പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 28-29 തീയതികളില്‍ ഗുജറാത്തും തമിഴ്നാടും സന്ദര്‍ശിക്കും. ജൂലൈ 28 ന് ഏകദേശം 12 മണിക്ക് സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകുകയും വൈകുന്നേരം ഏകദേശം 6 മണിക്ക് ചെന്നൈയിലെ ജെ.എല്‍.എന്‍ (ജവഹര്‍ലാല്‍ നെഹ്രു) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ജൂലൈ 29ന് രാവിലെ ഏകദേശം 10 മണിക്ക് അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ഗിഫ്റ്റ് സിറ്റി സന്ദര്‍ശിക്കാന്‍ ഗാന്ധിനഗറിലേക്ക് പോകും, അവിടെ വൈകുന്നേരം ഏകദേശം 4 മണിക്ക് അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.
പ്രധാനമന്ത്രി ഗുജറാത്തില്‍
ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുക എന്നതിനാണ് ഗവണ്മെന്റ് പ്രധാന ശ്രദ്ധ നല്‍കുന്നത്. ഈ ദിശയിലെ മറ്റൊരു ചുവടുവെയ്പ്പുമായി, ജൂലൈ 28ന് പ്രധാനമന്ത്രി സബര്‍ ഡയറി സന്ദര്‍ശിക്കുകയും, 1000 കോടിയിലധികം രൂപ ചെലവുവരുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്ലും നടത്തുകയും ചെയ്യും. ഈ പദ്ധതികള്‍ പ്രാദേശിക കര്‍ഷകരെയും പാല് ഉല്‍പ്പാദകരെയും ശാക്തീകരിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഈ മേഖലയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനവും നല്‍കും.
പ്രതിദിനം 120 ദശലക്ഷം ടണ്‍ (എം.ടി.പി.ഡി) ഉല്‍പ്പാദന ശേഷിയുള്ള പൗഡര്‍ പ്ലാന്റ് സബര്‍ ഡയറിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൊത്തം പദ്ധതിയുടെ ആകെ ചെലവ് 300 കോടി രൂപയിലേറെയാണ്. പ്ലാന്റിന്റെ രൂപരേഖ ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലുള്ളതാണ്. ഏതാണ്ട് പൂജ്യം വികരണമുള്ള ഇത് ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. പ്ലാന്റില്‍ ഏറ്റവും പുതിയതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ബള്‍ക്ക് പാക്കിംഗ് (തനിയെ പ്രവര്‍ത്തിക്കുന്ന വന്‍തോതിലുള്ള പാക്കിംഗ് സംവിധാനം) ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്.
സബര്‍ ഡയറിയിലെ അസെപ്റ്റിക് മില്‍ക്ക് (പാല് നശിച്ചുപോകാതെ)പാക്കേജിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഏറ്റവും അത്യാധുനികമായ പ്ലാന്റാണിത്. ഏകദേശം 125 കോടിയോളം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയും ഉള്ള ഏറ്റവും പുതിയ യന്ത്രവല്‍കൃത സംവിധാനമാണ് പ്ലാന്റിലുള്ളത്. പാല് ഉല്‍പ്പാദകര്‍ക്ക് മികച്ച വേതനം ഉറപ്പാക്കാന്‍ പദ്ധതി സഹായിക്കും.
സബര്‍ ചീസ്, വേ ഡ്രൈയിംഗിനുമുള്ള(മോര് വറ്റിക്കലിനും) പദ്ധതികളുടെ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള തുക ഏകദേശം 600 കോടി രൂപയാണ്. ചെഡ്ഡാര് ചീസ് (20 എം.ടി.പി.ഡി), മൊസറെല്ല ചീസ് (10 എം.ടി.പി.ഡി), സംസ്കരിച്ച ചീസ് (16 എം.ടി.പി.ഡി) എന്നിവ പ്ലാന്റ് നിര്‍മ്മിക്കും. ചീസ് നിര്‍മ്മാണ വേളയില്‍ ഉണ്ടായിവരുന്ന മോര്, വറ്റിക്കുന്നതിനുള്ള വേ ഡ്രൈയിംഗ് യന്ത്രത്തിന് 40 എം.ടി.പി.ഡിയുടെ ശേഷിയുണ്ടായിരിക്കും.
ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) ഭാഗമാണ് സബര്‍ ഡയറി, ഇത് അമുല്‍ ബ്രാന്‍ഡിന് കീഴിലുള്ള മുഴുവന്‍ പാലും പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.
ജൂലൈ 29 ന് പ്രധാനമന്ത്രി ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി) സന്ദര്‍ശിക്കും. ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുമുള്ള സാമ്പത്തിക, സാങ്കേതിക സേവനങ്ങളുടെ ഒരു സംയോജിത കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററുകളിലെ (ഐ.എഫ്.എസ്.സി) സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിനും നിയന്ത്രണത്തിനുമുള്ള ഏകീകൃത നിയന്ത്രതാവായ(റെഗുലേറ്റര്‍) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയുടെ (ഐ.എഫ്.എസ്.സി.എ) ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഒരു പ്രമുഖ അന്താരാഷ്ട്ര ധനകാര്യം കേന്ദ്രം എന്ന നിലയില്‍ വര്‍ദ്ധിച്ചുവരുന്ന ഗിഫ്റ്റ്-ഐ.എഫ്.എസ.്സിയുടെ പ്രാധാന്യവും ഔന്നിത്യവും പ്രതിഫലിപ്പിക്കുന്ന ഒരു പ്രതികാത്മക ഘടനയായാണ് ഈ കെട്ടിടം രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
ഗിഫ്റ്റ്-ഐ.എഫ്.എസ.്സിയില്‍ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ചായ (അന്താരാഷ്ട്ര കട്ടിപ്പൊന്ന് വിനിമയകേന്ദ്രം)ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്സ്ചേഞ്ച് (ഐ.ഐ.ബി.എക്സ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ സ്വര്‍ണ്ണത്തിന്റെ സാമ്പത്തികവല്‍ക്കരണത്തിന് പ്രേരണ നല്‍കുന്നതിന് പുറമെ, ഉത്തരവാദിത്ത സ്രോതസ്സും ഗുണനിലവാരവും ഉറപ്പുനല്‍കിക്കൊണ്ട് കാര്യക്ഷമമായ വില കണ്ടെത്തലിന് ഐ.ഐ.ബി.എക്സ് സൗകര്യമൊരുക്കും. ആഗോള ബുള്ളിയന്‍(കട്ടിപ്പൊന്ന്) വിപണിയില്‍ അതിന്റെ ശരിയായ സ്ഥാനം നേടാനും ആഗോള മൂല്യ ശൃംഖലയെ സമഗ്രതയോടും ഗുണനിലവാരത്തോടും കൂടി സേവിക്കാനും ഇത് ഇന്ത്യയെ ശാക്തീകരിക്കും. ഒരു സുപ്രധാന ഉപഭോക്താവെന്ന നിലയില്‍ ആഗോള കട്ടിപ്പൊന്ന് വിലയെ സ്വാധീനിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നതിനുള്ള ഇന്ത്യന്‍ ഗവണ്മെന്റിന്റെ പ്രതിബദ്ധത ഐ.ഐ.ബി.എക്സ് വീണ്ടും സമര്‍ത്ഥിക്കും.
എന്‍.എസ്.ഇ (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) ഐ.എഫ്.എസ്.സി -എസ്.ജി.എക്സ് (സിംഗപ്പൂര്‍ എക്സ്ചേഞ്ച് ലിമിറ്റഡ്) കണക്ടും(തമ്മില്‍ ബന്ധിപ്പിക്കുക) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗിഫ്റ്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ (ഐ.എഫ്.എസ്.സി) എന്‍.എസ്.ഇയുടെ അനുബന്ധ സ്ഥാപനവും സിംഗപ്പൂര്‍ എക്സ്ചേഞ്ച് ലിമിറ്റഡും (എസ്.ജി.എക്സ്) തമ്മിലുള്ള ഒരു ചട്ടക്കൂടാണിത്. കണക്റ്റിന് കീഴില്‍, സിംഗപ്പൂര്‍ എക്സ്ചേഞ്ചിലെ അംഗങ്ങള്‍ നല്കുന്ന നിഫ്റ്റി വകഭേദങ്ങളുടെ എല്ലാ ഓര്‍ഡറുകളും എന്‍.എസ്.ഇ-ഐ.എഫ്.എസ്.സി ഓര്‍ഡര്‍ മാച്ചിംഗ് ആന്‍ഡ് ട്രേഡിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയും പൊരുത്തപ്പെടുത്തുകയും ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള ബ്രോക്കര്‍മാരും-ഡീലര്‍മാരും അന്തര്‍ദേശീയ നിയമാധികാരപരിധിയിലുടനീളമുള്ളവരും കണക്റ്റ് വഴിയുള്ള ട്രേഡിംഗ് ഡെറിവേറ്റീവുകളില്‍ വന്‍തോതില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഗിഫ്റ്റ്-ഐ.എഫ്.എസ്.സിയിലെ ഡെറിവേറ്റീവ് മാര്‍ക്കറ്റുകളില്‍ (വകഭേദ വിപണികളില്‍) പണലഭ്യത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ അന്തര്‍ദ്ദേശീയ പങ്കാളികളെ കൊണ്ടുവരുകയും ഗിഫ്റ്റ്-ഐ.എഫ്.എസ്.സിയിലെ സാമ്പത്തിക ആവാസവ്യവസ്ഥയില്‍ നല്ല സ്വാധീനം സൃഷ്ടിക്കുകയും ചെയ്യും.
പ്രധാനമന്ത്രി തമിഴ്നാട്ടില്‍
ചെന്നൈയിലെ ജെ.എല്‍.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളോടൊപ്പം ജൂലൈ 28-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായിപ്രഖ്യാപിക്കുമ്പോള്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് മഹത്തരമായ ഉദ്ഘാടനത്തിന് സാക്ഷ്യംവഹിക്കും
ഏക്കാലത്തേയും ആദ്യത്തെ ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റാലിയും 2022 ജൂണ്‍ 19-ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫിഡെ ആസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് 40 ദിവസങ്ങളിലായി രാജ്യത്തെ 75 പ്രതികാത്മക സ്ഥലങ്ങളില്‍ ദീപശിഖ യാത്ര ചെയ്ത് 20,000 കിലോമീറ്ററിന് അടുത്ത് സഞ്ചരിച്ച് മഹാബലിപുരത്ത് സമാപിച്ചു.
2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 9 വരെ ചെന്നൈയിലാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന ഈ അഭിമാനകരമായ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്, 30 വര്‍ഷത്തിന് ശേഷമാണ് ഇത് ഏഷ്യയിലും എത്തുന്നത്. 187 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ വര്‍ഷമാണ് ഏതൊരു ചെസ് ഒളിമ്പ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തം. 6 ടീമുകളിലായി 30 കളിക്കാരെ ഇറക്കികൊണ്ട് മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വലിയ സംഘമായി മാറുകയുമാണ്.
ജൂലായ് 29-ന് ചെന്നൈയിലെ പ്രശസ്തമായ അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാനചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ 69പേര്‍ക്ക് അദ്ദേഹം സ്വര്‍ണമെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതണം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
1978 സെപ്റ്റംബര്‍ 4 നാണ് അണ്ണാ സര്‍വകലാശാല സ്ഥാപിതമായത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന സി.എന്‍. അണ്ണാദുരൈയുടെ നാമധേയമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഇതിന് 13 ഘടക കോളേജുകളും 494 അഫിലിയേറ്റഡ് കോളേജുകളും തമിഴ്നാട്ടില്‍ വ്യാപിച്ചുകിടക്കുന്നു, കൂടാതെ തിരുനെല്‍വേലി, മധുരൈ, കോയമ്പത്തൂര്‍ എന്നിങ്ങനെ 3 മേഖലാ കാമ്പസുകളുണ്ട്.
–ND–