Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ


പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌ക്കാരം, 
    
പുതിയ വിഷയങ്ങളും പ്രചോദനം നല്‍കുന്ന പുതിയ ഉദാഹരണങ്ങളും പുതിയ സന്ദേശങ്ങളുമായി ഞാന്‍ വീണ്ടും മന്‍ കി ബാത്തില്‍ വന്നിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ കത്തുകളും സന്ദേശങ്ങളും ഏതു വിഷയത്തിലാണ് വന്നതെന്നറിയാമോ? ചരിത്രം, വര്‍ത്തമാനം, ഭാവി മൂന്നിനേയും ബന്ധിപ്പിക്കുന്നതാണ് ഈ വിഷയം. നമ്മുടെ നാടിനു കിട്ടിയ പുതിയ പ്രധാനമന്ത്രി മ്യൂസിയത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 14 ന് ബാബ സാഹേബ് അംബേദ്ക്കറിന്റെ ജയന്തിക്കാണ് രാജ്യത്തിലെ പൗരന്മാര്‍ക്കായി പ്രധാനമന്ത്രി മ്യൂസിയം തുറന്നു നല്‍കിയത്. ഗുരുഗ്രാമില്‍ താമസിക്കുന്ന ശ്രീമാന്‍ സാര്‍ത്ഥക് കിട്ടിയ ആദ്യത്തെ അവസരത്തില്‍ തന്നെ മ്യൂസിയം സന്ദര്‍ശിച്ചു. അത് വളരെ രസകരമാണെന്ന് നമോ ആപ്പില്‍ എനിക്ക് സന്ദേശവും അയച്ചു. അദ്ദേഹം എനിക്ക് എഴുതി, അദ്ദേഹം വര്‍ഷങ്ങളായി വാര്‍ത്താ ചാനലുകള്‍ കാണുന്നു. പത്രം വായിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. അതുകൊണ്ട്, പൊതുവിജ്ഞാനത്തില്‍ താന്‍ മിടുക്കനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. പക്ഷേ, പ്രധാനമന്ത്രി മ്യൂസിയം കണ്ടപ്പോഴാണ് നമ്മുടെ നാടിനെയും നാടിനു നേതൃത്വം നല്‍കിയവരെയും പറ്റി ഒരുപാട് കാര്യങ്ങള്‍ തനിക്കറിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തന്റെ ജിജ്ഞാസ വളര്‍ത്തുന്ന പല കാര്യങ്ങളും അവിടെ കണ്ടതിനെപ്പറ്റി അദ്ദേഹം എഴുതി. ഉദാഹരണത്തിന് ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിക്ക് അദ്ദേഹത്തിന്റെ ഭാര്യാഗൃഹത്തില്‍ നിന്ന് സമ്മാനമായി ലഭിച്ച ചര്‍ക്ക കണ്ട്  സാര്‍ത്ഥകിന് വളരെ സന്തോഷം തോന്നിയത്രെ. അദ്ദേഹം അവിടെ ശാസ്ത്രിജിയുടെ പാസ്ബുക്കും കണ്ടു. അതില്‍ അദ്ദേഹത്തിന് എത്ര ചെറിയ സമ്പാദ്യമാണ് ഉണ്ടായിരുന്നത് എന്നും കണ്ടു. മൊറാര്‍ജി ദേശായിജി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കും മുന്‍പ് ഗുജറാത്തില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന വിവരവും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വളരെ നീണ്ട കരിയര്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരവും തനിക്ക് അറിയില്ലായിരുന്നു എന്ന്  സാര്‍ത്ഥക് എഴുതി. ജന്മിവ്യവസ്ഥ ഉന്മൂലനം ചെയ്യുന്നതില്‍ ചൗധരി ചരണ്‍ സിംഹിജിയുടെ സംഭാവനയെക്കുറിച്ചും തനിക്കറിയില്ലായിരുന്നുവെന്ന് സാര്‍ത്ഥക് പറയുന്നു. മാത്രമല്ല, ഭൂപരിഷ്‌ക്കരണ വിഷയത്തില്‍ പി വി നരസിംഹറാവുജിക്ക് ഉണ്ടായിരുന്ന താല്പര്യത്തെ പറ്റിയും തനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ചന്ദ്രശേഖര്‍ജി നാലായിരത്തിലധികം കിലോമീറ്റര്‍ കാല്‍നടയായി ഭാരതപര്യടനം നടത്തിയിട്ടുണ്ടെന്ന വിവരവും ഈ മ്യൂസിയം സന്ദര്‍ശിച്ചതിനു ശേഷമാണ് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. അതുപോലെ തന്നെ അടല്‍ജി ഉപയോഗിച്ച സാധനങ്ങള്‍ കണ്ടപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ടപ്പോഴും തനിക്ക് വളരെ അഭിമാനം തോന്നിയെന്നും അദ്ദേഹം പറയുന്നു. ഇതിനുപുറമെ മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ഡോ. അംബേദ്കര്‍, ജയപ്രകാശ് നാരായണ്‍, നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ പറ്റിയും വളരെ രസകരമായ ഒരുപാട് അറിവുകള്‍ സാര്‍ത്ഥകിന് മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ചു. 
 
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. 
    
സുഹൃത്തുക്കളേ, മ്യൂസിയത്തെ കുറിച്ച് ഇത്രയും പറഞ്ഞപ്പോള്‍ നിങ്ങളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിച്ച് നിങ്ങളുടെ പൊതുവിജ്ഞാനം അളക്കാന്‍ എനിക്ക് തോന്നുന്നു. യുവസുഹൃത്തുക്കളേ, നിങ്ങള്‍ തയ്യാറാണോ? പേനയും പേപ്പറും കൈയിലെടുത്തോ? ഞാന്‍ ഇപ്പോള്‍ നിങ്ങളോട് ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളുടെ ഉത്തരം നിങ്ങള്‍ നമോ ആപ്പിലോ സോഷ്യല്‍ മീഡിയയില്‍ #museum quiz ലോ നിര്‍ബ്ബന്ധമായും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയാകുമ്പോള്‍ രാജ്യമെമ്പാടുമുള്ള ആളുകള്‍ക്ക് മ്യൂസിയങ്ങളിലുള്ള താല്പര്യം വര്‍ദ്ധിക്കും. രാജ്യത്തിലെ ഏതു പട്ടണത്തിലാണ് കഴിഞ്ഞ 45 വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയുടെ പൈതൃകത്തെ കണ്ടറിയുവാനുള്ള അവസരം നല്‍കുന്ന റെയില്‍ മ്യൂസിയം എന്ന് അറിയാമോ? ഞാന്‍ ഒരു സൂചന തരാം. അവിടെ നിങ്ങള്‍ക്ക് ഫെയറി ക്യൂന്‍, സലൂണ്‍ ഓഫ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് മുതല്‍ Fireless Steam Locomotive വരെ കാണാന്‍ കഴിയും. മുംബൈയില്‍ ഏതു മ്യൂസിയത്തിലാണ് കറന്‍സിയുടെ പരിണാമത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത് കാണുവാന്‍ കഴിയുക എന്നറിയാമോ? അവിടെ ക്രിസ്തുവിന് മുന്‍പ് ആറാം നൂറ്റാണ്ടിലെ നാണയങ്ങള്‍ക്കാപ്പം ഇ-മണിയും ഉണ്ട്. മൂന്നാമത്തെ ചോദ്യം, വിരാസത് ഏ വാല്‍സ എന്ന മ്യൂസിയവുമായി ബന്ധപ്പെട്ടതാണ്. ഈ മ്യൂസിയം പഞ്ചാബിലെ ഏതു പട്ടണത്തിലാണെന്നറിയാമോ? പട്ടം പറത്തുന്നതില്‍ നിങ്ങള്‍ക്കെല്ലാം നല്ല താല്പര്യം ഉണ്ടാകുമല്ലോ. അടുത്ത ചോദ്യം ഇതുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിലെ ഒരേയൊരു കൈറ്റ് മ്യൂസിയം എവിടെയാണെന്നറിയാമോ? ഞാന്‍ ഒരു സൂചന നല്‍കാം. അവിടെയുള്ള ഏറ്റവും വലിയ പട്ടത്തിന്റെ വലിപ്പം 22 x 16 ഫീറ്റ് ആണ്. ഓര്‍മ്മ വന്നോ? ഇല്ലെങ്കില്‍ ഒരുകാര്യം കൂടി പറയാം. ഇത് ഏതു പട്ടണത്തിലാണോ ആ പട്ടണവുമായി ബാപ്പുജിക്ക് പ്രത്യേക ബന്ധമുണ്ട്. ചെറുപ്പത്തില്‍ സ്റ്റാമ്പ് ശേഖരിക്കാന്‍ ആര്‍ക്കാണ് താല്പര്യമില്ലാത്തത്. എന്നാല്‍ ഭാരതത്തില്‍ തപാല്‍ സ്റ്റാമ്പുമായി ബന്ധപ്പെട്ട നാഷണല്‍ മ്യൂസിയം എവിടെയാണ് എന്നറിയാമോ? ഞാന്‍ നിങ്ങളോട് ഒരു ചോദ്യം കൂടി ചോദിക്കട്ടെ, ഗുല്‍ശന്‍ മഹല്‍ എന്ന കെട്ടിടത്തില്‍ ഏതു മ്യൂസിയമാണുള്ളത്? ഈ മ്യൂസിയം കണ്ടാല്‍ നിങ്ങള്‍ക്ക് സിനിമാ സംവിധായകനാകാം, ക്യാമറ, എഡിറ്റിംഗ് മുതലായവയെ പറ്റിയുള്ള സൂക്ഷ്മമായ അറിവ് ലഭിക്കും. പോട്ടെ, ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍സിന്റെ പൈതൃകത്തെ ആഘോഷിക്കുന്ന മ്യൂസിയത്തെ പറ്റി നിങ്ങള്‍ക്കു അറിയാമോ? ഈ മ്യൂസിയത്തില്‍ മിനിയേച്ചര്‍ പെയിന്റിംഗ്‌സ്, ഇന്ത്യന്‍ മാനുസ്‌ക്രിപ്റ്റ്, ശില്പങ്ങള്‍ എന്നിവ ധാരാളമായുണ്ട്. ഈ മ്യൂസിയം അതിന്റെ അതുല്യമായ പ്രദര്‍ശനത്തിന് പേരുകേട്ടതാണ്.
    
സുഹൃത്തുക്കളേ, ടെക്‌നോളജിയുടെ ഈ കാലഘട്ടത്തില്‍ ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ എളുപ്പമായിരിക്കും. പുതിയ തലമുറയുടെ ജിജ്ഞാസ വര്‍ദ്ധിക്കട്ടെ. ഇവയെപ്പറ്റി കൂടുതല്‍ പഠിക്കട്ടെ, ഇതൊക്കെ പോയി കാണട്ടെ എന്നു കരുതിയാണ് ഞാന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചത്. മ്യൂസിയത്തിന്റെ മഹത്വം കാരണം ഒരുപാട് ആളുകള്‍ സ്വയം മുന്നോട്ട് വന്ന് മ്യൂസിയത്തിനായി ദാനം നല്‍കുന്നുണ്ട്. വളരെയധികം ആളുകള്‍ അവരുടെ പുരാതന ശേഖരം മ്യൂസിയത്തിന് ദാനം ചെയ്യുന്നുണ്ട്. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ സാംസ്‌കാരിക സമ്പത്ത് മുഴുവന്‍ സമൂഹവുമായി പങ്കുവെയ്ക്കുകയാണ്. ഭാരതത്തിലും ഇപ്പോള്‍ ഇതിനായി ആളുകള്‍ മുന്‍പോട്ടു വരുന്നുണ്ട്. ഇത്തരം പ്രയത്‌നങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് മാറുന്ന സമയത്തിനനുസരിച്ചും കോവിഡ് പ്രോട്ടോകോള്‍ കാരണവും മ്യൂസിയങ്ങളില്‍ പുതിയ രീതികള്‍ സ്വീകരിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നു. മ്യൂസിയങ്ങളില്‍ ഡിജിറ്റലൈസേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ് 18 ന് ലോകമെമ്പാടും അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആഘോഷിക്കുവാന്‍ പോകുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതുമായി ബന്ധപ്പെട്ട് എന്റെ യുവമിത്രങ്ങള്‍ക്കായി എനിക്ക് ഒരു ആശയമുണ്ട്. വരുന്ന  അവധിക്കാലത്ത് നിങ്ങള്‍ സുഹൃത്തുക്കളുമായി ഏതെങ്കിലും പ്രാദേശിക മ്യൂസിയം സന്ദര്‍ശിക്കുക. നിങ്ങളുടെ അനുഭവം #museum memories ല്‍ പങ്കുവെയ്ക്കുക. മ്യൂസിയത്തെ പറ്റി മറ്റുള്ളവരുടെ മനസ്സില്‍ ജിജ്ഞാസ ജനിപ്പിക്കുവാന്‍ ഇതു സഹായിക്കും. 
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പലതരം പ്രതിജ്ഞകള്‍ എടുക്കുന്നുണ്ടാകും. അവ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നുമുണ്ടാകും. സുഹൃത്തുക്കളേ, ഈയിടെ വളരെ വ്യത്യസ്തവും വിചിത്രവുമായ ഒരു പ്രതിജ്ഞയെപ്പറ്റി അറിയുവാന്‍ കഴിഞ്ഞു. ഇത് മന്‍ കി ബാത്ത് ശ്രോതാക്കളുമായി പങ്കിടാം എന്നു കരുതുന്നു.
    
സുഹൃത്തുക്കളേ, തന്റെ വീട്ടില്‍ നിന്നിറങ്ങുന്ന ഒരാള്‍ ദിവസം മുഴുവന്‍ പട്ടണത്തില്‍ കറങ്ങി നടക്കുമ്പോഴും ഒരു പൈസയുടെ പോലും കൊടുക്കല്‍ – വാങ്ങല്‍ കാഷ് ആയി നടത്തില്ല എന്ന്  പ്രതിജ്ഞയെടുത്താല്‍ ഇതൊരു രസകരമായ പ്രതിജ്ഞയല്ലേ. ദില്ലിയിലെ രണ്ടു പെണ്‍മക്കള്‍ – സാഗരികയും പ്രേക്ഷയും ഇത്തരത്തില്‍ ഒരു ക്യാഷ്‌ലെസ് ഡേ ഔട്ട് എന്ന പരീക്ഷണം നടത്തി. ദില്ലിയില്‍ എല്ലായിടത്തു പോയപ്പോഴും അവര്‍ക്കു ഡിജിറ്റല്‍ പേയ്‌മെന്റിന്റെ സൗകര്യം ലഭിച്ചു. യു പി ഐ, ക്യൂ ആര്‍ കോഡ് കാരണം അവര്‍ക്കു പണം പിന്‍വലിക്കേണ്ടി വന്നതേയില്ല. തട്ടുകടകളില്‍ പോലും അവര്‍ക്കു ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്റെ സൗകര്യം ലഭിച്ചു.      
    
സുഹൃത്തുക്കളേ, ഡല്‍ഹിയെന്ന മെട്രോ സിറ്റി ആയതിനാലാണ് ഇത്തരം സൗകര്യങ്ങള്‍ ലഭിച്ചത് എന്ന് ആരെങ്കിലും ധരിച്ചാല്‍ അത് ശരിയല്ല. യു പി ഐയുടെ പ്രചാരം ദില്ലി പോലുള്ള വലിയ പട്ടണങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഗാസിയാബാദിലെ ആനന്ദിത ത്രിപാഠിയുടെ ഒരു സന്ദേശം എനിക്ക് ലഭിച്ചു. ആനന്ദിത കഴിഞ്ഞയാഴ്ച തന്റെ ഭര്‍ത്താവിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പോയി. അവര്‍ അസം മുതല്‍ മേഘാലയ വരെയും പിന്നെ അരുണാചല്‍പ്രദേശിലെ തവാംഗ് വരെയുമുള്ള യാത്രയുടെ അനുഭവം എന്നോട് പങ്കുവെച്ചു. വളരെയധികം ദിവസങ്ങളെടുത്ത വിദൂര പ്രദേശങ്ങളിലെ ഈ യാത്രയില്‍ ഒരിക്കല്‍ പോലും അവര്‍ക്ക് ക്യാഷ് പിന്‍വലിക്കേണ്ടി വന്നില്ല എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ എവിടെയൊക്കെയാണോ ഇന്റര്‍നെറ്റിന്റെ നല്ല സൗകര്യം ഇല്ലാതിരുന്നത് അവിടെയൊക്കെ ഇപ്പോള്‍ യു പി ഐ പേയ്‌മെന്റിന്റെ സൗകര്യം ലഭ്യമാണ്. സാഗരികയുടെയും പ്രേക്ഷയുടെയും ആനന്ദിതയുടെയും അനുഭവങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിങ്ങളും ക്യാഷ്‌ലെസ് ഡേ ഔട്ട് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കൂ എന്നു പറയുവാനാണ്.
    
സുഹൃത്തുക്കളേ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീം യു പി ഐ വളരെ വേഗത്തില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെയും നമ്മുടെ ശീലങ്ങളുടെയും ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചെറുപട്ടണങ്ങളിലും മിക്ക ഗ്രാമങ്ങളിലും ആളുകള്‍ യു പി ഐയിലൂടെ കൊടുക്കല്‍-വാങ്ങല്‍ നടത്തുന്നു. ഡിജിറ്റല്‍ ഇക്കോണമി വഴി രാജ്യത്ത് ഒരു പ്രത്യേക സംസ്‌കാരം തന്നെ രൂപപ്പെട്ടു വന്നിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് വന്നതോടുകൂടി ഇടവഴികളിലെ ചെറു കടകള്‍ക്കു പോലും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ എളുപ്പത്തില്‍ കഴിയുന്നു. അവര്‍ക്കിപ്പോള്‍ ചില്ലറ കൊടുക്കുവാനുള്ള ബുദ്ധിമുട്ടില്ല. നിങ്ങളും നിത്യജീവിതത്തില്‍ യു പി ഐയുടെ സൗകര്യം അനുഭവിക്കുന്നുണ്ടാകും. ഇപ്പോള്‍ എവിടെ പോയാലും കാശ് കൊണ്ടുനടക്കുന്നതിന്റെ, ബാങ്കില്‍ പോകേണ്ടതിന്റെ, എ ടി എം അന്വേഷിച്ചു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. മൊബൈല്‍ ഫോണിലൂടെ എല്ലാവിധ പേയ്‌മെന്റും സാധ്യമാകുന്നു. ഇത്തരം ചെറിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി രാജ്യത്ത് എത്ര വലിയ ഡിജിറ്റല്‍ ഇക്കോണമിയാണ് തയ്യാറാകുന്നത് എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഓരോ ദിവസവും നമ്മുടെ രാജ്യത്തില്‍ ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ ട്രാന്‍സാക്ഷന്‍സ് നടക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ യു പി ഐ ട്രാന്‍സാക്ഷന്‍സ് ഏകദേശം 10 ലക്ഷം കോടി രൂപയില്‍ എത്തി. ഇതുകൊണ്ട് രാജ്യത്ത് സൗകര്യങ്ങളും വര്‍ദ്ധിച്ചുവരുന്നു. സത്യസന്ധതയുടെ അന്തരീക്ഷവും ഉണ്ടാകുന്നു. ഇപ്പോള്‍ രാജ്യത്ത് ഫിന്‍ടെക്കുമായി ബന്ധപ്പെട്ട് പല പുതിയ സ്റ്റാര്‍ട്ടപ്പുകളും ഉയര്‍ന്നുവരുന്നുണ്ട്. നിങ്ങള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റും സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവ പങ്കുവെയ്ക്കുക. ഇത് മറ്റു പലര്‍ക്കും പ്രേരണയാകും.
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ടെക്‌നോളജിയുടെ ശക്തി സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നത് നമ്മള്‍ നിരന്തരം, നമ്മുടെ ചുറ്റും കണ്ടുകൊണ്ടിരിക്കുന്നു. ടെക്‌നോളജി മറ്റൊരു വലിയ കാര്യം കൂടി ചെയ്തു. നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കളുടെ അസാമാന്യ കഴിവുകളുടെ നേട്ടം രാജ്യത്തിനും ലോകത്തിനു തന്നെയും നലകി. നമ്മുടെ ദിവ്യാംഗ സഹോദരങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്ന് നമ്മള്‍ ടോക്കിയോ പാരലിമ്പിക്‌സില്‍ കണ്ടു. കളിയില്‍ എന്നപോലെതന്നെ കല, വിദ്യാഭ്യാസം മറ്റു പല മേഖലകളിലും നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. സാങ്കേതികവിദ്യയുടെ ശക്തി കൂടി ലഭിക്കുമ്പോള്‍ ഇവര്‍ വളരെ വലിയ ലക്ഷ്യങ്ങള്‍ നേടുന്നത് കാണാം. ആയതിനാല്‍ നമ്മുടെ രാജ്യം ദിവ്യാംഗ സുഹൃത്തുക്കള്‍ക്ക് ആവശ്യമായ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുലഭമാക്കുവാന്‍ നിരന്തരം പ്രയത്‌നിക്കുന്നു. ഇതിന് പ്രചോദനം നല്‍കുന്ന പല കാര്യങ്ങളും രാജ്യത്തെ പല സ്റ്റാര്‍ട്ടപ്പുകളും മറ്റു സംഘടനകളും ചെയ്തുവരുന്നു. അത്തരത്തിലുള്ള ഒരു സ്ഥാപനമാണ് വോയ്‌സ് ഓഫ് സ്‌പെഷ്യലി ഏബിള്‍ഡ് പീപ്പിള്‍. ഈ സ്ഥാപനം അസിസ്റ്റീവ് ടെക്‌നോളജി എന്ന മേഖലയില്‍ പുതിയ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ദിവ്യാംഗ കലാകാരന്മാരുടെ കഴിവുകള്‍ ലോകമെമ്പാടും എത്തിക്കുവാനുള്ള നൂതന ശ്രമം നടത്തുന്നു. വോയ്‌സ് ഓഫ് സ്‌പെഷ്യലി ഏബിള്‍ഡ് പീപ്പിള്‍ എന്ന സംഘടന ദിവ്യാംഗരായ കലാകാരന്മാരുടെ ചിത്രങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ആര്‍ട്ട് ഗാലറി തയ്യാറാക്കി. നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കള്‍ പ്രതിഭാധനന്മാരാണ്. അവരുടെ അസാധാരണമായ കഴിവുകളുടെ ഉത്തമ ഉദാഹരണമാണ് ഈ ആര്‍ട്ട് ഗ്യാലറി. ദിവ്യാംഗ സുഹൃത്തുക്കള്‍ ജീവിതത്തില്‍ എന്തെല്ലാം വെല്ലുവിളികള്‍ നേരിടുന്നു, അവയെ തരണം ചെയ്ത് ജീവിതത്തില്‍ അവര്‍ എവിടം വരെ എത്തുന്നു എന്നൊക്കെ അവരുടെ പെയിന്റിങ്ങുകളിലൂടെ വെളിവാകുന്നു. നിങ്ങള്‍ക്കും ഏതെങ്കിലും ദിവ്യാംഗ സുഹൃത്തുക്കളെ അറിയാമെങ്കില്‍, അവരുടെ കഴിവുകള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഡിജിറ്റല്‍ ടെക്‌നോളജിയുടെ സഹായത്താല്‍ അവ ലോകത്തിനു മുന്നില്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം. ദിവ്യാംഗരായ കൂട്ടുകാര്‍ക്കും ഇത്തരം ശ്രമങ്ങളില്‍ പങ്കാളികളാകാം.
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട് വളരെ വേഗം വര്‍ദ്ധിക്കുന്നു. ഇത് വെള്ളം സംരംക്ഷിക്കുന്നതിനുള്ള നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ ഒരുപക്ഷേ, ആവശ്യത്തിനു വെള്ളം നിങ്ങള്‍ക്കു ലഭിക്കുന്നുണ്ടാകും. പക്ഷേ, നിങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന കോടിക്കണക്കിന് ആളുകളെയും ഓര്‍ക്കണം. അവര്‍ക്ക് ജലത്തിന്റെ ഓരോ തുള്ളിയും അമൃതിനു സമമാണ്. 
    
സുഹൃത്തുക്കളെ, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടുമ്പോള്‍ രാജ്യം ഏതൊക്കെ പ്രതിജ്ഞകളും ആയിട്ടാണോ മുന്നേറുന്നത് അവയിലൊന്നാണ് ജലസംരക്ഷണം. അമൃതമഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലയിലും 75 അമൃതസരോവരം ഉണ്ടാക്കും. ഇതെത്ര വലിയ യജ്ഞമാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ സ്വന്തം പട്ടണത്തില്‍ 75 അമൃതസരോവരം ഉണ്ടാക്കുന്ന ദിനം വിദൂരമല്ല. നിങ്ങള്‍ ഏവരും, പ്രത്യേകിച്ച് യുവാക്കള്‍ ഈ യജ്ഞത്തെപ്പറ്റി അറിയണമെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചരിത്രമോ, സ്വാതന്ത്ര്യസമരസേനാനിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളോ ഉണ്ടെങ്കില്‍ അവയെ അമൃതസരോവരവുമായി ബന്ധിപ്പിക്കാവുന്നതാണ്. അമൃതസരോവരത്തിന്റെ പ്രതിജ്ഞ എടുത്തതിനുശേഷം പലയിടങ്ങളിലും അതുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു എന്നറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്ക് യു പിയിലെ രാംപുര്‍ ഗ്രാമപഞ്ചായത്തിലെ പാര്‍വത്ത്യാരെ കുറിച്ചുള്ള വിവരം ലഭിച്ചു. അവിടെ ഗ്രാമസഭയുടെ ഭൂമിയില്‍ ഒരു കുളം ഉണ്ടായിരുന്നു. എന്നാല്‍ അത് അഴുക്കിന്റെയും ചപ്പുചവറിന്റെയും കൂമ്പാരം കൊണ്ട് നിറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ വളരെ പരിശ്രമിച്ച് ആ പ്രദേശത്തുള്ള ആളുകളുടെയും സ്‌കൂള്‍ കുട്ടികളുടെയും സഹായത്തോടെ ആ കുളത്തിന്റെ രൂപം തന്നെ മാറി. ഇപ്പോള്‍ ആ കുളത്തിന്റെ തീരത്ത് റീട്ടെയ്‌നിംഗ് വാള്‍, ചുറ്റുമതില്‍, ഫുഡ്‌കോര്‍ട്ട്, ഫൗണ്ടന്‍, ദീപാലങ്കാരം എന്നുവേണ്ട എന്തൊക്കെ ഏര്‍പ്പാടുകളാണുള്ളത്. ഈ യജ്ഞത്തില്‍ പങ്കുചേര്‍ന്ന രാംപുരിലെ പാര്‍വത്ത്യാര്‍ക്കും ഗ്രാമപഞ്ചായത്തിനും അവിടത്തെ കുട്ടികള്‍ക്കും എന്റെ ആശംസകള്‍.
    
സുഹൃത്തുക്കളെ വെള്ളത്തിന്റെ ലഭ്യതയും കുറവും ഒരു രാജ്യത്തിന്റെ പുരോഗതിയെയും മുന്നോട്ടുള്ള പോക്കിനെയും നിര്‍ണ്ണയിക്കുന്നു. ഞാന്‍ മന്‍ കി ബാത്തില്‍ ശുചിത്വം പോലുള്ള വിഷയത്തോടൊപ്പം പലതവണ ജലസംരക്ഷണത്തെ കുറിച്ചും പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. നമ്മുടെ ഗ്രന്ഥങ്ങളില്‍ വളരെ സ്പഷ്ടമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു, 
    
‘പാനീയം പരമം ലോകേ, ജീവാനാം  ജീവനം സമൃതം’ – അതായത് ലോകത്ത് ജലമാണ് ഒരു ജീവിയുടെ, ജീവന്റെ ആധാരം. മാത്രമല്ല, ഏറ്റവും വലിയ വിഭവശേഷിയും ജലം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പൂര്‍വ്വികര്‍ ജലസംരക്ഷണത്തിന് ഇത്രയും പ്രാധാന്യം നല്‍കിയത്. 
    
ഓരോ സ്ഥലത്തും വെള്ളം കരുതലോടു കൂടി ഉപയോഗിക്കുന്നതും കുളങ്ങള്‍, തടാകങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതും മനുഷ്യന്റെ സാമൂഹ്യമായ, ആദ്ധ്യാത്മികമായ കര്‍ത്തവ്യമായി വേദങ്ങള്‍ മുതല്‍ പുരാണങ്ങള്‍ വരെ ഉദ്‌ഘോഷിക്കുന്നു. രാമായണത്തില്‍ വാല്മീകി മഹര്‍ഷി ജലസ്രോതസ്സുകളെ കൂട്ടിയോജിപ്പിക്കുന്നതിലും ജലസംരക്ഷണത്തിലും പ്രത്യേക ഊന്നല്‍ നല്‍കുന്നു. അതുപോലെ സിന്ധു, സരസ്വതി, ഹാരപ്പ സംസ്‌കാരത്തില്‍ ജലവുമായി ബന്ധപ്പെട്ട് എത്ര വികസിതമായ എഞ്ചിനീയറിംഗാണ് നിലനിന്നിരുന്നതെന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമായിരിക്കുമല്ലോ? പുരാതനകാലത്ത് ധാരാളം നഗരങ്ങളിലെ ജലസ്രോതസ്സുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. അക്കാലത്ത് ജനസംഖ്യ അത്രയധികം ഉണ്ടായിരുന്നില്ല. പ്രകൃതിദത്തമായ വിഭവങ്ങള്‍ക്ക് യാതൊരു കുറവും ഇല്ലായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ വളരെ വിപുലമായ അവസ്ഥ. എന്നിട്ടും ജലസംരക്ഷണവുമായി ബന്ധപ്പെട്ട് വളരെ വലിയ ജാഗ്രത അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വിപരീതമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്തുള്ള പഴയ കുളങ്ങളേയും കിണറുകളേയും തടാകങ്ങളെയും കുറിച്ച് അറിവ് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അമൃതസരോവര യജ്ഞത്തിലൂടെ ജലസംരക്ഷണത്തോടൊപ്പം നിങ്ങളുടെ പ്രദേശത്തെ എല്ലാവരും തിരിച്ചറിയുകയും ചെയ്യും. ഇതിലൂടെ നഗരങ്ങളും തെരുവുകളും പ്രാദേശിക പര്യടന കേന്ദ്രങ്ങളും വികസിക്കും. ജനങ്ങള്‍ക്ക് ചുറ്റിനടക്കാനുള്ള ഒരിടവും ലഭിക്കും.
    
സുഹൃത്തുക്കളേ, ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രയത്‌നങ്ങളും നമ്മുടെ നാളെയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഇത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇതിനുവേണ്ടി നൂറ്റാണ്ടുകളായി ഓരോ സമൂഹവും പല പല പ്രയത്‌നങ്ങളും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നതായി  കാണാം. റാന്‍ ഓഫ് കച്ചിലെ ‘മാല്‍ധാരി’ എന്ന ജനസമൂഹം ജലസംരക്ഷണത്തിനായി ‘വൃദാസ്’ എന്ന ഒരു രീതിയാണ് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ ആദ്യം ചെറിയ കിണറുകള്‍ ഉണ്ടാക്കുന്നു. പിന്നെ അവയെ സംരക്ഷിക്കാനായി ചുറ്റും ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നു. ഇതുപോലെ തന്നെ മദ്ധ്യപ്രദേശിലെ ‘ഭീല്‍’ ജനവിഭാഗം ‘ഹല്‍മയെ’ അതായത് തങ്ങളുടെ ഐതിഹാസികമായ പാരമ്പര്യത്തെ ജലസംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുന്നു. ഈ ജനസമൂഹം തങ്ങളുടെ പാരമ്പര്യമനുസരിച്ച് ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു സ്ഥലത്ത് ഒത്തുചേരുന്നു. ഹല്‍മ പാരമ്പര്യത്തില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശപ്രകാരം ഈ മണ്ഡലങ്ങളില്‍ ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തുലോം കുറഞ്ഞിട്ടുള്ളതായി കാണാം. മാത്രല്ല, ഭൂഗര്‍ഭജലത്തിന്റെ തോത് ഉയരുന്നുമുണ്ട്. 
    
സുഹൃത്തുക്കളേ, ഇങ്ങനെയുള്ള കര്‍ത്തവ്യമനോഭാവം എല്ലാവരുടെയും മനസ്സിലുണ്ടായാല്‍ ജലവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ നിന്നുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം ഉണ്ടാകും. വരുവിന്‍ സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവത്തില്‍ നമുക്ക് ജലസംരക്ഷണത്തിനായി, ജീവന്റെ സംരക്ഷണത്തിനായി പ്രതിജ്ഞയെടുക്കാം. നാം ഓരോ തുള്ളി ജലവും സംരക്ഷിക്കും, ഓരോ ജീവനും രക്ഷിക്കും.
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസം മുന്‍പ് ഞാന്‍ നമ്മുടെ യാവാക്കളായ സുഹൃത്തുക്കളോട്, വിദ്യാര്‍ത്ഥികളോട് പരീക്ഷാ പേ ചര്‍ച്ച, അതായത് പരീക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ആ ചര്‍ച്ചയില്‍ തനിക്ക് പരീക്ഷയില്‍ കണക്കിനെ പേടിയാണെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങള്‍ പല വിദ്യാര്‍ത്ഥികളും സന്ദേശങ്ങളിലൂടെ എന്നെ അറിയിച്ചിരുന്നു. ആസമയത്ത് ഗണിതം അതായത് മാത്തമറ്റിക്‌സിനെ കുറിച്ച് ഇപ്രാവശ്യം ഞാന്‍ മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. സുഹൃത്തുക്കളേ, നമ്മള്‍ ഭാരതീയര്‍ തികച്ചും സ്വാഭാവികമായി മാത്രം ചിന്തിക്കേണ്ട ഒരു വിഷയമാണ് ഗണിതം. ഗണിതത്തില്‍ ലോകത്തിന് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും സംഭാവനകളും നല്‍കിയത് ഭാരതീയരാണ്. പൂജ്യം അതായത് സീറോ കണ്ടെത്തിയതും അതിന്റെ മഹത്വത്തെ കുറിച്ചും നിങ്ങള്‍ ധാരാളം കേട്ടിരിക്കും. ഒരുപക്ഷേ, സീറോ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ലോകത്തില്‍ ഇത്രയും വലിയ ഒരു ശാസ്ത്രപുരോഗതി നമുക്ക് കാണാന്‍ കഴിയില്ലായിരുന്നു. കാല്‍ക്കുലസ് മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള നമ്മുടെ ശാസ്ത്രീയമായ എല്ലാ കണ്ടുപിടുത്തങ്ങളും സീറോയെ ആധാരമാക്കിയുള്ളതാണ്. ഭാരതത്തിലെ ഗണിതജ്ഞന്മാരും വിദ്വാന്മാരും എത്രത്തോളം പറഞ്ഞിട്ടുണ്ട് എന്നു നോക്കൂ,
    യത് കിഞ്ചിത് വസ്തു തത് സര്‍വ്വം
    ഗണിതേന ബിനാ നഹി
അതായത്, ഈ സമ്പൂര്‍ണ്ണ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ടോ അവയെല്ലാം ഗണിതത്തെ  ആധാരമാക്കിയുള്ളതാണ്. ശാസ്ത്രപഠനത്തെ കുറിച്ച് ചിന്തിച്ചാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസ്സിലാകും. ശാസ്ത്രത്തിന്റെ ഓരോ തത്വവും ഒരു ഗണിത സമവാക്യത്തിലൂടെ വ്യക്തമാക്കാന്‍ സാധിക്കും. ന്യൂട്ടന്റെ നിയമങ്ങളാകട്ടെ, ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ സമവാക്യമാകട്ടെ, പ്രപഞ്ചവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രവും ഒരു ഗണിതം തന്നെയാണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനെയും വ്യക്തമാക്കാന്‍ കഴിയുന്ന ഒരു സിംഗിള്‍ ഫോര്‍മുല അതായത് തിയറി ഓഫ് എവരിതിംഗിനെ കുറിച്ച് ഇന്ന് ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നു. ഗണിതത്തിന്റെ സഹായത്താല്‍ ശാസ്ത്രത്തെ മനസ്സിലാക്കല്‍ എന്ന ഇത്രയും വിശാലമായ സങ്കല്പം നമ്മുടെ ഋഷിമാര്‍ നടത്തിക്കഴിഞ്ഞിരുന്നു. നമ്മള്‍ പൂജ്യം കണ്ടുപിടിച്ചു. അതോടൊപ്പം അനന്തം, അതായത് ഇന്‍ഫിനിറ്റ് സ്പഷ്ടമാക്കി. സാധാരണ സംസാരഭാഷയില്‍ നമ്മള്‍ സംഖ്യകളെ കുറിച്ച് സംസാരിക്കുമ്പോള്‍ മില്യണ്‍, ബില്യണ്‍, ട്രില്യണ്‍ വരെ പറയാറുണ്ട്, ചിന്തിക്കാറുണ്ട്. എന്നാല്‍ വേദങ്ങളിലും ഭാരതീയ ഗണിതത്തിലും ഈ എണ്ണല്‍ വളരെ വളരെ മുന്നോട്ട് പോയിരിക്കുന്നു. നമ്മുടെ നാട്ടില്‍ വളരെ പഴയ ഒരു ശ്ലോകം പ്രചാരത്തിലുണ്ട്. അത് ഇങ്ങനെയാണ്,
    ഏകം ദശം ശതം ചൈവ, സഹസ്രം അയുതം തഥാ
    ലക്ഷം ച നിയുതം ചൈവ, കോടിഃ അര്‍ബുദം ഏവ ച
    വൃന്ദം ഖര്‍വോ നിഖര്‍വഃ ച, ശംഖഃ പദ്മംഃ ച സാഗരഃ
    അന്ത്യം മദ്ധ്യം പരാര്‍ദ്ധഃ ച, ദശ വൃദ്ധ്യാ യഥാക്രമം
ഈ ശ്ലോകത്തില്‍ സംഖ്യകളുടെ ക്രമത്തെയാണ് പ്രതിപാദിച്ചിട്ടുള്ളത്. അതായത് ഒന്ന്, പത്ത്, നൂറ്, ആയിരം, പതിനായിരം, ലക്ഷം, പത്ത്‌ലക്ഷം പിന്നെ കോടി. ഈ സംഖ്യകള്‍ – ശംഖം, പദ്മം പിന്നെ സാഗരം വരെ മുമ്പോട്ട് പോകുന്നു. ഒരു സാഗരം എന്നാല്‍ പത്ത് ഘാതം അന്‍പത്തിയേഴ്. ഇതുമാത്രമല്ല, ഇനി മുന്‍പോട്ട് ഓഘ്, മഹോഘ് പോലുള്ള സംഖ്യകളും ഉണ്ട്. ഒരു മഹോഘ് പത്ത് ഘാതം അറുപത്തിരണ്ടിന് തുല്യം. അതായത് ഒന്നിനു ശേഷം 62 പൂജ്യം. നമുക്ക് ഇത്രവലിയ സംഖ്യകളെ കുറിച്ചു മനസ്സില്‍ സങ്കല്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭാരതീയ ഗണിതത്തില്‍ ഇവ ആയിരക്കണക്കിനു വര്‍ഷം മുന്‍പേ പ്രയോഗിച്ചു വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് Intel കമ്പനിയുടെ സി ഇ ഒ എന്നെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം എനിക്ക് ഒരു പെയിന്റിംഗ് തന്നു. അതില്‍ വാമനാവതാരത്തിലൂടെ ഗണന അഥവാ അളവിന്റെ ഒരു ഭാരതീയ പദ്ധതിയാണ് ചിത്രീകരിച്ചിരിക്കുന്നത്. Intel നെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ കമ്പ്യൂട്ടറിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു കാണും. കമ്പ്യൂട്ടറിന്റെ ഭാഷയിലെ ബൈനറി സിസ്റ്റത്തെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ നമ്മുടെ നാട്ടില്‍ പിംഗളാചാര്യനെ പോലുള്ള ഋഷിമാര്‍ ഉണ്ടായിരുന്നു. അദ്ദേഹം ബൈനറിയെ കുറിച്ച് പറഞ്ഞിരുന്നു എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അതുപോലെ ആര്യഭട്ടന്‍ മുതല്‍ രാമാനുജന്‍ വരെയുള്ള ഗണിതജ്ഞര്‍ ഗണിതത്തില്‍ എത്രയെത്ര സിദ്ധാന്തങ്ങളാണ് ആവിഷ്‌ക്കരിച്ചത്.
    
സുഹൃത്തുക്കളേ, ഭാരതീയരായ നമുക്ക് ഗണിതം ഒരിക്കലും ഒരു പ്രയാസമേറിയ വിഷയമല്ല. അതിന്റെ ഏറ്റവും മഹത്തായ കാരണം നമ്മുടെ വേദഗണിതം തന്നെയാണ്. ആധുനിക യുഗത്തില്‍ വേദഗണിതത്തിന്റെ കീര്‍ത്തി ശ്രീ ഭാരതി കൃഷ്ണ തീര്‍ത്ഥ മഹാരാജിന് അവകാശപ്പെട്ടതാണ്. അദ്ദേഹം കണക്കുകൂട്ടലിന്റെ പഴയ രീതികളെ പുനരുദ്ധരിച്ചു. അതിന് വേദഗണിതം എന്ന് പേരിട്ടു. നിങ്ങള്‍ക്ക് ഏറ്റവും പ്രയാസമുള്ള കണക്കുകള്‍ പോലും കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് മനസ്സില്‍ ചെയ്യാന്‍ കഴിയും എന്നതാണ് വേദഗണിതത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വേദഗണിതം പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമായ ധാരാളം യുവാക്കളുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കുമല്ലോ.
    
സുഹൃത്തുക്കളേ, ഇന്നത്തെ മന്‍ കി ബാത്തില്‍ വേദഗണിതം പഠിപ്പിക്കുന്ന ഒരു സുഹൃത്ത് നമ്മോടൊപ്പം ഉണ്ട്. കൊല്‍ക്കത്തയിലെ ശ്രീ ഗൗരവ് ടേകരിവാള്‍. അദ്ദേഹം കഴിഞ്ഞ രണ്ട്-രണ്ടര ദശകങ്ങളായി വേദിക് മാത്തമാറ്റിക്‌സ് എന്ന പ്രസ്ഥാനത്തെ വളരെ അര്‍പ്പണ മനോഭാവത്തോടുകൂടി മുന്‍പോട്ട് കൊണ്ടുപോവുകയാണ്. വരൂ, നമുക്ക് അദ്ദേഹത്തോട് അല്പം സംസാരിക്കാം. 
മോദിജി:  ശ്രീ ഗൗരവ് നമസ്‌തേ
ഗൗരവ്: നമസ്‌തേ സര്‍
മോദിജി: താങ്കള്‍ വേദിക് മാത്‌സില്‍ അഭിരുചിയുള്ള ആളാണെന്നും അതിനുവേണ്ടി വളരെയധികം പ്രവര്‍ത്തിക്കുന്നതായും ഞാന്‍ കേട്ടു. ഞാന്‍ ആദ്യം താങ്കളുടെ വിഷയത്തെ കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം ഈ വിഷയത്തില്‍ താങ്കള്‍ക്ക് താല്പര്യം എങ്ങനെയുണ്ടായി എന്നതും എന്നോട് പറയുമല്ലോ അല്ലേ?
ഗൗരവ്: സര്‍, ഞാന്‍ 20 വര്‍ഷം മുന്‍പ് ബിസിനസ്സ് സ്‌കൂളിലേക്ക് അപേക്ഷിച്ചപ്പോള്‍ CAT എന്ന മത്സര പരീക്ഷ എഴുതേണ്ടി വന്നു. അതില്‍ ഗണിതത്തില്‍ നിന്നും ധാരാളം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അവ വളരെ കുറച്ചു സമയം കൊണ്ട് ചെയ്യേണ്ടിയിരുന്നു. അപ്പോള്‍ എന്റെ അമ്മ എനിക്ക് വേദിക് മാത്‌സ് എന്ന് പേരുള്ള ഒരു പുസ്തകം വാങ്ങിത്തന്നു. ആ പുസ്തകം എഴുതിയത് ശ്രീ ഭാരതി കൃഷ്ണ തീര്‍ത്ഥ മഹാരാജ് ആയിരുന്നു. ഗണിതം ലളിതമായി വളരെ വേഗത്തില്‍ ചെയ്യാവുന്ന പതിനാറ് സൂത്രങ്ങള്‍ അദ്ദേഹം അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് പ്രചോദനം ലഭിച്ചു. ഗണിതത്തില്‍ എന്റെ അഭിരുചി ഉണര്‍ന്നു. ഈ വിഷയം ഭാരതത്തിന്റെ സംഭാവനയാണെന്നും ഇത് നമ്മുടെ പൈതൃക സ്വത്താണെന്നും ഇതിനെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ കഴിയും എന്നും എനിക്കു മനസ്സിലായി. അപ്പോള്‍ മുതല്‍ വേദഗണിതത്തെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുവാനുള്ള ഒരു ദൗത്യമായി ഇതിനെ ഞാന്‍  മാറ്റി. കണക്കിനോടുള്ള പേടി മിക്കവരേയും അലട്ടുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. വേദഗണിതത്തേക്കാള്‍ എളുപ്പമായി മറ്റെന്തുണ്ട്?
മോദിജി: ഗൗരവ് നിങ്ങള്‍ എത്ര നാളായി ഇതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു?
ഗൗരവ്: ഇപ്പോള്‍ ഏകദേശം 20 വര്‍ഷമായി സര്‍. ഞാന്‍ ഇതില്‍ത്തന്നെ ലയിച്ചിരിക്കുകയാണ്.
മോദിജി: വേദഗണിതത്തെപ്പറ്റി അവബോധമുണ്ടാക്കാന്‍ താങ്കള്‍ എന്തൊക്കെ ചെയ്യുന്നു? ജനങ്ങളെ എങ്ങനെയാണ് സമീപിക്കുന്നത്?
ഗൗരവ്: ഞങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നു. പിന്നെ ഓണ്‍ലൈനായും പഠിപ്പിക്കുന്നു. Vedic Maths Forum India എന്നാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ പേര്. ഈ സ്ഥാപനത്തില്‍ ഞങ്ങള്‍ 24 മണിക്കൂറും ഇന്റര്‍നെറ്റിലൂടെ വേദഗണിതം പഠിപ്പിക്കുന്നുണ്ട് സര്‍.
മോദിജി: ഞാന്‍ തുടര്‍ച്ചയായി കുട്ടികളോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നും അതിനുള്ള അവസരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു എന്നുമുള്ള കാര്യം താങ്കള്‍ക്ക് അറിയാമല്ലോ. എക്‌സാം വാരിയറിലൂടെ ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ തികച്ചും അതിനെ ഇന്‍സ്റ്റിറ്റിയൂഷണലൈസ്ഡ് ചെയ്തിരിക്കുകയാണ്. കുട്ടികളോട് സംസാരിക്കുമ്പോഴെല്ലാം ഗണിതം എന്ന് കേട്ടാലുടനെ അവര്‍ ഓടിയൊളിക്കുന്നു എന്നതാണ് എന്റെ അനുഭവം. അകാരണമായ ഈ ഭയം എങ്ങനെ ഇല്ലാതാക്കാം. അതിനുവേണ്ടിയാണ് എന്റെ ശ്രമം. പരമ്പരാഗതമായുള്ള ചെറിയ ചെറിയ ടെക്‌നിക്കുകള്‍ നമുക്കുണ്ട്. ഗണിതത്തിന്റെ കാര്യത്തില്‍ ഭാരതത്തിന് അതൊരു പുതുമയല്ല. ഇക്കാര്യത്തില്‍ നമുക്ക് മഹത്തായ പാരമ്പര്യവുമുണ്ട്. അപ്പോള്‍ ഗണിതത്തോടുള്ള എക്‌സാം വാരിയേഴ്‌സിന്റെ ഭയം മാറ്റുന്നതില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
ഗൗരവ്: സര്‍, ഇത് കുട്ടികള്‍ക്ക് ഏറ്റവുമധികം ഉപയോഗപ്രദമാണ്. കാരണം പരീക്ഷാപ്പേടി കാരണം വീടുകളില്‍ പൊല്ലാപ്പാണ്. പരീക്ഷയ്ക്കു വേണ്ടി കുട്ടികള്‍ ട്യൂഷന് പോകുന്നു. രക്ഷാകര്‍ത്താക്കള്‍ ബുദ്ധിമുട്ടുന്നു. അദ്ധ്യാപകര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ വേദിക് മാത്‌സ് എന്നു കേട്ടാല്‍ ഇതെല്ലാം അപ്രത്യക്ഷമാകുന്നു. സാധാരണ ഗണിതത്തെ അപേക്ഷിച്ച് വേദിക് മാത്‌സിന് ആയിരത്തിഅഞ്ഞൂറ് ശതമാനം വേഗത കൂടുതലാണ്. ഇതിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ബുദ്ധിയും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. നമ്മള്‍ വേദഗണിതത്തോടൊപ്പം യോഗയും പരിചയപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ മനസ്സുവെച്ചാല്‍ കണ്ണും പൂട്ടി അവര്‍ക്ക് വേദഗണിത പദ്ധതിയിലൂടെ കാല്‍ക്കുലേഷന്‍ നടത്താം.
മോദിജി: അതുപോലെ ധ്യാനത്തിന്റെ നമ്മുടെ പാരമ്പര്യം – അതിലും ഈ രീതിയില്‍ ഗണിതം ചെയ്യുക എന്നത് ധ്യാനത്തിന്റെ ഒരു പ്രൈമറി കോഴ്‌സ് തന്നെയാണ്.
ഗൗരവ്: ശരിയാണ് സര്‍
മോദിജി: ഗൗരവ്, താങ്കള്‍ ഒരു ദൗത്യം എന്ന രീതിയില്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് വളരെ നല്ലതു തന്നെ. താങ്കളുടെ അമ്മ ഒരു ഗുരുവിന്റെ രൂപത്തില്‍ താങ്കളെ ഈ മാര്‍ഗ്ഗത്തിലൂടെ നയിച്ചത് എനിക്ക് വളരെ ഇഷ്ടമായി. ഇന്ന് താങ്കള്‍ ലക്ഷക്കണക്കിന് കുട്ടികളെ ആ മാര്‍ഗ്ഗത്തിലൂടെ മുന്‍പോട്ട് നയിക്കുന്നു. താങ്കള്‍ക്ക് എന്റെ ആയിരമായിരം ശുഭാശംസകള്‍.
ഗൗരവ്: നന്ദി സര്‍. ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു സര്‍. താങ്കള്‍ വേദ്ക് മാത്‌സിന് പ്രാധാന്യം കൊടുത്തു. എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തു. ഞങ്ങള്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു സര്‍.
മോദിജി: നന്ദി. നമസ്‌കാരം.
ഗൗരവ്: നമസ്‌തേ സര്‍
    
സുഹൃത്തുക്കളേ, ശ്രീ ഗൗരവ് വേദഗണിതം ഉപയോഗിച്ച് ഗണിതത്തിലെ ബുദ്ധിമുട്ടിനെ മാറ്റി എങ്ങനെ പഠനം രസകരമാക്കാം എന്ന് നല്ലരീതിയില്‍ നമുക്ക് പറഞ്ഞുതന്നു. ഇതുമാത്രമല്ല, വേദിക് മാത്‌സിലൂടെ നിങ്ങള്‍ക്ക് വളരെ വലിയ സയന്റിഫിക് പ്രോബ്ലംസും സോള്‍വ് ചെയ്യാന്‍ കഴിയും. എല്ലാ മാതാപിതാക്കളും തീര്‍ച്ചയായും അവരുടെ കുട്ടികളെ വേദിക് മാത്‌സ് പഠിപ്പിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുക തന്നെ ചെയ്യും. അവരുടെ തലച്ചോറിന്റെ അനലറ്റിക്കല്‍ പവര്‍ അതായത് വിവേചനബുദ്ധി വര്‍ദ്ധിക്കും. ഗണിതവുമായി ബന്ധപ്പെട്ട് കുറച്ച് കുട്ടികള്‍ക്കെങ്കിലും ചെറിയ ഭയം ഉണ്ടെങ്കില്‍ അതും പൂര്‍ണ്ണമായും ഇല്ലാതാകും. 
    
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്നത്തെ മന്‍കി ബാത്തില്‍ മ്യൂസിയം മുതല്‍ ഗണിതം വരെയുള്ള ധാരാളം അറിവ് വര്‍ദ്ധിപ്പിക്കുന്ന വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ വിഷയങ്ങളെല്ലാം നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് മന്‍ കി ബാത്തിന്റെ ഭാഗമായത്. ഇതുപോലെ തന്നെ ഇനിയും നിങ്ങള്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നമോ ആപ്പിലൂടെയും My gov പോര്‍ട്ടലിലൂടെയും അയച്ചു കൊണ്ടിരിക്കുക. വരും ദിവസങ്ങളില്‍ രാജ്യത്ത് ഈദ് ഉത്സവവും വരികയാണ്. മെയ് 3 ന് അക്ഷയതൃതീയയാണ്. അന്ന് ഭഗവാന്‍ പരശുരാമ ജയന്തിയും നമ്മള്‍ ആഘോഷിക്കും. കുറച്ചുകഴിഞ്ഞാല്‍ വൈശാഖ ബുദ്ധ പൂര്‍ണ്ണിമ മഹോത്സവം വരും. ഇവയെല്ലാം സംയമനത്തിന്റേയും പവിത്രതയുടെയും ദാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷങ്ങളാണ്. നിങ്ങള്‍ക്കെല്ലാം ഞാന്‍ മുന്‍കൂറായി ശുഭാശംസകള്‍ നേരുന്നു. ഈ ആഘോഷങ്ങളെല്ലാം വളരെ വളരെ ഉല്ലാസത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ആഘോഷിക്കണം. ഇവക്കിടയിലും നിങ്ങള്‍ കൊറോണയെ കുറിച്ച് ജാഗരൂകരായിരിക്കണം. മാസ്‌ക് ധരിക്കുക, നിശ്ചിത ഇടവേളകളില്‍ കൈകള്‍ കഴുകുക, സ്വരക്ഷയ്ക്ക് ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുക. അടുത്ത തവണ മന്‍ കി ബാത്തില്‍ വീണ്ടും കാണാം. നിങ്ങള്‍ അയച്ച ചില പുതിയ വിഷയങ്ങളെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ വിടവാങ്ങുന്നു.
 
ആയിരമായിരം നന്ദി.
****
–ND–