പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂണ്‍ 19നു രാവിലെ 10.30നു പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും രാജ്യത്തിനു സമര്‍പ്പിക്കും. ചടങ്ങില്‍ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രഗതി മൈതാന്‍ പുനര്‍വികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ്.
പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി 920 കോടിയിലധികം രൂപ ചെലവഴിച്ചാണു നിര്‍മിച്ചിരിക്കുന്നത്. കേന്ദ്രഗവണ്‍മെന്റാണ് ഇതിനുള്ള തുക പൂര്‍ണമായും വകയിരുത്തിയത്. പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ ലോകോത്തര പ്രദര്‍ശന-സമ്മേളന കേന്ദ്രത്തിലേക്കു തടസ്സരഹിതവും സുഗമവുമായ പ്രവേശനം ലഭ്യമാക്കി അതിലൂടെ പ്രഗതി മൈതാനത്തു നടക്കുന്ന പരിപാടികളില്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കലാണ് ഇതിന്റെ ലക്ഷ്യം.
പ്രഗതി മൈതാനത്തിനു മാത്രമല്ല പദ്ധതി ഗുണം ചെയ്യുന്നത്. പദ്ധതി തടസ്സരഹിതമായ വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും വലിയ രീതിയില്‍ ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. നഗര അടിസ്ഥാനസൗകര്യങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്കു സുഗമമായ ജീവിതം ഉറപ്പാക്കുക എന്ന ഗവണ്‍മെന്റിന്റെ സമഗ്രമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. ഇതു പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെ കടന്നുപോകുന്നു. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തിനു പ്രഗതി മൈതാനത്തിന്റെ വലിയ അടിത്തറയിലെ പാര്‍ക്കിങ്ങിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ നിരവധി ലക്ഷ്യങ്ങളുണ്ട്. പാര്‍ക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിനു പ്രധാന ടണല്‍ റോഡിനു താഴെ രണ്ടു ക്രോസ് ടണലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നതാണു തുരങ്കത്തിന്റെ സവിശേഷഘടകം. മികച്ച അഗ്നിശമന സംവിധാനം, ആധുനിക വായുസഞ്ചാരമാര്‍ഗം, തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന ഡ്രെയിനേജ് സംവിധാനം, ഡിജിറ്റലായി നിയന്ത്രിക്കപ്പെടുന്ന സിസിടിവി, തുരങ്കത്തിനുള്ളിലെ പൊതു അറിയിപ്പ് സംവിധാനം തുടങ്ങി ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിനും മറ്റുമായി നൂതനമായ ആഗോള നിലവാരമുള്ള സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഈ തുരങ്കം ഭൈറോണ്‍ മാര്‍ഗിലേക്കുള്ള ബദല്‍ പാതയായി വര്‍ത്തിക്കും. നിലവില്‍ താങ്ങാവുന്നതിലും അധികം ഗതാഗതമാണ് ഭൈറോണ്‍ മാര്‍ഗിനുള്ളത്. ഭൈറോണ്‍ മാര്‍ഗിലെ ഗതാഗതഭാരം പകുതിയിലധികം കുറയ്ക്കാന്‍ പുതിയ സംവിധാനത്തിനാകുമെന്നാണു പ്രതീക്ഷ.
തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളും ഉണ്ടാകും (നാലെണ്ണം മഥുര റോഡിലും ഒന്ന് ഭൈറോണ്‍ മാര്‍ഗിലും ഒന്ന് റിങ് റോഡും ഭൈറോണ്‍ മാര്‍ഗും ചേരുന്ന ഇടത്തും).
-ND-