Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ബജറ്റുമായി ബന്ധപ്പെട്ട ചരിത്രപരമായ പരിഷ്‌ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ് :

1. റയില്‍വേ ബജറ്റിനെ പൊതു ബജറ്റില്‍ ലയിപ്പിക്കും

2. പൊതു ബജറ്റിന്റെ അവതരണം ഫെബ്രുവരി മാസത്തെ അവസാന ദിനത്തിന് പകരം ഫെബ്രുവരി ഒന്നാം തീയതി ആയിരിക്കും.

3. ബജറ്റിന്റെയും അക്കൗണ്ടുകളുടെയും പദ്ധതി, പദ്ധതിയേതര തരം തിരിവ് ഇനി ഉണ്ടാവില്ല.

2017 -18 ലെ ബജറ്റു മുതല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം പ്രാബല്യം ഉണ്ടായിരിക്കും.

റയില്‍ ബജറ്റ് പൊതു ബജറ്റുമായി ലയിപ്പിക്കല്‍ :

റയില്‍ ബജറ്റിനെ പൊതു ബജറ്റുമായി ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത് താഴെപ്പറയുന്ന ധനകാര്യവും ഭരണപരവുമായ വ്യവസ്ഥകളോടെയാണ്.
1. ഒരു വകുപ്പെന്ന നിലയില്‍ റയില്‍വേ അതിന്റെ തനത് വ്യക്തിത്വം നിലനിര്‍ത്തുകയും ഒരു വാണിജ്യ സംരംഭം എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും.

2. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം റയില്‍വേ തങ്ങളുടെ പ്രവര്‍ത്തന സ്വയംഭരണവും ധനവിനിയോഗ അധികാരങ്ങലും തുടര്‍ന്നും നിലനിര്‍ത്തും.

3. റയില്‍വേയുടെ റവന്യൂ ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കല്‍ തുടങ്ങിയവ റയില്‍വേ തന്നെ തുടര്‍ന്നും നല്‍കും.

4. പ്രതീക്ഷിക്കുന്ന മൂലധനമായ 2.27 ലക്ഷം കോടി രൂപയില്‍ റയില്‍വേ വാര്‍ഷിക ലാഭവിഹിതം നല്‍കേണ്ടതില്ല. ഇതിന്റെ ഫലമായി 2017-18 മുതല്‍ റയില്‍വേയ്ക്ക് ലാഭവിഹിത ബാധ്യതയുണ്ടായിരിക്കുകയില്ല. റയില്‍വേയുടെ ബജറ്റ് വിഹിതവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തുക വഴി റയില്‍ മന്ത്രാലയത്തിന് ബജറ്ററി പിന്‍തുണയും ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റിന് വാര്‍ഷിക ലാഭവിഹിത ഇനത്തില്‍ നല്‍കേണ്ട 9,700 കോടി രൂപ റയില്‍വേയ്ക്ക് ലാഭിക്കാം.

1924 മുതലാണ് പ്രത്യേക റയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടന വ്യവസ്ഥ എന്നതിനെക്കാള്‍ ഒരു കീഴ് വഴക്കമെന്ന നിലയില്‍ അത് തുടരുകയായിരുന്നു. ലയനം താഴെപ്പറയുന്ന വിധത്തിലും സഹായിക്കും.
o ഒരു ഏകീകൃത ബജറ്റിന്റെ അവതരണം റയില്‍വേയുടെ കാര്യങ്ങളെ മുന്‍പന്തിയിലെത്തിച്ച് ഗവണ്‍മെന്റിന്റെ ധനകാര്യ സ്ഥിതിയെ കുറിച്ചുള്ള സമഗ്ര ചിത്രം നല്‍കും.

o ലയനത്തിന്റെ ഫലമായി റയില്‍വേയ്ക്കുള്ള ധനവിനിയോഗം മുഖ്യ ധനവിനിയോഗ ബില്ലിന്റെ ഭാഗമാകും.

ബജറ്റ് അവതരണം നേരത്തെയാക്കല്‍ :

2017-18 ബജറ്റ് അവതരണത്തിന്റെ കൃത്യമായ തീയതി സംസ്ഥാന നിയമ സഭകളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍കൂടി കണക്കിലെടുത്താവും നിശ്ചയിക്കുക.

ബജറ്റ് അവതരണം ഒരു മാസം നേരത്തെയാക്കുന്നത് വഴി മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും തങ്ങളുടെ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാവും.

പദ്ധതി പദ്ധതിയേതര തരംതിരിവ് ഇല്ലാതാക്കല്‍

2017-18 മുതല്‍ ബജറ്റിനും അക്കൗണ്ടുകളിലും പദ്ധതി പദ്ധതിയേതര തരംതിരിവ് ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ ഉപപദ്ധതികള്‍ക്കുള്ള വിഹിതത്തിന്റെ നീക്കിയിരിപ്പ് തുടരും. അതുപോലെ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതവും തുടരും.