Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി

21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി


റഷ്യന്‍ ഫെഡറേഷൻ   പ്രസിഡന്റ് ശ്രീ. വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായുള്ള 21-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി 2021 ഡിസംബര്‍ 6ന് ന്യൂഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തി.

2. പ്രസിഡന്റ് പുടിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഊഷ്മളവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് നടന്നത്. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേകവും സവിശേഷ തന്ത്രപരമായ പങ്കാളിത്തത്തിന്റെ’ സുസ്ഥിര പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.  വിദേശ, പ്രതിരോധ മന്ത്രിമാരുടെ പരസ്പര സംഭാഷണത്തിന്റെ ആദ്യ യോഗവും സൈനിക, സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കമ്മീഷന്റെ യോഗവും 2021 ഡിസംബര്‍ 6 ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്നതിനെ അവര്‍ സ്വാഗതം ചെയ്തു.

3. കൂടുതല്‍ സാമ്പത്തിക സഹകരണത്തിന്റെ ആവശ്യകത നേതാക്കള്‍ അടിവരയിട്ടു. ഈ സന്ദര്‍ഭത്തില്‍, ദീര്‍ഘകാല പ്രവചനാതീതവും സുസ്ഥിരവുമായ സാമ്പത്തിക സഹകരണത്തിനുള്ള വളര്‍ച്ചയുടെ പുതിയ ചാലകങ്ങള്‍ക്ക് അവര്‍ ഊന്നല്‍ നല്‍കി. പരസ്പര നിക്ഷേപങ്ങളുടെ വിജയഗാഥയെ ഇരുവരും അഭിനന്ദിക്കുകയും പരസ്പരം കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.  അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴി (ഐഎന്‍എസ്ടിസി), നിര്‍ദിഷ്ട ചെന്നൈ-വ്ളാഡിവോസ്റ്റോക്ക് ഈസ്റ്റേണ്‍ സമുദ്ര ഇടനാഴി എന്നിവയിലൂടെയുള്ള പരസ്പര ബന്ധത്തിന്റെ പങ്ക് ചര്‍ച്ചയില്‍ ഇടംപിടിച്ചു. രണ്ട് നേതാക്കളും റഷ്യയുടെ വിവിധ പ്രദേശങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് റഷ്യയുടെ കിഴക്കന്‍ മേഖലയ്ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി വലിയ അന്തര്‍-പ്രാദേശിക സഹകരണം പ്രതീക്ഷിക്കുന്നു.  നിര്‍ണായക സമയങ്ങളില്‍ ഇരു രാജ്യങ്ങളും പരസ്പരം നല്‍കുന്ന മാനുഷിക സഹായം ഉള്‍പ്പെടെ, കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണത്തെ അവര്‍ അഭിനന്ദിച്ചു.

4. മഹാമാരിക്കു ശേഷമുള്ള ആഗോള സാമ്പത്തിക വീണ്ടെടുപ്പും അഫ്ഗാനിസ്ഥാനിലെ സാഹചര്യവും ഉള്‍പ്പെടെ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.  അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പൊതുവായ കാഴ്ചപ്പാടുകളും ആശങ്കകളും പങ്കിടുന്നുകയും അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കും സഹകരണത്തിനുമായി എന്‍എസ്എ തലത്തില്‍ തയ്യാറാക്കിയ ഉഭയകക്ഷി റോഡ്മാപ്പിനെ അഭിനന്ദിക്കുകയും ചെയ്തു.  പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുപക്ഷവും പൊതുവായ നിലപാടുകള്‍ പങ്കിടുകയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ വേദികളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്തതായി അവര്‍ ചൂണ്ടിക്കാട്ടി.  യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരമല്ലാത്ത അംഗത്വത്തിനും 2021-ല്‍ ബ്രിക്സിന്റെ വിജയകരമായ അധ്യക്ഷതയ്ക്കും പ്രസിഡന്റ് പുടിന്‍ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ആര്‍ട്ടിക് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനത്തു തുടരുന്ന റഷ്യയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

5. ഇന്ത്യ-റഷ്യ: സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം എന്ന തലക്കെട്ടിലുള്ള സംയുക്ത പ്രസ്താവന, ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥയും സാധ്യതകളും ഉചിതമായി ഉള്‍ക്കൊള്ളുന്നു.  സന്ദര്‍ശനത്തോടനുബന്ധിച്ച്, വ്യാപാരം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്ത്, ബഹിരാകാശം, ഭൂമിശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും വാണിജ്യ, മറ്റ് സംഘടനകള്‍ തമ്മിലുള്ള നിരവധി ഗവണ്‍മെന്റ്-സര്‍ക്കാര്‍ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചു.  പര്യവേക്ഷണം, സാംസ്‌കാരിക കൈമാറ്റം, വിദ്യാഭ്യാസം മുതലായവ. ഇത് നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ബഹുമുഖ സ്വഭാവത്തിന്റെ പ്രതിഫലനമാണ്.

6. 2022ലെ 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് പുടിന്‍ ക്ഷണിച്ചു.

****