Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജൂണ്‍ 17, 18 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും


ജൂണ്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കും. ജൂണ്‍ 18 ന് രാവിലെ 9:15 ന്, പാവഗഢ് കുന്നിലെ പുനര്‍വികസിപ്പിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും, തുടര്‍ന്ന് ഏകദേശം 11:30 ന് അദ്ദേഹം വിരാസത് വനവും സന്ദര്‍ശിക്കും. അതിനുശേഷം, ഉച്ചയ്ക്ക് ഏകദേശം12:30 മണിക്ക് വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം 21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.

ഗുജറാത്ത് ഗൗരവ് അഭിയാന്‍

വഡോദരയില്‍ നടക്കുന്ന ഗുജറാത്ത് ഗൗരവ് അഭിയാനില്‍ ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ പങ്കെടുക്കും. 16,000 കോടി രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മറ്റുള്ളവയ്ക്ക് ഒപ്പം സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ 357 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലന്‍പൂര്‍ – മദാര്‍ വിഭാഗംരാജ്യത്തിന് സമര്‍പ്പിക്കുന്നതും; 166 കിലോമീറ്റര്‍ നീളമുള്ള അഹമ്മദാബാദ്-ബോട്ടാഡ് വിഭാഗത്തിന്റെ ഗേജ് പരിവര്‍ത്തനം; പാലന്‍പൂര്‍ – മിത വിഭാഗത്തിലെ 81 കിലോമീറ്റര്‍ ദൂരത്തിന്റെ വൈദ്യുതീകരണം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ മേഖലയിലെ മറ്റ് സംരംഭങ്ങളുടെ ശിലാസ്ഥാപനത്തോടൊപ്പം സൂറത്ത്, ഉദ്‌ന, സോമനാഥ്, സബര്‍മതി സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ പദ്ധതികള്‍ ഗതാഗത ചെലവ് കുറയ്ക്കാനും മേഖലയിലെ വ്യവസായ-കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനും സഹായിക്കും. ഇവ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നഗരമേഖലകളില്‍ 1,800 കോടി രൂപയുടെ ചെലവുവരുന്നതും ഗ്രാമീണമേഖലയില്‍ 1,530 കോടിയിലധികം രൂപ വരുന്നതുമായ വീടുകളും ഉള്‍പ്പെടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ മൊത്തം 1.38 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കും. ഇതിനുപുറമെ, 310 കോടിയിലധികം രൂപ ചെലവുവരുന്ന 3000 വീടുകളുടെ ഖത് മുഹൂര്‍ത്തവും നടക്കും.

പരിപാടിയില്‍, ഖേഡ, ആനന്ദ്, വഡോദര, ഛോട്ടാ ഉദേപൂര്‍, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ ഈ മേഖലകളിലെ ജീവിതം കുടുതല്‍ സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള 680 കോടിയിലധികം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഗുജറാത്തിലെ ദഭോയ് താലൂക്കിലെ കുന്ദേല ഗ്രാമത്തില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. വഡോദര നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയുടെ നിര്‍മ്മാണം ഏകദേശം 425 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കുകയും ഇതിലൂടെ 2500-ലധികം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും.
മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള 800 കോടി രൂപയുടെ ചെലവുവരുന്ന ‘മുഖ്യമന്ത്രി മാതൃശക്തി യോജന’യ്ക്കും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എല്ലാ മാസവും അങ്കണവാടികളിലൂടെ 2 കിലോ വെള്ളക്കടല, ഒരു കിലോ തുവരപ്പരിപ്പ്, ഒരു കിലോ ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നല്‍കും. ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഗോത്രവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുമായി വ്യാപിപ്പിച്ചിട്ടുള്ള ‘പോഷന്‍ സുധാ യോജന’ (ആരോഗ്യം മെച്ചപ്പെടുത്തല്‍ പദ്ധതി) യിലുള്ള ഏകദേശം 120 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്യും. ഗോത്രവര്‍ഗ്ഗ ജില്ലകളിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയേണ്‍, കാല്‍സ്യം ഗുളികകള്‍ വിതരണം ചെയ്യുകയും പോഷകാഹാരത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

പ്രധാനമന്ത്രി ശ്രീ കാളികാ മാതാ ക്ഷേത്രത്തില്‍ പാവഗഢ് കുന്നില്‍ പുനര്‍വികസിപ്പിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് വലിയതോതില്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതുമാണ്. രണ്ടു ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ പുനര്‍വികസനം നടത്തിയത്. പുനര്‍വികസനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഈ വര്‍ഷം ഏപ്രില്‍ ആദ്യം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന രണ്ടാം ഘട്ടത്തിന്റെ പുനര്‍വികസനത്തിനുള്ള തറക്കല്ലിടല്‍ 2017-ല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതില്‍  മൂന്ന് തലങ്ങളിലായി ക്ഷേത്രാടിത്തറയുടെയൂം പരിസരത്തിന്റെയും (പരിസര്‍) വിപുലീകരിക്കലും തെരുവ് വിളക്കുകള്‍, സി.സി.സി.ടി.വി സംവിധാനം പോലുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കലും ഉള്‍പ്പെടുന്നു.