Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അഫ്ഗാനിസ്ഥാൻ സിഖ്-ഹിന്ദു പ്രതിനിധികളുമായി  കൂടിക്കാഴ്ച നടത്തി 

പ്രധാനമന്ത്രി അഫ്ഗാനിസ്ഥാൻ സിഖ്-ഹിന്ദു പ്രതിനിധികളുമായി  കൂടിക്കാഴ്ച നടത്തി 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്-ഹിന്ദു പ്രതിനിധികളുമായി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിൽ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖുകാരെയും ഹിന്ദുക്കളെയും സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് അവർ പ്രധാനമന്ത്രിയെ ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അവർ അതിഥികളല്ല, സ്വന്തം വീട്ടിലാണ് ഉള്ളതെന്നും ഇന്ത്യ അവരുടെ വീടാണെന്നും കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിൽ അവർ നേരിടുന്ന വലിയ ബുദ്ധിമുട്ടുകളെക്കുറിച്ചും അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാൻ സർക്കാർ നൽകുന്ന സഹായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ വെളിച്ചത്തിൽ, പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിനുള്ള അതിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അവർ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ഭാവിയിലും തുടർച്ചയായ പിന്തുണ അവർക്ക് ഉറപ്പ് നൽകി.

ഗുരു ഗ്രന്ഥ സാഹിബിനെ ആദരിക്കുന്ന പാരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു, അതിന്റെ വെളിച്ചത്തിൽ ഗുരു ഗ്രന്ഥ സാഹിബിന്റെ സ്വരൂപത്തെ  അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെ കൊണ്ടുവരാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തു. വർഷങ്ങളായി തനിക്ക് അഫ്ഗാനികളിൽ നിന്ന് ലഭിച്ച അപാരമായ സ്നേഹത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, കാബൂൾ സന്ദർശനം സ്നേഹപൂർവ്വം അനുസ്മരിച്ചു.

സിഖ് സമൂഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്ന് സഹായം അയച്ചതിന് പ്രധാനമന്ത്രിയോട് ശ്രീ മഞ്ജീന്ദർ സിംഗ് സിർസ നന്ദി പറഞ്ഞു, ആരും തങ്ങൾക്കൊപ്പം നിൽക്കാതിരുന്നപ്പോൾ, പ്രധാനമന്ത്രി നിരന്തരമായ പിന്തുണയും സമയോചിതമായ സഹായവും ഉറപ്പാക്കിയെന്നും പറഞ്ഞു. ദുരന്തസമയത്ത് തങ്ങൾക്ക് വേണ്ടി നിലകൊണ്ടതിന് പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങളും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഗുരു ഗ്രന്ഥ സാഹിബിന്റെ സ്വരൂപത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ശരിയായ ആദരവോടെ  തിരികെ കൊണ്ടുവരാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ തങ്ങൾക്ക് കണ്ണുനീർ വന്നതായി അവർ പറഞ്ഞു.

തങ്ങളുടെ സമൂഹത്തിലെ അംഗങ്ങൾക്ക് വളരെയധികം സഹായകരമാകുന്ന സി എ എ  കൊണ്ടുവന്നതിന് അവർ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഹിന്ദുക്കളും സിഖുകാരും നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനാൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല, ലോകത്തിന്റെ പ്രധാനമന്ത്രിയാണെന്നും അവർ പറഞ്ഞു. കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി ശ്രീമതി മീനാക്ഷി  ലേഖി എന്നിവരും തദവസരത്തിൽ സന്നിഹിതരായിരുന്നു .

ND

****