പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. പ്രധാനമന്ത്രി കിഷിദ പ്രധാനമന്ത്രി മോദിക്കായി അത്താഴവിരുന്നും ഒരുക്കിയിരുന്നു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ ചില വിഷയങ്ങളിൽ അവർ സൃഷ്ടിപരമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തു.
പ്രതിരോധ നിർമ്മാണ മേഖലയിലുൾപ്പെടെ ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും കൂടുതൽ വർധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. അടുത്ത 2+2 വിദേശ, പ്രതിരോധ മന്ത്രിതല യോഗം എത്രയും വേഗം ജപ്പാനിൽ നടത്താമെന്ന് അവർ സമ്മതിച്ചു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന സാമ്പത്തിക ബന്ധത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ യെൻ എന്ന തങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇരുപക്ഷവും സംയുക്തമായി പ്രവർത്തിക്കണമെന്ന് അവർ സമ്മതിച്ചു. ഗതി ശക്തി സംരംഭത്തിലൂടെ ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കാനും ലോജിസ്റ്റിക്‌സും മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ത്യയിൽ ജാപ്പനീസ് കമ്പനികളുടെ വലിയ നിക്ഷേപങ്ങളെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി കിഷിദയോട് ആവശ്യപ്പെടുകയും ചെയ്തു. അത്തരത്തിലുള്ള നിക്ഷേപങ്ങൾ സുസ്ഥിരമായ വിതരണ ശൃംഖല സൃഷ്ടിക്കാൻ സഹായിക്കുകയും പരസ്പരം പ്രയോജനകരമാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം വർധിപ്പിക്കുകയാണെന്നും വിവിധ പിഎൽഐ പദ്ധതികൾക്ക് കീഴിൽ 24 ജാപ്പനീസ് കമ്പനികൾ വിജയകരമായി അപേക്ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതിയുടെ നടത്തിപ്പിലെ പുരോഗതി ഇരു നേതാക്കളും രേഖപ്പെടുത്തുകയും ഈ പദ്ധതിക്കായുള്ള മൂന്നാം ഗഡു വായ്പയുടെ നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. വിവര വിനിമയ സാങ്കേതിക വിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ഇരു നേതാക്കളും എടുത്തുകാണിക്കുകയും അടുത്ത തലമുറ ആശയവിനിമയ സാങ്കേതികവിദ്യകളുടെ വികസനത്തിൽ ഇരു കക്ഷികളുടെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കാനും സമ്മതിച്ചു. 5ജി , ബിയോണ്ട് 5ജി , സെമികണ്ടക്ടറുകൾ തുടങ്ങിയ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണത്തിന്റെ സാധ്യതകളും അവർ ചർച്ച ചെയ്തു. രണ്ട് പ്രധാനമന്ത്രിമാരും ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ക്ലീൻ എനർജി മേഖലയിൽ സഹകരണം ശക്തമാക്കാൻ സമ്മതിച്ചു.
ആളുകൾ തമ്മിലുള്ള ബന്ധം കൂടുതൽ വർധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ഇത്തരം ബന്ധങ്ങൾ ഉഭയകക്ഷി ബന്ധത്തിന്റെ നട്ടെല്ലായി മാറണമെന്ന് പ്രധാനമന്ത്രി കിഷിദ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ, സ്പെസിഫൈഡ് സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാമിന്റെ നടത്തിപ്പിലെ പുരോഗതി അവർ ശ്രദ്ധിക്കുകയും ഈ പരിപാടി കൂടുതൽ വിപുലീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. കോവാക്സിൻ, കോവിഷീൽഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശമുള്ള ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജപ്പാനിലേക്കുള്ള ക്വാറന്റൈൻ സൗജന്യ പ്രവേശനം സുഗമമാക്കുന്നതിന് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിന് മുൻഗണന നൽകുന്നതിന് ഇന്ത്യ-ജപ്പാൻ ആക്റ്റ് ഈസ്റ്റ് ഫോറം ഉപയോഗപ്രദമാണെന്ന് രണ്ട് നേതാക്കളും സമ്മതിച്ചു, വാർഷിക ഉച്ചകോടിയിൽ ഇരുപക്ഷവും തിരിച്ചറിഞ്ഞ വിവിധ പദ്ധതികൾ നേരത്തെ തന്നെ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു.
സമീപകാല ആഗോള, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. ഇൻഡോ-പസഫിക്കിലേക്കുള്ള തങ്ങളുടെ അതാത് സമീപനങ്ങളിലെ ഒത്തുചേരലുകൾ അവർ ശ്രദ്ധിക്കുകയും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, വാക്‌സിനുകൾ, സ്കോളർഷിപ്പുകൾ, നിർണായക സാങ്കേതികവിദ്യകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ക്വാഡിന്റെ സമകാലികവും ക്രിയാത്മകവുമായ അജണ്ടയിലെ പുരോഗതിയെ അവർ സ്വാഗതം ചെയ്തു.
സന്ദർശന വേളയിൽ തനിക്കും തന്റെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും നൽകിയ ഊഷ്മള ആതിഥ്യത്തിന് പ്രധാനമന്ത്രി കിഷിദയോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. അടുത്ത വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ജപ്പാൻ സന്ദർശിക്കാൻ പ്രധാനമന്ത്രി കിഷിദ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു, അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു.
–ND–
PM @narendramodi had a productive meeting with PM @kishida230. The two leaders discussed several subjects which will further cement the bond between India and Japan. pic.twitter.com/MyUhYeTQjt
— PMO India (@PMOIndia) May 24, 2022
Had an excellent meeting with PM @kishida230. This meeting gave us the opportunity to review the full range of relations between India and Japan. Our cooperation is rapidly rising and this augurs well for the people of our nations. pic.twitter.com/yLjMAuTimG
— Narendra Modi (@narendramodi) May 24, 2022