ദേശീയ ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ (സി.ഐ.ഡബ്ലു.ടി.സി) പിരിച്ചുവിടാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 2015 ല്‍ സി.ഐ.ഡബ്ലു.ടി.സിയില്‍ സ്വമേധയാ വിരമിക്കല്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. 2014 ഡിസംബര്‍ 24 ലെ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെത്തുടര്‍ന്നായിരുന്നു ഇത്.
കൊല്‍ക്കത്താ ഹൈക്കോടതി അംഗീകരിച്ച ഒരു പദ്ധതിയെത്തുടര്‍ന്ന് റിവര്‍ സ്റ്റീം നാവിഗേഷന്‍ കമ്പനിയുടെ ആസ്തിയും ബാധ്യതകളും ഏറ്റെടുത്താണ്, 1956 ലെ കമ്പനീസ് ആക്ടിനുകീഴില്‍ ഗവണ്‍മെന്റ് 1967 ഫെബ്രുവരി 22 നാണ് സി.ഐ.ഡബ്ലു.ടി.സി രൂപീകരിച്ചത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും, സംവിധാനത്തിന്റെ പരിമിതിയും കാരണം ആരംഭകാലം മുതല്‍ക്കുതന്നെ കമ്പനി നഷ്ടത്തില്‍ ആയിരുന്നു. നിലവില്‍ കമ്പനിയില്‍ 5 ജോലിക്കാര്‍ മാത്രമേയുള്ളൂ.
സ്ഥാവര, ജംഗമ വസ്തുക്കള്‍ കൈമാറിയ ശേഷമേ സി.ഐ.ഡബ്ലു.ടി.സിയുടെ പരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുകയുള്ളൂ. ആസ്തികളില്‍ ഒരു ഭാഗം ഉള്‍നാടന്‍ ജലപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കും. ബ്രഹ്മപുത്ര നദിയിലെ ദേശീയപാത നാലില്‍ സര്‍വീസ് നടത്താന്‍ ഇത് പ്രയോജനപ്പെടുത്തും.