവില്ല. 100 ശതമാനവും കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമെ യൂറിയ ഉല്‍പ്പാദനം 20 ലക്ഷം ടണ്ണാക്കി ഉയര്‍ത്തി. ഇറക്കുമതി ചെയ്യുന്ന യൂറിയയിലും വേപ്പെണ്ണ പുരട്ടുന്നുണ്ട്. ഇത് മാത്രമല്ല, ഈ ആവശ്യത്തിലേയ്ക്കായി വേപ്പിന്‍കുരു ശേഖരിക്കുന്ന ഗുജറാത്തിലെ ആദിവാസികള്‍ ഇതുവഴി 10 മുതല്‍ 12 കോടി രൂപ വരെ നേടിയിട്ടുണ്ട്. ഇരുകൂട്ടര്‍ക്കും ഗുണകരമായ സ്ഥിതിവിശേഷമാണിത്. അഴിമതിയും ബുദ്ധിമുട്ടുകളും മാറിക്കഴിഞ്ഞു. അതുപോലെ നയപരമായ തീരുമാനങ്ങളിലൂടെയും സാങ്കേതികവിദ്യ ഉപയോഗിച്ചും താഴെത്തട്ടിലെ അഴിമതിയും നമുക്ക് ഇല്ലാതാക്കാം. മുകള്‍ത്തട്ടിനെ പോലെ താഴത്തെ തട്ടും താങ്കള്‍ക്ക് ഇഷ്ടമാകും.

ചോദ്യം :   മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ല്യുട്യന്‍റെ ന്യൂഡല്‍ഹിക്ക് താങ്കളെ ഇഷ്ടമില്ലായിരുന്നുവെന്നും എന്നാല്‍ താങ്കള്‍ ഡല്‍ഹിയെ ഇഷ്ടപ്പെട്ടിരുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്.

പ്രധാനമന്ത്രി മോദി :   താങ്കള്‍ക്ക് അറിയാവുന്നതുപോലെ പ്രധാനമന്ത്രിയുടെ പദവിയിലിരുന്നുകൊണ്ട് ല്യുട്യന്‍റെ ഡല്‍ഹിയെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുന്ന പ്രശ്നമില്ല. പക്ഷെ ഇത് അല്‍പ്പം വിശദീകരിക്കേണ്ടതുണ്ട്. ഡല്‍ഹിയുടെ അധികാര ഇടനാഴികളില്‍, ഏതാനും ചിലരോട് മാത്രം പ്രതിബദ്ധതയുള്ള ഒരു കൂട്ടം പേര്‍ സജീവമായിട്ടുണ്ട്. അത് മോദിയുടെ മാത്രം കാര്യമല്ല. ചരിത്രത്തിലേയ്ക്ക് തിരിഞ്ഞ് നോക്കൂ. സര്‍ദാര്‍പട്ടേലിന് സംഭവിച്ചതെന്താണ്.? ലളിതമായ ബുദ്ധിയോടെ ഒരു ഗ്രാമത്തില്‍ നിന്നെത്തിയ ലളിതമായ ഒരു മനുഷ്യനായി സര്‍ദാര്‍പട്ടേലിനെ ഈ കൂട്ടര്‍ ഉയര്‍ത്തിക്കാട്ടി. മൊറാര്‍ജി ദേശായിക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കൂ. ഇതേ കൂട്ടര്‍ അദ്ദേഹത്തിന്‍റെ കഴിവുകളെ കുറിച്ചോ നേട്ടങ്ങളെ കുറിച്ചോ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം അദ്ദേഹം എന്താണ് കുടിച്ചിരുന്നു എന്നതായിരുന്നു ചര്‍ച്ച. ദേവഗൗഡയ്ക്ക് എന്ത് സംഭവിച്ചു ? ഒരു കര്‍ഷകന്‍റെ പുത്രന്‍ പ്രധാനമന്ത്രിയായി. പക്ഷേ അവര്‍ പറഞ്ഞത് അദ്ദേഹം എപ്പോഴും ഉറങ്ങുകയായിരുന്നു എന്നാണ്. ഇന്നിപ്പോള്‍ അവര്‍ പുകഴ്ത്തുന്ന അങ്ങേയറ്റത്തെ കഴിവുകളുള്ള അംബേദ്ക്കര്‍ക്ക് എന്താണ് സംഭവിച്ചത് അവര്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു. ചൗധരി ചരണ്‍ സിംഗിന് എന്താണ് സംഭവിച്ചത് ? അദ്ദേഹത്തെയും അവര്‍ കളിയാക്കി. അതുകൊണ്ട് അവര്‍ അദ്ദേഹത്തെ കളിയാക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. ഏതാനും ചിലരോട് മാത്രം പ്രതിബദ്ധതയുള്ള ഇക്കൂട്ടര്‍ ഈ രാജ്യത്തിന്‍റെ വേരുകളുമായി ബന്ധമുള്ള ഒരാളെയും ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് ഇക്കൂട്ടരെ നേരിട്ടുകൊണ്ട് കളയാന്‍ എനിക്കും സമയമില്ല. ദശലക്ഷം ജനങ്ങളുടെ ക്ഷേമമാണ് എന്‍റെ ഏറ്റവും വലിയ ദൗത്യം. ല്യുട്ട്യന്‍റെ ഡല്‍ഹിയുമായി ഞാന്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്നെപ്പോലുള്ള ഈ രാജ്യത്തെ പാവപ്പെട്ടവരോടൊപ്പം ഞാന്‍ ജീവിച്ചാല്‍ അതായിരിക്കും നല്ലത്.

ചോദ്യം :  മാധ്യമവൃത്തങ്ങളില്‍ സാധാരണ പറയാറുണ്ട് റ്റി.ആര്‍.പി. റേറ്റിംഗ് കുറവാണെങ്കില്‍ മോദിയുടെ റാലിയിലേയ്ക്ക് കട്ട് ചെയ്യൂ എന്ന്. എന്നിട്ടും മാധ്യമങ്ങളുമായി താങ്കള്‍ക്ക് കയ്പ്പും മധുരവും നിറഞ്ഞ ബന്ധമാണുള്ളത്. മാധ്യമങ്ങളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് ?.

പ്രധാനമന്ത്രി മോദി :    ഞാന്‍‌ ഇന്ന് എന്താണോ അതില്‍ പ്രധാന പങ്ക് വച്ചിട്ടുള്ളത് മാധ്യമങ്ങളാണ്. ഞാന്‍ അവിടെയും ഇവിടെയും ശബ്ദശകലങ്ങള്‍ നല്‍കാറില്ല. മോദിജി എരിവുള്ളതും വിവാദപരവുമായ പരാമര്‍ശങ്ങള്‍ നടത്താറില്ലെന്ന് മാധ്യമങ്ങള്‍ക്ക് പരാതിയുണ്ടാവാം. ആ പരാതിയാകട്ടെ സത്യവുമാണ്. ഞാന്‍ മിക്കപ്പോഴും എന്‍റെ ജോലിയില്‍ വ്യാപൃതനാണ്. ദീര്‍ഘകാലം ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ മാധ്യമ ലോകവുമായി എനിക്ക് ശക്തമായ സുഹൃത് ബന്ധമാണുള്ളത്. ഞാനുമായി ഒപ്പം ചായ കുടിക്കുകയോ തമാശപറയുകയോ ചെയ്യാത്ത ഒരു ഒറ്റ മാധ്യമ വ്യക്തിത്വവുമില്ല. പലരേയും എനിക്ക് പേരെടുത്ത് അറിയാം. അതിനാല്‍ അത്തരം പ്രതീക്ഷകള്‍ സ്വാഭാവികമാണ്. വന്‍ വ്യക്തിത്വങ്ങള്‍ പ്രധാനമന്ത്രിമാര്‍ ആകുന്നതാണ് മാധ്യമങ്ങള്‍ കണ്ടുവന്നിരുന്നത്. എന്നെപ്പോലെ അവരോടൊപ്പം ദീര്‍ഘകാലം സുഹൃത്തായിരുന്ന ആള്‍ പ്രധാനമന്ത്രിയാകുന്നതല്ല.

മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നു. അങ്ങനെ തന്നെയാണ് വേണ്ടത് ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ശക്തമായി വിമര്‍ക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാത്ത പക്ഷം ജനാധിപത്യം ഫലപ്രദമാകില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ റ്റി.ആര്‍.പി. വിജയ മത്സരത്തില്‍ മാധ്യമങ്ങള്‍ക്ക് ഗവേഷണം ചെയ്യാന്‍‌ വേണ്ടത്ര സമയമില്ല. ഗവേഷണം കൂടാതെ വിമര്‍ശനം സാധ്യമല്ല. 10 മിനിട്ട് വിമര്‍ശിക്കണമെങ്കില്‍ നിങ്ങള്‍ 10 മണിക്കൂര്‍ ഗവേഷണം നടത്തണം. വിമര്‍ശനത്തിന് പകരം ആരോപണങ്ങള്‍ ഉന്നയിക്കലാകുന്നു. ഇതിന്‍റെ ഫലമായി ജനാധിപത്യം ദുര്‍ബലപ്പെടും. ഗവണ്‍മെന്‍റുകള്‍ മാധ്യമ വിമര്‍ശനങ്ങളെ ഭയപ്പെടണം. പക്ഷെ അത്തരം വിമര്‍ശനങ്ങള്‍ ഇന്ന് പോയ് മറയുന്നു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം വിമര്‍ശനാത്മകമാകണമെന്നാണ് എന്‍റെ ആഗ്രഹം. അതിന്‍റെ ഗുണം ഈ രാജ്യത്തിനുണ്ടാകും. മാധ്യമങ്ങള്‍ക്ക് അവരുടെതായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നുള്ളത് ശരിയാണ്. അവര്‍ക്ക് റ്റി.ആര്‍.പി. മത്സരത്തില്‍ വിജയിക്കണം. ഞാന്‍ അവര്‍ക്ക് കുറഞ്ഞ പക്ഷം ഇതിനെങ്കിലും പ്രയോജനപ്പെടുന്നുവെന്നതില്‍ സന്തോഷമുണ്ട്. എന്‍റെ റാലികളെക്കാള്‍ റ്റി.ആര്‍.പി. കിട്ടുന്നതിനായി അവര്‍ ആള്‍ക്കാരെ കൊണ്ട് എന്നെ അപഹസിക്കുകയാണ് പതിവ്.

ചോദ്യം :  മാധ്യമങ്ങളുമായി എന്നപോലെ ജുഡീഷ്യറിയുമായും താങ്കള്‍ക്ക് വലിഞ്ഞ് മുറുകിയ ബന്ധമാണെന്ന് തോന്നുന്നു എന്ത്കൊണ്ട് ?.

പ്രധാനമന്ത്രി മോദി :    ഇത് തികച്ചും തെറ്റായ ഒരു അവബോധമാണ് ഈ ഗവണ്‍മെന്‍റ് ചട്ടങ്ങളും, നിയമവും, ഭരണഘടനയും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനവുമായും ഒരു തരത്തിലുമുള്ള ഏറ്റ്മുട്ടലിനോ, സംഘര്‍ഷത്തിനോ യാതൊരു സാധ്യതയും ഇല്ല. ഭരണഘടനാപരമായ ഔചിത്യം പാലിക്കുന്നതിന് എത്ര കണ്ട് വേണമോ അത്രം ഊഷ്മളത ജുഡീഷ്യറിയുമായിട്ടുണ്ട്. സാധ്യമായ ഔചിത്യം പാലിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്.

2shot-43-750x500 [ PM India 93KB ]

ചോദ്യം :   അങ്ങയോട് വ്യക്തിപരമായ ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. കരുത്തനായ നേതാവിന്‍റെ പ്രതിഛായയാണ് അങ്ങേയ്ക്കുള്ളത്. എന്നാല്‍ ഏതാനും ചില സന്ദര്‍ഭങ്ങളില്‍ താങ്കളുടെ വൈകാരിക വശം പുറത്തുവന്നു. താങ്കള്‍ എന്തു തരം മനുഷ്യനാണ് എന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. യഥാര്‍ത്ഥ നരേന്ദ്ര മോദി ഏതാണെന്ന് അറിയാന്‍ കാണികള്‍ക്ക് ആഗ്രഹമുണ്ട്. അതോ മോദിയുടെ സ്വഭാവത്തിന് പലതലങ്ങളുണ്ടോ ?.

പ്രധാനമന്ത്രി മോദി :   അതിര്‍ത്തിയില്‍ ധീരതയോടെ പൊരുതുന്ന ഒരു സൈനികന് അതേ നിലയില്‍ തന്‍റെ മകളോടൊപ്പം കളിക്കവേ പെരുമാറാനാവില്ല. നരേന്ദ്ര മോദി എന്തൊക്കെയാണെങ്കിലും ഒരു മനുഷ്യ ജീവി തന്നെയാണ്. എന്‍റെ ഉള്ളിലുള്ളത് എന്തിനാണ് ഞാന്‍ അടിച്ചമര്‍ത്തുകയോ ഒളിപ്പിക്കുകയോ ചെയ്യേണ്ടത്. ഞാന്‍ എന്താണോ അതാണ് ഞാന്‍. ജനങ്ങള്‍ എന്താണോ കാണുന്നത് അത് അവര്‍ കാണട്ടെ. എന്‍റെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചാണെങ്കില്‍ എന്‍റെ കഴിവിന്‍റെ പരമാവധി എനിക്കവ നിറവേറ്റേണ്ടതായിട്ടുണ്ട്. രാജ്യത്തിന്‍റെ നന്മയ്ക്ക് വേണ്ടി ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെങ്കില്‍ എനിക്ക് അവ കൈക്കൊണ്ടേ പറ്റൂ. അതിലേയ്ക്കായി കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെങ്കില്‍ ഞാന്‍ അപ്രകാരം ചെയ്യും. കുനിയേണ്ടതുണ്ടെങ്കില്‍ ഞാന്‍ കുനിയും. വേഗത്തില്‍ നടക്കണമെങ്കില്‍ ഞാന്‍ നടക്കും. പക്ഷേ ഇവയൊന്നും എന്‍റെ സ്വഭാവത്തിന്‍റെ ഭാവങ്ങളല്ല യഥാര്‍ത്ഥവും വ്യാജവുമായ മോദി എന്നതില്ല. മനുഷ്യജീവി മനുഷ്യജീവി തന്നെയാണ്. നിങ്ങളുടെ രാഷ്ട്രീയ കണ്ണടകള്‍ എടുത്ത് മാറ്റിയിട്ട് നോക്കിയാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥ മോദിയെ കാണാം. എന്നാല്‍ മുന്‍കൂട്ടി രൂപപ്പെടുത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നും നിങ്ങള്‍ മോദിയെ വിലയിരുത്തിയാല്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റും.

ചോദ്യം :  മോദിജി അങ്ങ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗാന്ധി നഗറില്‍ വച്ച് നിരവധി തവണ ഞാന്‍ അങ്ങയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍പോലും അങ്ങയുടെ മേശപുറത്ത് ഒരു ഫയലോ, കടലാസോ, ഒരു ഫോണ്‍ പോലുമോ ഞാന്‍ കണ്ടിട്ടില്ല. നമുടെ കൂടിക്കാഴ്ചകളില്‍ ഒരിക്കലും ആരും ഇടയില്‍ കയറി വന്നിട്ടുമില്ല. ഒരു സി.ഇ.ഒ. യെപ്പോലെയാണ് അങ്ങ് ജോലി ചെയ്യുന്നത്. എന്താണ് അങ്ങയുടെ പ്രവര്‍ത്തന ശൈലി ?.

പ്രധാനമന്ത്രി മോദി :    ശരിയായ നിരീക്ഷണങ്ങളാണ് താങ്കള്‍ നടത്തിയത്. കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത പറയുക മാത്രം ചെയ്യുന്ന ആളായിട്ടാണ് എന്നെ ചിത്രീകരിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒട്ടേറെ കേള്‍ക്കുകയും ഒട്ടേറെ നിരീക്ഷിക്കുകയും ചെയ്യും. അങ്ങനെയാണ് ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഉരുത്തിരിഞ്ഞത്. ഇതിലൂടെ എനിക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സദാസമയവും പണിയെടുക്കുന്നയാളാണ് ഞാനെങ്കിലും അടിസ്ഥാനപരമായി എനിക്ക് വര്‍ത്തമാനകാലത്ത് ജീവിക്കാനാണിഷ്ടം. താങ്കള്‍ എന്നെ കാണാന്‍ വന്നാല്‍ ഞാന്‍ ആ കുടിക്കാഴ്ചയില്‍ വ്യാപൃതനാകും. അന്നേരം ശ്രദ്ധമാറാതിരിക്കാനായി ഫോണ്‍ തൊടുകയോ കടലാസ് നോക്കുകയോ ഞാന്‍ ചെയ്യില്ല. അത് പോലെ ഫയലുകള്‍ നോക്കുന്ന വേളയില്‍ ഞാന്‍ അവയില്‍ മുഴുകും. വര്‍ത്തമാന കാലത്തെ ഓരോ നിമിഷത്തിലുമാണ് ഞാന്‍ ജീവിക്കുന്നത്. ഗുണപരമായ സമയം നല്‍കുന്നതു കൊണ്ട് ഞാനുമായി കൂടിക്കാഴ്ച നടത്തുന്ന വ്യക്തി എപ്പോഴും തൃപ്തനായിരിക്കും.

രണ്ടാമതായി താന്‍ ചെയ്യുന്ന ജോലിയോട് ഓരോരുത്തരും നീതി പുലര്‍ത്തണം. ഞാന്‍ എപ്പോഴും അതിനായി ശ്രമിക്കാറുണ്ട്. നാം എപ്പോഴും പഠിക്കുകയും മനസിലാക്കുകയും വേണം. ഒരിക്കല്‍ പ്രസക്തമായിരുന്ന ആശയങ്ങള്‍ ഇന്ന് പ്രസക്തമല്ലെങ്കില്‍ അവ ഉപേക്ഷിക്കനുള്ള ധൈര്യമുണ്ടാകണം. സ്വയം മാറാനുള്ള ധൈര്യം ഓരോരുത്തര്‍ക്കും ഉണ്ടാകണം. ഇപ്രകാരമാണ് എന്‍റെ പ്രവര്‍ത്തന ശൈലി ഞാന്‍ വികസിപ്പിച്ചെടുത്തത്.

ചോദ്യം :   16 മുതല്‍ 18 മണിക്കൂര്‍ വരെ നീണ്ട കഠിനമായ പ്രവര്‍ത്തി സമയമാണ് അങ്ങയുടെത്. എങ്ങനെയാണ് അങ്ങ് വിശ്രമിക്കുന്നത് ?.

പ്രധാനമന്ത്രി മോദി :    ജോലി ചെയ്ത് കൊണ്ട് മാത്രമാണ് ഞാന്‍ വിശ്രമിക്കുന്നത്. ജോലി കൊണ്ട് ഞാന്‍ ഒരിക്കലും തളരാറില്ല. മറിച്ച് ജോലി ഇല്ലെങ്കിലാണ് തളര്‍ച്ചയുണ്ടാവുക. നിങ്ങള്‍ക്ക് 10 കത്തുകള്‍ എഴുതാനുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 2 കത്തുകള്‍ എഴുതുമ്പോഴേയ്ക്ക് നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടേക്കാം. പക്ഷെ ഭക്ഷണംപോലും ഉപേക്ഷിച്ച് 10 കത്തുകളും എഴുതി തീരുമ്പോള്‍ ജോലി തീര്‍ന്നുവെന്നതില്‍ നിങ്ങള്‍ക്ക് തൃപ്തിതോന്നാം. യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്നതുകൊണ്ടെല്ലാ നാം തളരുന്നത്. ജോലി നല്‍കുന്നത് തൃപ്തിയാണ്. ഈ തൃപ്തിയാണ് നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്‍റെ യുവ സുഹൃത്തുക്കളോട് ഞാന്‍ ഇത് പറയാറുമുണ്ട്. തളര്‍ച്ചയെന്നത് കൂടുതലും മാനസികമാണ്. ഒരേ ജോലി ചെയ്ത് തീര്‍ക്കാന്‍ ഒരുപോലത്തെ ശേഷിയാണ് ഏവര്‍ക്കുമുള്ളത്. നിങ്ങള്‍ പുതിയ പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ടിരുന്നാല്‍ നിങ്ങളുടെ അന്തരാത്മാവ് നിങ്ങളെ പിന്‍തുണയ്ക്കും. ഇത് പ്രകൃത്യാലുള്ളതാണ്.

ചോദ്യം :   അങ്ങയുടെ ജീവിതത്തെ മുഖ്യമായും സ്വാധീനിച്ചിട്ടുള്ളത് ആരൊക്കെയാണ് ?.

പ്രധാനമന്ത്രി മോദി : എന്‍റെ ഗ്രാമം ഗെയ്ക്ക്‌വാദ് എസ്റ്റേറ്റിലാണ്. കുട്ടിയായിരിക്കവെ ആ പരിസ്ഥിതിയില്‍ നിന്ന് ഞാന്‍ ഒട്ടേറെ നേടിയിട്ടുണ്ട്. ഗെയ്ക്ക്‌വാദ് രാജാവിന്‍റെ പ്രത്യേകത എന്തെന്നാല്‍ ഓരോ ഗ്രാമത്തിലും അദ്ദേഹം പ്രൈമറി സ്കൂളുകളും ലൈബ്രറികളും നിര്‍മ്മിച്ചിരുന്നു. അത്തരം ഒരു സ്കൂളിലാണ് ഞാന്‍ പഠിച്ചത്. പുസ്തക വായനയില്‍ ഞാന്‍ തല്‍പരനായിരുന്നു. ഇന്ന് ഇപ്പോള്‍ വായിക്കാന്‍ സമയം കിട്ടുന്നില്ല. അന്ന് വായിച്ച പുസ്തകങ്ങള്‍ എന്നെ സ്വാധീനിച്ചു. 12 വയസ്സു മുതല്‍ ഞാന്‍ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. വിവേകാനന്ദന്‍റെ ഉദ്ധരണികളും അദ്ദേഹത്തിന്‍റെ പ്രസംഗ ശൈലിയും എനിക്ക് ഇഷ്ടമായിരുന്നു. ഹിന്ദി ഭാഷയോട് എനിക്ക് ഇഷ്ടം തോന്നിയിരുന്നു. വിവേകാനന്ദന്‍റെ ചിന്തകള്‍ എന്നില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് എനിക്ക് പറയാനാവും.

ചോദ്യം :   ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ എവിടെ കാണാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് ?.

പ്രധാനമന്ത്രി മോദി :    വര്‍ത്തമാന കാലത്ത് ജീവിക്കാന്‍‌ ആഗ്രഹിക്കുന്ന ഒരാള്‍ ചരിത്രത്തെ കുറിച്ച് ഓര്‍ത്ത് എന്തിന് ദുഖിക്കണം. ഒരാളും തന്‍റെ ജീവിതത്തില്‍ അത്തരത്തിലൊരു മണ്ടത്തരം ചെയ്യരുത്. നിര്‍ഭാഗ്യവശാല്‍‌ നമ്മുടെ രാജ്യത്ത് ഗവണ്‍മെന്‍റുകളും, രാഷ്ട്രീയ കക്ഷികളും, നേതാക്കളും സ്വന്തം പ്രതിഛായയുണ്ടാക്കാനാണ് എപ്പോഴും കഠിനമായി ശ്രമിച്ചിരുന്നത്. നമ്മുടെ സ്വന്തം പ്രതിഛായയ്ക്ക് പകരം നമ്മുടെ രാജ്യത്തിന്‍റെ പ്രതിഛായ സൃഷ്ടിക്കന്‍ നാം സ്വയം സമര്‍‌പ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?  ഈ രാജ്യത്തിന്‍റെ പ്രതിഛായ എന്നത് 125 കോടി ജനങ്ങളുടെ അന്തമില്ലാത്ത പൈതൃകമാണ്. ആ 125 കോടി ഇന്ത്യാക്കാരില്‍ കേവലം ഒരാള്‍ മാത്രമാണ് മോദി, അതില്‍ കൂടുതല്‍ യാതൊന്നുമല്ല. മോദിയുടെ വ്യക്തിത്വം ഈ 125 കോടി ജനങ്ങളില്‍ ഒന്നാകണം. ചരിത്രത്തിന്‍റെ താളുകളില്‍ മോദി ഇപ്രകാരമാകുന്നതില്‍ പരം സന്തോഷം എനിക്ക് മറ്റൊന്നില്ല.

മോദിജി അങ്ങയുടെ ഇത്രയും സമയം എനിക്ക് നല്‍കിയതില്‍ വളരെയേറെ നന്ദി. എന്‍റെ ആദ്യ ടെലിവിഷന്‍ അഭിമുഖം പ്രധാനമന്ത്രിയുമായിട്ടായതില്‍ എനിക്ക് അഭിമാനമുണ്ട്.

പ്രധാനമന്ത്രി മോദി :    താങ്കള്‍ ധനകാര്യ മേഖലയില്‍ നിന്നാണെങ്കിലും ഒരു രാഷ്ട്രിയ അഭിമുഖമാണ് നടത്തിയത്. താങ്കളുടെ ആത്മവിശ്വസം എനിക്ക് ഇഷ്ടമായി ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടരുക.

അങ്ങ് ഞങ്ങള്‍ക്ക് അഭിമുഖങ്ങള്‍ തന്ന്കൊണ്ടേയിരിക്കുക…..

പ്രധാനമന്ത്രി മോദി :    എന്തുകൊണ്ടാണ് രാഷ്ട്രീയക്കാരുമായി മാത്രം അഭിമുഖം നടത്തുന്നത്. ജീവിതത്തിന്‍റെ മറ്റ് തുറകളില്‍ ഒട്ടേറെപേര്‍ അഭിമുഖം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ടര്‍മാര്‍ നിങ്ങളുടെ കിടപ്പ് മുറിയില്‍ നിന്ന് ചിത്രീകരണം ആരംഭിച്ച് പ്രഭാത ഭക്ഷണത്തെയും മറ്റും കുറിച്ച് ചോദിച്ച് തുടങ്ങും. പക്ഷേ നമ്മുടെ കായിക താരങ്ങളുടെ ത്യാഗത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാഷ്ട്രീയക്കാര്‍ക്കായി സമയം പാഴാക്കുന്നതിനുപകരം നമ്മുടെ കായിക താരങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണം. അവര്‍ എങ്ങനെയാണ് അവരുടെ ഭക്ഷണവും ഉറക്കവും നിയന്ത്രിക്കുന്നതെന്നും, പരാജയപ്പെടുമ്പോള്‍പ്പോലും എങ്ങനെയാണ് പ്രതിബദ്ധതയോടെ നിലകൊള്ളുന്നതെന്നും മനസിലാക്കണം. അത്തരം തൃഗങ്ങള്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കാട്ടികൊടുക്കണം. റിയോ സംഘത്തില്‍ നിന്ന് 30 കായിക താരങ്ങളെ തിരഞ്ഞെടുത്ത് നിങ്ങളുടെ ചാനലില്‍ കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ നമ്മുടെ കായികതാരങ്ങളെ നാം ഇന്ന് കാണുന്ന രീതിക്ക് മാറ്റം വരുത്താനാകും. മാത്രവുമല്ല രാഷ്ട്രീയത്തിനതീതമായി അഭിമുഖം ചെയ്യപ്പെടേണ്ട നിരവധി വ്യക്തിത്വങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.