Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമക്കുറിപ്പ്


ബഹുമാനപ്പെട്ട പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍,
വിശിഷ്ടരായ റഷ്യന്‍, ഇന്ത്യന്‍ പ്രതിനിധിസംഘാംഗങ്ങളേ,
മാധ്യമപ്രവര്‍ത്തകരേ,

ഇന്ത്യയുടെ പഴയകാല സുഹൃത്തായ പ്രസിഡന്റ് പുടിനെ ഇന്നു ഗോവയിലേക്കു സ്വാഗതം ചെയ്യുന്നതില്‍ എനിക്കു വളരെയധികം സന്തോഷമുണ്ട്. ഒരു പഴയ സുഹൃത്ത് പുതിയ രണ്ടു സുഹൃത്തുക്കളേക്കാള്‍ മെച്ചമാണെന്നു റഷ്യന്‍ ഭാഷയില്‍ ഒരു ചൊല്ലുണ്ട്.

ബഹുമാനപ്പെട്ട പുടിന്‍, അങ്ങയ്ക്ക് ഇന്ത്യയോടുള്ള അഗാധമായ സ്‌നേഹത്തെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. താങ്കള്‍ വ്യക്തിപരമായി കാണിച്ച താല്‍പര്യം, ഇന്ത്യയും റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകമായിരുന്നു. അതുപോലെ തന്നെ, താങ്കളുടെ നേതൃത്വം, മാറിയ ആഗോളസാഹചര്യത്തില്‍ നമുക്കിടയിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനു ദൃഢത പകരുന്നതായിരുന്നു. നമുക്കിടയിലുള്ളത് സവിശേഷതയാര്‍ന്നതും സമാനതകളില്ലാത്തതുമായ ബന്ധമാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടു വാര്‍ഷിക ഉച്ചകോടികള്‍ മുതല്‍ നമ്മുടെ പങ്കാളിത്തത്തിനു പുതിയ ഉണര്‍വും ആവേശവും ലഭിച്ചു. നമുക്കിടയിലുള്ള ബന്ധത്തെക്കുറിച്ചു പ്രസിഡന്റ് പുടിനും ഞാനും വിശദമായി ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സവിശേഷമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയില്‍ കൈക്കൊണ്ട സൃഷ്ടിപരമായ തീരുമാനങ്ങള്‍. വരുംവര്‍ഷങ്ങളില്‍ പ്രതിരോധ, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള അടിത്തറ ഇതിലൂടെ ഒരുക്കപ്പെടും. കാമോവ് 226ടി ഹെലികോപ്റ്ററുകളുടെയും യുദ്ധക്കപ്പലുകളുടെയും നിര്‍മാണം, മറ്റു പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കല്‍ എന്നിവ ഇന്ത്യയുടെ സാങ്കേതിക, സുരക്ഷാ മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നവയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യപ്രാപ്തി നേടുന്നതിന് ഇതു സഹായകമാകും. ഇരുഭാഗത്തുനിന്നുള്ളവര്‍ക്കും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും സഹകരണം തേടുന്നതിനും സഹായകമാകുന്ന പ്രതിവര്‍ഷ സൈനിക വ്യവസായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും അഭിമാനം പകരുംവിധം വിവിധ മേഖലകളിലായുള്ള പ്രതിരോധ സഹകരണത്തിന്റെ സുദീര്‍ഘമായ ചരിത്രത്തിലെ പുതു അധ്യായങ്ങളാണ് ഈ പദ്ധതികള്‍. കൂടംകുളം രണ്ടിന്റെ സമര്‍പ്പണവും കൂടംകുളം മൂന്നിനും നാലിനും തറക്കല്ലിടലും വഴി ആണവോര്‍ജ മേഖലയില്‍ ഇന്ത്യ-റഷ്യ സഹകരണത്തിന്റെ പ്രത്യക്ഷമായ ഫലം നാം കണ്ടുകഴിഞ്ഞു. എട്ടു റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശവും കൂടി നടപ്പാകുന്നതോടെ ആണവോര്‍ജ മേഖലയില്‍നിന്നു വലിയ നേട്ടം ഇരു രാഷ്ട്രങ്ങള്‍ക്കും ലഭിക്കും. ഊര്‍ജസുരക്ഷ, ഉന്നത സാങ്കേതികവിദ്യ ആര്‍ജിക്കല്‍, പ്രാദേശികവല്‍ക്കരണം, ഇന്ത്യയിലെ ഉല്‍പാദനം വര്‍ധിപ്പിക്കല്‍ എന്നീ ആവശ്യങ്ങളെല്ലാം യാഥാര്‍ഥ്യക്കപ്പെടുന്നതിന് ഈ സഹകരണം സഹായകമാകും. റഷ്യയില്‍ ഹൈഡ്രോകാര്‍ബണ്‍ രംഗത്തു സാന്നിധ്യം ശക്തമാക്കുമെന്നു കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍വെച്ചു ഞാന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാലു മാസത്തിനകം മാത്രം ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ 5500 കോടി ഡോളറിന്റെ നിക്ഷേപം എണ്ണ, വാതക മേഖലകളില്‍ നടത്തിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ പിന്തുണയോടെ, സഹകരണം ഇനിയും വര്‍ധിപ്പിക്കാന്‍ നാം തയ്യാറാണു താനും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വാതക പൈപ്പ് സ്ഥാപിക്കുന്നതിനെക്കുറിച്ചു സംയുക്തമായി പഠിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ശക്തമായ ആണവ സഹകരണം, ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കല്‍, എണ്ണ-വാതക മേഖലയില്‍ സഹകരണം, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ സംബന്ധിച്ചുള്ള കൈമാറ്റം എന്നിവ പ്രതീക്ഷാപൂര്‍ണമായ ഊര്‍ജത്തിന്റെ ‘പാലം’ യാഥാര്‍ഥ്യമാക്കും.

സുഹൃത്തുക്കളേ,

ഭാവി മുന്നില്‍ക്കണ്ട് ശാസ്ത്ര സാങ്കേതിക കമ്മീഷന്‍ രൂപീകരിക്കാനും നാം പരസ്പരം സമ്മതിച്ചു. ഇതിലൂടെ സംയുക്തമായി പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയുടെ നേട്ടം ഇരു രാജ്യത്തിലെയും ജനതകള്‍ക്കു ലഭിക്കും. കഴിഞ്ഞ ഉച്ചകോടിയിലെന്നപോലെ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കാനും വികസിപ്പിക്കാനും വൈജാത്യവല്‍ക്കരിക്കാനും ഉദ്ദേശ്യമുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വാണിജ്യ, വ്യവസായ ബന്ധം മുമ്പെന്നത്തേക്കാളുമേറെ വര്‍ധിച്ചിട്ടുണ്ട്. വ്യാപാര-നിക്ഷേപ ബന്ധങ്ങളും കൂടിവരികയാണ്. യൂറേഷ്യന്‍ സാമ്പത്തിക സഖ്യ സ്വതന്ത്ര വ്യാപാര കരാര്‍ ഉപയോഗപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം വേഗത്തിലാക്കുന്നതിനു പുടിന്റെ പിന്തുണ സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഹരിത ഇടനാഴിയും രാജ്യാന്തര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴിയും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുകയും ചരക്കുനീക്കം സുഗമമാക്കുകയും പരസ്പരം ബന്ധപ്പെടുന്നതിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യും. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (എന്‍.ഐ.ഐ.എഫ്.) റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍.ഡി.ഐ.എഫ്.) ചേര്‍ന്ന് നൂറു കോടി ഡോളര്‍ വരുന്ന നിക്ഷേപക ഫണ്ട് രൂപീകരിക്കാനുള്ള ശ്രമം അടിസ്ഥാന സൗകര്യ രംഗത്തെ ബന്ധം മെച്ചപ്പെടുത്തുന്നതിനു സഹായകമാകും. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളെയും സംസ്ഥാനങ്ങളെയും കൂടി ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക ബന്ധം നമുക്ക് ആവശ്യമാണ്.

സുഹൃത്തുക്കളേ,

്ഈ ഉച്ചകോടിയുടെ വിജയം ഇന്ത്യയും റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തെ മുന്നോട്ടു നയിക്കും. പ്രധാന രാജ്യാന്തര, മേഖലാതല പ്രശ്‌നങ്ങളില്‍ നമുക്കുള്ള സമാനമായ വീക്ഷണത്തെ ഉയര്‍ത്തിക്കാട്ടുന്നതു കൂടിയാണ് ഈ ഉച്ചകോടി. ഭീകവാദം ഇല്ലാതാക്കണമെന്ന റഷ്യയുടെ വ്യക്തമായ വീക്ഷണം തന്നെയാണ് ഇന്ത്യക്കും ഉള്ളത്. നമ്മുടെ മേഖലയ്ക്കാകെ ഭീഷണി ഉയര്‍ത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള നമ്മുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന റഷ്യയുടെ നിലപാടിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. അഫ്ഗാനിസ്ഥാന്‍ പ്രശ്‌നത്തിലും പശ്ചിമേഷ്യന്‍ പ്രശ്‌നത്തിലും സമാനമാണു കാഴ്ചപ്പാടെന്നു പ്രസിഡന്റ് പുടിനും ഞാനും വിലയിരുത്തി. ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരതയെ നേരിടാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഐക്യരാഷ്ട്രസഭയിലും ബ്രിക്‌സിലും പൂര്‍വേഷ്യന്‍ ഉച്ചകോടിയിലും ജി-20ലും ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷനിലും അടുത്തു പ്രവര്‍ത്തിക്കുന്നത് നമ്മുടെ സഹകരണത്തെ എല്ലാ അര്‍ഥത്തിലുമുള്ള ആഗോള സഹകരണമാക്കി മാറ്റുന്നുണ്ട്.

ബഹുമാനപ്പെട്ട പുടിന്‍,

നാം തമ്മിലുള്ള നയതന്ത്ര ബന്ധം അടുത്ത വര്‍ഷം 70 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, കഴിഞ്ഞ കാലത്തില്‍ ഉണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങള്‍ ആഘോഷിക്കുകയാണു റഷ്യയും ഇന്ത്യയും. നമ്മുടെ പൊതു ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനും 21-ാം നൂറ്റാണ്ടില്‍ മുന്നില്‍ കാണുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ഉതകുന്ന പങ്കാളിത്ത മാതൃക കെട്ടിപ്പടുക്കാനുള്ള പ്രയത്‌നത്തിലാണു നാം. നാം തമ്മിലുള്ള അടുത്ത ബന്ധം ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധത്തിനു കൃത്യമായ ദിശ പകര്‍ന്നു നല്‍കുന്നതിനും കൂടുതല്‍ ഊര്‍ജം പകരുന്നതിനും അകക്കാമ്പ് പകരുന്നതിനും സഹായകമായിട്ടുണ്ട്. മാറിവരുന്ന മേഖലാതല, ആഗോള പരിതസ്ഥിതിയില്‍ അതു കരുത്തും അര്‍ഥവും പകരുകയും സമാധാനവും സുരക്ഷയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയും റഷ്യയും ഒരുമിച്ച് ശോഭായമാനമായ ഭാവിയിലേക്കു കുതിക്കും.

നന്ദി, വളരെയധികം നന്ദി.