Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2022ന്റെ ഉദ്ഘാടനയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം

സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2022ന്റെ ഉദ്ഘാടനയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം


നമസ്‌കാരം!

ബംഗളൂരുവിനു നമസ്‌കാരം!

സെമികോണ്‍ ഇന്ത്യക്കു നമസ്‌കാരം!

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരേ, ഇലക്ട്രോണിക്സ്- സെമികണ്ടക്ടര്‍ വ്യവസായ പ്രമുഖരേ; നിക്ഷേപകരേ; വിദ്യാഭ്യാസ-നയതന്ത്ര വിദഗ്ധരേ, സുഹൃത്തുക്കളേ,

സെമികോണ്‍ ഇന്ത്യയുടെ ഉദ്ഘാടനസമ്മേളനത്തിലേക്ക് ഇന്നു നിങ്ങളെയേവരെയും സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത് എന്നതിലും ഞാന്‍ ആഹ്ലാദവാനാണ്. എല്ലാത്തിനുമുപരി, സെമികണ്ടക്ടറുകള്‍ നമുക്ക് സങ്കല്‍പ്പിക്കാനാകുന്നതിലും അധികം ലോകത്തു നിര്‍ണായകപങ്കാണു വഹിക്കുന്നത്. ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ വിതരണശൃംഖലയിലെ സുപ്രധാന പങ്കാളികളില്‍ ഒന്നാക്കി മാറ്റുക എന്നതു ഞങ്ങളുടെ കൂട്ടായ ലക്ഷ്യമാണ്. ഉയര്‍ന്ന സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരം, ഉയര്‍ന്ന വിശ്വാസ്യത എന്നീ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ ദിശയില്‍ പ്രവര്‍ത്തിക്കാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

സുഹൃത്തുക്കളേ,

സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകളുടെ ആകര്‍ഷകമായ നിക്ഷേപകേന്ദ്രമായി ഇന്ത്യ മാറുന്നതിനായി ആറുകാരണങ്ങളാണു ഞാന്‍ കാണുന്നത്.

ആദ്യമായി, 1.3 ബില്യണിലധികം ഇന്ത്യക്കാരെ കോര്‍ത്തിണക്കാന്‍ രാജ്യം ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാടുവിപ്ലവം എന്നീ മേഖലകളില്‍ ഇന്ത്യ അടുത്തിടെ കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചു നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകും. ഇന്നു ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പണമിടപാടു സംവിധാനമാണ് യുപിഐ. ആരോഗ്യവും ക്ഷേമവും മുതല്‍ ഏവരെയും ഉള്‍പ്പെടുത്തുന്നതിലേക്കും ശാക്തീകരണത്തിലേക്കും വരെ ഭരണത്തിന്റെ എല്ലാ മേഖലകളിലും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

പ്രതിശീര്‍ഷ ഡാറ്റയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിലൊന്നാണു ഞങ്ങള്‍. മാത്രമല്ല ഞങ്ങളുടെ വളര്‍ച്ച തുടരുകയും ചെയ്യുന്നു. രണ്ടാമതായി, അടുത്ത സാങ്കേതിക വിപ്ലവത്തിന് ഇന്ത്യയെ നയിക്കാന്‍ നാം വഴിയൊരുക്കുകയാണ്. ആറുലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡുമായി ബന്ധിപ്പിക്കാനുള്ള യാത്രയിലാണു ഞങ്ങള്‍. 5ജി, ഐഒടി, ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യകളിലെ ശേഷീവികസനത്തിനാണു ഞങ്ങള്‍ നിക്ഷേപം നടത്തുന്നത്. ഡാറ്റ, നിര്‍മിതബുദ്ധി, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ നവീകരണത്തിന്റെ അടുത്ത തരംഗം സൃഷ്ടിക്കാനാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാമതായി, ഇന്ത്യ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചയിലേക്കു കുതിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണു ഞങ്ങള്‍ക്കുള്ളത്. ഏതാനും ആഴ്ചകള്‍ കൂടുമ്പോള്‍ പുതിയ യൂണികോണുകള്‍ ഉദയം ചെയ്യുന്നു. ഇന്ത്യയുടെ സ്വന്തം സെമികണ്ടക്ടര്‍ ഉപഭോഗം 2026ഓടെ 80 ബില്യണ്‍ ഡോളറും 2030ഓടെ 110 ബില്യണ്‍ ഡോളറും കവിയുമെന്നാണു പ്രതീക്ഷിക്കുന്നത്. നാലാമതായി, ഇന്ത്യയില്‍ വ്യവസായം ചെയ്യല്‍ സുഗമമാക്കുന്നതിന് വിപുലമായ പരിഷ്‌കാരങ്ങളാണു ഞങ്ങള്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ 25,000ലധികം ചട്ടങ്ങള്‍ പാലിക്കുന്നത് ഒഴിവാക്കുകയും ലൈസന്‍സുകള്‍ സ്വയംപുതുക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. അതുപോലെ ഡിജിറ്റല്‍വല്‍ക്കരണം വഴിയുള്ള നിയന്ത്രണ ചട്ടക്കൂടില്‍ സുതാര്യതയും വേഗതയും കൊണ്ടുവന്നു. ഇന്നു ലോകത്തിലെ ഏറ്റവും അനുകൂലമായ നികുതിഘടനകളിലൊന്നാണ് നമുക്കുള്ളത്. അഞ്ചാമതായി, 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ യുവാക്കള്‍ക്കു നൈപുണ്യവികസനത്തിനും പരിശീലനം നല്‍കുന്നതിനും ഞങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. ലോകത്തിലെ സെമികണ്ടക്ടര്‍ ഡിസൈന്‍ എന്‍ജിനിയര്‍മാരുടെ 20% ഉള്‍പ്പെടുന്ന വിദഗ്ധരായ സെമികണ്ടക്ടര്‍ ഡിസൈനര്‍മാരുടെ നിര തന്നെ നമുക്കുണ്ട്. ഏറ്റവും മികച്ച 25 സെമികണ്ടക്ടര്‍ ഡിസൈന്‍ കമ്പനികളില്‍ ഏതാണ്ടെല്ലാവര്‍ക്കുംതന്നെ നമ്മുടെ രാജ്യത്തു ഡിസൈന്‍ അഥവാ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്. ആറാമതായി, ഉല്‍പ്പാദനമേഖല നവീകരിക്കുന്നതിനായി ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന മഹാമാരിയുമായി മനുഷ്യരാശി പോരാടുന്ന സമയത്ത്, ഇന്ത്യ നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല,  സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിനും കരുത്തുപകരുകയായിരുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ ‘ഉല്‍പ്പാദനബന്ധിത ആനുകൂല്യ’ പദ്ധതികള്‍ 14 പ്രധാന മേഖലകളിലായി 26 ബില്യണ്‍ ഡോളറിലധികം ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഞങ്ങള്‍ 10 ബില്യണ്‍ ഡോളറിലധികം മുതല്‍മുടക്കുവരുന്ന സെമി-കോണ്‍ ഇന്ത്യ പ്രോഗ്രാം പ്രഖ്യാപിച്ചു. സെമി-കണ്ടക്ടറുകള്‍, ഡിസ്‌പ്ലേ നിര്‍മ്മാണം, ഡിസൈന്‍ ആവാസവ്യവസ്ഥ എന്നിവയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്കു സാമ്പത്തിക സഹായം നല്‍കാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഒരു സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ പുഷ്ടിപ്പെടണമെങ്കില്‍ ഗവണ്‍മെന്റില്‍നിന്നു വേണ്ടത്ര പിന്തുണ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നു ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ സമീപനം സെമികണ്ടക്ടറുകളുടെ ഭാഷയില്‍ തന്നെ അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കൂ.

മുന്‍കാലങ്ങളില്‍, വ്യവസായങ്ങള്‍ അവരുടെ ജോലി ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷേ ഗവണ്‍മെന്റ് ”നോട്ട് ഗേറ്റ്” പോലെയായിരുന്നു. ”നോട്ട് ഗേറ്റ്” എന്നതിലേക്ക് എന്തെങ്കിലും ഇന്‍പുട്ട് എത്തുമ്പോള്‍ അതിനു തടസമുണ്ടാകും. അനാവശ്യമായ നിരവധി ചട്ടങ്ങള്‍ പാലിക്കലുണ്ടാകും. വ്യവസായനടത്തിപ്പു സുഗമമാക്കാനും വഴിയില്ലായിരുന്നു. പക്ഷേ, ഗവണ്‍മെന്റ് ”ആന്‍ഡ് ഗേറ്റ്” പോലെയാകണമെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. വ്യവസായങ്ങള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍, ഗവണ്‍മെന്റ് അതില്‍ കൂടുതല്‍ പ്രയത്‌നിക്കണം. ഭാവിയിലും വ്യവസായത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നതു തുടരുമെന്നു നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സെമി-കണ്ടക്ടര്‍ ഫാബ്, ഡിസ്‌പ്ലേ ഫാബ്, ഡിസൈന്‍, അസംബ്ലി, സെമികണ്ടക്ടറുകളുടെ ടെസ്റ്റും മാര്‍ക്കിങ്ങും പാക്കേജിങ്ങും തുടങ്ങിയ ആവാസവ്യവസ്ഥയുടെ വിവിധമേഖലകളെ സെമി-കോണ്‍ ഇന്ത്യ പ്രോഗ്രാം പരിഗണിക്കുന്നുണ്ടെന്നു ഞങ്ങള്‍ ഉറപ്പാക്കി.

സുഹൃത്തുക്കളേ,

ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്. ഈ അവസരം നാം പ്രയോജനപ്പെടുത്തണം. വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്. സാങ്കേതികവിദ്യക്കും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുമുള്ള ത്വര ഇന്ത്യയ്ക്കുണ്ട്. സഹായകരമായ നയസംവിധാനത്തിലൂടെ സാധ്യമായിടത്തോളം നിങ്ങള്‍ക്കായി ഞങ്ങള്‍ അനുകൂലമായ സാധ്യതകള്‍ ഒരുക്കി. ഇന്ത്യ എന്നാല്‍ വ്യവസായെമന്നാണ് അര്‍ഥമാക്കുന്നതെന്നു ഞങ്ങള്‍ കാണിച്ചുതന്നു! ഇനി നിങ്ങളുടെ ഊഴമാണ്.

സുഹൃത്തുക്കളേ,

വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ ലോകത്തെ സെമികണ്ടക്ടറുകളുടെ കേന്ദ്രമാക്കി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാവരുടെയും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സമ്മേളനത്തിലൂടെ ഞങ്ങള്‍ ഡൊമെയ്ന്‍ വിദഗ്ധരുമായി ഇടപഴകാനും ലക്ഷ്യമിടുന്നു. ഊര്‍ജസ്വലമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനു കൂടുതലായി എന്തെല്ലാം ചെയ്യാനാകുമെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ കൂട്ടാളികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും. ഈ സമ്മേളനത്തില്‍ ഇന്ത്യയെ പുതിയ ഭാവിയിലേക്കു നയിക്കാന്‍ സഹായിക്കുന്ന സമ്പന്നമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നന്ദി.

വളരെ നന്ദി.

നമസ്‌കാരം.

-ND-