Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുപ്രിം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സുപ്രിം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ചീഫ്‌ ജസ്റ്റിസ് എന്‍.വി രമണ ജി, ജസ്റ്റിസ് യുയു ലളിത് ജി, നിയമമന്ത്രി ശ്രീ.കിരണ്‍ റിജിജു ജി, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജി, അറ്റോര്‍ണി ജനറല്‍ ശ്രീ. കെകെ വേണുഗോപാല്‍ ജി, സുപ്രിം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. വികാസ് സിംങ് ജി, രാജ്യത്തിന്റെ  കോടതി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മഹതി മഹാന്മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.

പാര്‍ലെമെന്റിലും മന്ത്രി സഭയിലും പ്രവര്‍ത്തിക്കുന്ന എന്റെ സഹപ്രവര്‍ത്തകരുടെ കൂടെയായിരുന്നു ഇന്നു രാവിലെ ഞാന്‍ . ഇപ്പോള്‍ ഞാനിതാ കോടതിയുമായി ബന്ധപ്പെട്ട പണ്ഡിതര്‍ക്കൊപ്പമാണ്. നമുക്ക് എല്ലാവര്‍ക്കും വ്യത്യസ്തമായ കടമകളും ചുമതലകളും പ്രവര്‍ത്തന വഴികളും ഉണ്ട്. പക്ഷെ നമ്മുടെ വിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും സ്രോതസ് ഒന്നാണ്- അതു നമ്മുടെ ഭരണ ഘടന തന്നെ. ഇന്ന് നമ്മുടെ കൂട്ടായ മനോഭാവം അതായത് നമ്മടെ ഭരണഘടനാ പ്രതിജ്ഞകളുടെ ശാക്തീകരണം, ഭരണഘടനാ ദിനത്തില്‍ തന്നെ ഈ പരിപാടിയുടെ രൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ശ്രേഷ്ഠരെ,

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിക്കുകയും മരിക്കുകയും,  ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്തവരുടെ സ്വപ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണഘടനാ പിതാക്കന്മാര്‍ നമ്മുടെ ഭരണ ഘടന എഴുതിയുണ്ടാക്കിയത്. നൂറ്റാണ്ടുകളുടെ അടിമത്വം ഇന്ത്യയെ അനേകമനേകം  പ്രശ്‌നങ്ങളിലേയ്ക്കു ആഴ്ത്തിക്കളഞ്ഞു. സ്വര്‍ണവിഹഗം എന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന ഇന്ത്യ ദാരിദ്യവും വിശപ്പും  രോഗങ്ങളുമായി  പടവെട്ടുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍  രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണഘടന നമ്മെ എപ്പോഴും സഹായിച്ചു. എന്നാല്‍ ഇന്ത്യ സ്വതന്ത്രമായ ഏതാണ്ട് അതെ കാലഘട്ടത്തില്‍ തന്നെ സ്വാതന്ത്ര്യം ലഭിച്ച ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇന്ന് അവര്‍ നമ്മെക്കാള്‍ ബഹുദൂരം മുന്നിലാണ്. നമുുക്ക് ചെയ്യാന്‍ ഇനിയും ധാരാളം ബാക്കിയാണ്. നമുക്ക് ഒന്നിച്ച് വേണം ലക്ഷ്യത്തിലേയ്ക്ക് എത്താന്‍.  ഉള്‍പ്പെടുത്തലിന് എത്രമാത്രം ഊന്നലാണ് നമ്മുടെ ഭരണഘടനയില്‍ നല്‍കിയിരിക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ, സ്വാതന്ത്ര്യം ലഭിച്ച് എത്രയോ പതിറ്റാണ്ടുകള്‍ പിന്നിട്ടു,  എന്നിട്ടും രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ ഇപ്പോഴും ബഹിഷ്‌കരണം അഭിമുഖീകരിക്കുന്നു എന്നത് പരമാര്‍ത്ഥമാണ്. വീടുകളില്‍ ശൗചാലയങ്ങള്‍ പോലുമില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുണ്ട് ഈ രാജ്യത്ത്.  വൈദ്യുതിയുടെ അഭാവം മൂലം അവര്‍ ഇപ്പോഴും ഇരുട്ടില്‍ ജീവിക്കുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രയാസം കുറച്ച് കുടിവെള്ളം ലഭിക്കുക എന്നതാണ്. പ്രശ്‌നങ്ങളും വേദനകളും മനസിലാക്കി അവനവന്റെ  ജീവിതം കുറച്ചു കൂടി ആയാസരഹിതമാക്കുന്നതിന് സ്വയം വിനിയോഗിക്കുക എന്നതാണ് ഭരണഘടനയോടുള്ള യഥാര്‍ത്ഥ ആദരവ്.  ഭരണഘടനയുടെ ചൈതന്യത്തിന്റെ  അടിസ്ഥാനത്തില്‍ ബഹിഷ്‌കരണത്തെ ഉള്‍പ്പെടുത്തലാക്കി മാറ്റുന്നതിനുള്ള ജനകീയ പ്രചാരണ  പരിപാടി രാജ്യത്ത് നടക്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്.  ഈ പ്രചാരണ പരിപാടിയുടെ ഏറ്റവും വലിയ പ്രയോജനം നമ്മളും മനസിലാക്കേണ്ടിയിരിക്കുന്നു. രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് നല്ല വീടുകള്‍ ലഭിച്ചതോടെ, എട്ടു കോടിയിലധികം പാവപ്പെട്ട വീടുകളില്‍ ഉജ്വല പദ്ധതിയുടെ കീഴില്‍ സൗജന്യ പാചക വാതകം കിട്ടിയതോടെ, 50 കോടിയിലധികം പാവപ്പെട്ടവര്‍ക്ക് വലിയ ആശുപത്രികളില്‍ അഞ്ചു ലക്ഷം രൂപവരെയുള്ള ചികിത്സാ ചെലവുകള്‍ സൗജന്യമായതോടെ,  കോടിക്കണക്കിനാളുകള്‍ക്ക് ആദ്യമായി അടിസ്ഥാന സൗകര്യങ്ങളായ ഇന്‍ഷുറന്‍സും പെന്‍ഷനും മറ്റും ഉറപ്പായതോടെ  ഈ രാജ്യത്തെ പാവങ്ങളുടെ ഒത്തിരി ഒത്തിരി ദുഖങ്ങള്‍ ലഘൂകരിക്കപ്പെട്ടു. ഈ പദ്ധതികളെല്ലാം അവര്‍ക്ക് പരമാവധി  പ്രയോജനകരമായിരുന്നു. കൊറോണ കാലത്ത് രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് മാസങ്ങളോളം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുകയുണ്ടായി. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഗവണ്‍മെന്റ് ഇതുവരെ 2.60 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്.  ഈ പദ്ധതി ഇന്നലെ ഞങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചു. നമ്മുടെ നിര്‍ദ്ദേശക തത്വങ്ങള്‍ – രാജ്യത്തെ പൗരന്മാര്‍ക്ക്, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപജീവനത്തിനാവശ്യമായ ഉപാധികള്‍ക്കുള്ള അവകാശം തുല്യമാണ് എന്നത് ഈ സത്തയുടെ പ്രതിഫലനമാണ്.
സാധാരണക്കാരും, രാജ്യത്തെ പാവപ്പെട്ടവരും വികസനത്തിന്റെ മുഖ്യ ധാരയില്‍ ചേര്‍ന്ന് സമത്വവും തുല്യ അവസരങ്ങളും കൈവരിക്കുമ്പോള്‍ അവരുടെ ലോകം പൂര്‍ണമായി മാറുന്നു. വഴിയോര വ്യാപാരികള്‍ ബാങ്ക് വായാപാ സംവിധാനവുമായി ബന്ധിപ്പിക്കപ്പടുമ്പോള്‍  രാജ്യ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതായി അവര്‍ക്കും അനുഭവപ്പെടുന്നു. പൊതു സ്ഥലങ്ങളും പൊതു ഗതാഗത സംവിധാനവും പൊതു സൗകര്യങ്ങളും ദിവ്യാഗങ്ങളെ കൂടി ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെടുമ്പോള്‍,  സ്വാതന്ത്ര്യം നേടി 70 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അവയ്ക്ക് പൊതുഭാഷാ കൈയൊപ്പു ലഭിക്കുമ്പോള്‍ അവര്‍ ആത്മവിശ്വാസം അനുഭവിക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് നിയമ പരിരക്ഷയും പത്മ പുരസ്‌കാരങ്ങളും വരെ ലഭിക്കുമ്പോള്‍ സമൂഹത്തിലും ഭരണഘടനയിലും അവര്‍ക്കുള്ള വിശ്വാസം കൂടുതല്‍ ശക്തമാകുന്നു. മുത്തലാക്കിന് എതിരെ ശക്തമായ ഒരു നിയമം നിര്‍മ്മിക്കപ്പെടുമ്പോള്‍ പ്രതീക്ഷ കൈവിട്ട ആ സഹോദരിമാര്‍ക്ക് ഭരണഘടനയിലുള്ള വിശ്വാസം ഉറയ്ക്കുന്നു.

ശ്രേഷ്ഠരെ,

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും കൂട്ടായ പരിശ്രമം – ഇതാണ് ഭരണഘടനയുടെ ചൈതന്യത്തിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കരണം. ഗവണ്‍മെന്റ് ഭരണഘടനയോട് പ്രതിജ്ഞാബദ്ധമാണ്. വികസനത്തില്‍ വിവേചനമില്ല. ഇത് നാം തെളിയിച്ചിട്ടുണ്ട്. ഒരിക്കല്‍ സമ്പന്നവര്‍ഗ്ഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ന് പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും അതുപോലെ  പ്രാപ്യമാണ്. ഇന്ന്  ലഡാക്കിന്റെയും ആന്‍ഡമാന്‍ നിക്കോബാറിന്റെയും വടക്കു കിഴക്കിന്റെയും വികസനം ഡല്‍ഹി മുംബൈ മുതലായ മെട്രോകളുടെ വികസനം പോലെ തന്നെ നടത്തുവാന്‍ രാജ്യം ശ്രദ്ധിക്കുന്നു. എന്നാല്‍ ഇതിനിടയിലും മറ്റൊരു സംഗതിയിലേയ്ക്കു നിങ്ങളുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുന്നു. ഈ ഗവണ്‍മെന്റെത് ഉദാര നിലപാടാണ് എന്നു നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടല്ലോ. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി, പാര്‍ശ്വവല്‍കൃത സമൂഹത്തിനു വേണ്ടി  എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അതിനെ വാഴ്ത്തിയിട്ടുമുണ്ട്.  ചിലപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ  നന്മയ്ക്കായി എന്തെങ്കിലും ചെയ്താല്‍  ഗവണ്‍മെന്റ് അംഗീകരിക്കപ്പെടുന്നതില്‍ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷെ എല്ലാവര്‍ക്കും വേണ്ടി, എല്ലാ പൗരന്മാര്‍ക്കും വേണ്ടി, അല്ലെങ്കില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടി  ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോള്‍, ദവണ്‍മെന്റ് പദ്ധതികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായി പ്രയോജനപ്പെടുമ്പോള്‍ ആരും അത് ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ ഏവു വര്‍ഷമായി  ഓരോ വ്യക്തിക്കും ഓരോ വിഭാഗങ്ങള്‍ക്കും  രാജ്യത്തിന്റെ ഓരോ മൂലയിലും  വിവേചനവും ഇല്ലാതെ വികസനം ഉറപ്പാക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് പാവങ്ങളുടെ ക്ഷേമ പദ്ധതികളുടെ പൂര്‍ത്തീകരണത്തെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഇക്കാര്യത്തില്‍  ദൗത്യ മാതൃകയിലാണ് ഞങ്ങള്‍ വ്യാപൃതരായത്. സര്‍വരുടെയും ക്ഷേമം, സര്‍വരുടെയും സന്തോഷം എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.  ഈ നടപടി മൂലം എപ്രകാരം രാജ്യത്തിന്റെ ചിത്രം മാറി എന്ന് അടുത്ത കാലത്ത് പുറത്തു വന്ന ദേശീയ കുടുംബാരോഗ്യ സര്‍വെയുടെ ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.  സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍പുരോഗതി ശരിയായ ദിശയിലാവും എന്ന് ഈ റിപ്പോര്‍ട്ടിലെ അനേകം വസ്തുതകള്‍ തെളിയിക്കുന്നു. ഓരോരുത്തരെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിശ്രമിക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ ഉണ്ടായേ തീരൂ.  ലിംഗ സമത്വത്തെ കുറിച്ചു പറഞ്ഞാല്‍ പുത്രന്മാരുടെ എണ്ണത്തേക്കാള്‍ പുത്രിമാരാണ് കൂടുതല്‍.  ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പ്രസവത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ്. തല്‍ഫലമായി മാതൃ മരണ നിരക്കും ശിശു മരണ നിരക്കും കുറഞ്ഞു വരുന്നു. ഒരു രാജ്യം എന്ന നിലയ്ക്ക് നാം മികവോടെ ചെയ്യുന്ന ധാരാളം സൂചകങ്ങള്‍ വേറെയും ഉണ്ട്.  ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു നല്‍കിയ അവകാശങ്ങളുടെ തെളിവാണ് ഇതെല്ലാം. ക്ഷേമ പദ്ധതികളുടെ പൂര്‍ണ പ്രയോജനം ജനങ്ങള്‍ക്കു ലഭിക്കുന്നു എന്നതും  അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു എന്നതും വളരെ പ്രധാനമാണ്. ഏതെങ്കിലും കാരണത്താലുള്ള അനാവശ്യ കാലതാമസം പൗരന്റെ അവകാശത്തെ ഹനിക്കുന്നു. ഞാന്‍ ഗുജറാത്തില്‍ നിന്നാണ്. അതിനാല്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉദാഹരണം പറയട്ടെ. നര്‍മദ നദിയില്‍ അത്തരം ഒരു അണക്കെട്ട് സര്‍ദാര്‍ പട്ടേല്‍ സ്വപ്‌നം കണ്ടിരുന്നു. അതിന് പണ്ഡിറ്റ് നെഹ്‌റു ശിലാസ്ഥാപനവും നിര്‍വഹിച്ചു. എന്നാല്‍ പരിസ്ഥിതിയുടെ പേരിലുള്ള സമരങ്ങളും തെറ്റായ വിവരങ്ങളും മൂലം പദ്ധതി പതിറ്റാണ്ടുകളോളം മുടങ്ങി. കോടതി പോലും തീരുമാനം എടുക്കാന്‍ വിസമ്മതിച്ചു. പദ്ധതിക്കു  ലോകബാങ്ക് വായ്പ നിഷേധിച്ചു. ഇന്ന് ഇന്ത്യയിലെ തന്നെ അതിവേഗത്തില്‍ വളരുന്ന ജില്ലകളില്‍ ഒന്നാണ് കച്ച്.  കാരണം നര്‍മദയിലെ ജലം കൊണ്ട് അവിടെ സംഭവിച്ച വികസനം തന്നെ. നേരത്തെ കച്ചിന്റെ വിലാസം മരുഭൂമി എന്നായിരുന്നു. ഇന്ന് അത് അതിവേഗത്തില്‍ വികസിക്കുന്ന പ്രദേശമായി മാറി.  ദേശാന്തര ഗമനത്തിനു പേരു കേട്ട കച്ച് ഇന്ന് കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതി കേന്ദ്രമായി മാറുന്നു.  ഇതിലും വലിയ ഹരിത പുരസ്‌കാരം വേറെ എന്തുണ്ട്.

ശ്രേഷ്ഠരെ,

ഇന്ത്യ ഉള്‍പ്പെടെ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ തലമുറകളോളം കോളനിവാഴ്ച്ചയുടെ വിലങ്ങുകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധി മുതല്‍ കോളനിവാഴ്ച്ചാനന്തര കാലം ലോകമെമ്പാടും ആരംഭിക്കുകയും നിരവധി രാഷ്ട്രങ്ങള്‍ സ്വതന്ത്രമാവുകയും ചെയ്തു. ഇന്ന് ലോകത്തില്‍ ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ  കോളനിയായി പ്രത്യക്ഷത്തില്‍ നിലവിലില്ല.  എന്നാല്‍ കൊളോണിയല്‍ ചിന്താഗതി അവസാനിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. ഈ മാനസികാവസ്ഥ ഇന്നും പലതരം വക്രീകരിച്ച ആശയങ്ങള്‍ക്കു ജന്മം നല്‍കുന്നത് നമുക്കു കാണാന്‍ സാധിക്കും. വികസ്വര  രാജ്യങ്ങളുടെ പുരോഗതിയുടെ പാതയില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധം ഇതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഇന്നത്തെ അവസ്ഥയിലേയ്ക്കു നയിച്ച വഴിയും വിഭവങ്ങളും ഇന്ന് മറ്റ് വികസ്വര രാഷ്ട്രങ്ങളുടെ അതേ വിഭവങ്ങളും  അതെ വഴിയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദശാബ്ദമായി  ഇതിനായി വിവിധ തരം സാങ്കേതിക ഭാഷയുടെ ഒരു വല തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പക്ഷം ലക്ഷ്യം ഒന്നു തന്നെ. – വികസ്വര രാജ്യങ്ങളുടെ പുരോഗതി തടയുക. പരിസ്ഥിതിയുടെ പ്രശ്‌നം ഇതെ കാര്യത്തിനു വേണ്ടി തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ഇന്നു നമുക്കു കാണാന്‍ സാധിക്കും. ഏതാനും ആഴ്ച്ച മുമ്പ് ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ ഇതിന്റെ സജീവ ഉദാഹരണം നാം കണ്ടു. വികസിത രാഷ്ട്രങ്ങള്‍ എല്ലാം കൂടി പുറം തള്ളുന്ന  വാതകം,  1850 നു ശേഷം ഇന്ത്യ പുറം തള്ളുന്ന മൊത്തം വാതകത്തേക്കാള്‍ 15 ഇരട്ടിയാണ്. എന്നിട്ടും പ്രതിശീര്‍ഷത്തിന്റെ പേരില്‍ വികസിത രാജ്യങ്ങല്‍ ഇന്ത്യയെകാള്‍ 15 ഇരട്ടി വാതകങ്ങള്‍ പുറം തള്ളുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനും കൂടി ഇന്ത്യയെക്കാള്‍ 11 ഇരട്ടി വാതകമാണ് പുറം തള്ളുന്നത്.  പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനും കൂടി ഇന്ത്യയെക്കാള്‍ 20 ഇരട്ടി പുറം തള്ളുന്നു. എന്നിട്ടും അവര്‍ ഇന്ന്,  പ്രകൃതിയോടൊപ്പം ജീവിക്കുന്ന സംസ്‌കാരവും പൈതൃകവുമുള്ള, കല്ലുകളിലും മരങ്ങളിലും പ്രപഞ്ചത്തിന്റെ  സര്‍വ അണുവില്‍  പോലും ദൈവത്തെ കാണുന്ന,  ഭൂമിയെ മാതാവായി വണങ്ങുന്ന ഇന്ത്യയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ്. നമുക്ക് ഈ മൂല്യങ്ങള്‍ പുസ്തകത്തിലുള്ളതല്ല. ഇന്ന് ഇന്ത്യയിലെ സിംഹങ്ങള്‍, പുലികള്‍, ഡോള്‍ഫിനുകള്‍ തുടങ്ങിയവയുടെ എണ്ണം കൂടുന്നു. ഇവിടെ വ്യത്യസ്ത  ജൈവവൈവിധ്യത്തിന്റെ മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുകയാണ്.  ഇന്ത്യയിലെ വന വിസ്തൃതി വര്‍ധിച്ചു വരുന്നു. തരിശു ഭൂമി വളക്കൂറുള്ളതായി മാറുന്നു. വാഹനങ്ങളുടെ ഇന്ധന നിലവാരം നാം സ്വമേധയ ഉയര്‍ത്തി. എല്ലാത്തരം പുനരുപയോഗ ഊര്‍ജ്ജങ്ങളുടെ കാര്യത്തിലും നാം ലോകത്തിലെ മുന്‍ നിരയിലാണ്. നിശ്ചിത സമയത്തിനു മുമ്പെ തന്നെ പാരീസ് ഉടമ്പടിയുടെ  ലക്ഷ്യം നേടുന്നതിലേയ്ക്കു പുരോഗമിക്കുന്ന ഏക രാജ്യവും ഇന്ത്യയാണ്. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്ന ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍ അത് ഇന്ത്യയാണ് എന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു, എന്നിട്ടും പരിസ്ഥിതിയുടെ പേരില്‍ പരതരം സമ്മര്‍ദ്ദങ്ങളാണ് ഇന്ത്യയ്ക്കു മേല്‍ ചെലുത്തിയിരിക്കുന്നത്. ഇതെല്ലാം കൊളോണിയല്‍ മാനസികാവസ്ഥയുടെ ഫലം തന്നെ. നിര്‍ഭാഗ്യവശാല്‍ ഈ മാനസികാവസ്ഥ മൂലം നമ്മുടെ വികസനത്തിനു തടസം സൃഷ്ടിക്കപ്പെട്ടു. ചില സമയങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മറ്റ് എന്തിന്റെയൊക്കെയോ പേരില്‍. നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ അറിയാതെ നമ്മുടെ യുവാക്കളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും അറിയാതെ, മറ്റു രാജ്യങ്ങളുടെ അളവുകോല്‍ വച്ച് ഇന്ത്യയെ അളക്കാനുള്ള ശ്രമങ്ങള്‍ പല തവണ ഉണ്ടായി, രാജ്യത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്താനും. ഇത്തരം നാശനഷ്ടങ്ങള്‍ വരുത്തുന്നവര്‍ അതിന്റെ അനന്തര ഫലങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. അവരുടെ പ്രവൃത്തികളുടെ അനന്തര ഫലങ്ങള്‍ ഒരു മാതാവിന് ഉല്‍ക്കട വ്യഥയ്ക്കു  കാരണമാകുന്നു എന്തെന്നാല്‍  ഊര്‍ജ്ജ നിലയത്തിന്റെ തടസം മൂലം അവരുടെ കുഞ്ഞിന്റെ പഠനം മുടങ്ങുന്നു.  രോഗം ബാധിച്ച കുഞ്ഞിനെ പിതാവിന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല,  കാരണം റോഡ് പദ്ധതികള്‍ തടസപ്പെട്ടിരിക്കുന്നു. ഇടത്തരം കുടംബങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ അനുഭവിക്കാനാവില്ല കാരണം ഇതെല്ലാം അവര്‍ക്കു പരിസ്ഥിതിയുടെ പേരില്‍ താങ്ങാന്‍ സാധിക്കാത്തവയാണ്. വികസനത്തിനു വേണ്ടി ദാഹിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലെ കോടിക്കണക്കിന്്് ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് ഈ കൊലോണിയല്‍ മാനസികാവസ്ഥ തകര്‍ത്തു കളയുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് സൃഷ്ടിക്കപ്പെട്ട നിശ്ചയ ദാര്‍ഢ്യത്തിന്റെ ഊര്‍ജ്ജം കൂടുതല്‍ ശാക്തീകരിക്കുന്നതിനു പോലും ഈ കൊളോണിയില്‍ മനസ്ഥിതി വലിയ തടസമായി മാറുന്നു. നമുക്ക് ഇത് ദൂരീകരിക്കണം. അതിനുള്ള നമ്മുടെ മഹാശക്തി, നമ്മുടെ മഹാ പ്രചോദനം നമ്മുടെ ഭരണഘടനയാണ്.

ശ്രേഷ്ഠരെ,

ഗവണ്‍മെന്റും നീതിന്യായ വ്യവസ്ഥയും പിറന്നു വീണത് ഭരണഘടനയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്. അതിനാല്‍ രണ്ടും ഇരട്ടകളാണ്. ഭരണഘടനയില്‍ നിന്നാണ്  ഇവ രണ്ടും അസ്തിത്വം പ്രാപിച്ചത്. അതിനാല്‍ വിശാലമായ കാഴ്ച്ചപ്പാടില്‍,  വ്യത്യസ്ഥമാണെങ്കിലും രണ്ടും പരസ്പര പൂരകങ്ങളാണ്. വേദങ്ങളില്‍ പറയുന്നു.

ऐक्यम् बलम् समाजस्य, तत् अभावे स दुर्बलः।

तस्मात् ऐक्यम् प्रशंसन्ति, दॄढम् राष्ट्र हितैषिण:॥

അതായത്, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ശക്തി സ്ഥിതി ചെയ്യുന്നത് ഒത്തൊരുമയിലും ഒന്നിച്ചുള്ള പരിശ്രമത്തിലുമാണ്. അതിനാല്‍ ശക്തമായ രാഷ്ടത്തിന്റെ ഗുണകാംക്ഷികള്‍ ആയവര്‍ ഒരുമയെ പ്രകീര്‍ത്തിക്കുകയും അതിനെ ഊന്നിപ്പറയുകയും ചെയ്യും. രാജ്യത്തിന്റെ പരമപ്രാധാന്യം എന്ന താല്‍പര്യം വച്ച് രാജ്യത്തെ ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍  ഈ ഒത്തൊരുമ ഉണ്ടാവണം.  ഇന്ന് രാജ്യം സവിശേ കാലഘട്ടത്തിനായി സ്വയം  അനിതര സാധാരണമായ ലക്ഷ്യങ്ങള്‍ ഉറപ്പിക്കുമ്പോള്‍, ദശകങ്ങള്‍ പഴക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുമ്പോള്‍,  പുതിയ ഭാവിക്കായി പ്രതിജ്ഞകള്‍ സ്വീകരിക്കുമ്പോള്‍ ആ വിജയം പൂര്‍ത്തിയാക്കുന്നതിന് ഈ കൂട്ടായ പരിശ്രമം വേണം. അതിനാലാണ്  25 വര്‍ഷം കഴിയുമ്പോള്‍  സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുന്ന രാജ്യം കൂട്ടായ പരിശ്രമത്തിന്  ആഹ്വാനം ചെയ്യുന്നതും നീതി ന്യായ വ്യവസ്ഥയ്ക്ക് അതില്‍ വലിയ പങ്ക് വഹിക്കാനുള്ളതും.

ശ്രേഷ്ഠരെ,

നീതി ന്യായ വ്യവസ്ഥ, ഭരണ നിര്‍വഹണം, നിയമനിര്‍മ്മാണം എന്നിവ തമ്മിലുള്ള അധികാര വിഭജനം മിക്കപ്പോഴും പറയാറുള്ളതാണ്. ശക്തമായി ആവര്‍ത്തിക്കാറുള്ളതാണ്. അതില്‍ തന്നെ വളരെ പ്രധാനപ്പെട്ടതുമാണ്. അതിനാല്‍ ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിന്റെ ഈ സവിശേഷ കാലഘട്ടത്തിനും സ്വാതന്ത്ര്യത്തിന്റെ നൂറു  വര്‍ഷം തികയുന്നതിനും ഇടയ്ക്ക് ഭരണഘടനയുടെ ചൈതന്യത്തിനനുസൃതമായി ഈ കൂട്ടായ സങ്കല്‍പത്തെ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഉള്ളതിലും കൂടുതല്‍ രാജ്യത്തെ സാധാരണ പൗരന്‍ അര്‍ഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ  ശതകം നാം ആഘോഷിക്കുമ്പോള്‍  അക്കാലത്തെ ഇന്ത്യ എന്തായിരിക്കും. അതിന് നാം ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തിക്കണം. അതിനാല്‍ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂട്ടുത്തരവാദിത്വത്തോടെ മുന്നേറേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. അധികാര വിഭജനത്തിന്റെ ശക്തമായ അടിത്തറയില്‍ നമുക്ക് കൂട്ടുത്തരവാദിത്വത്തിന്റെ മാര്‍ഗ്ഗം തീരുമാനിക്കാം, അതിനുള്ള രൂപരേഖ തയാറാക്കാം, ലക്ഷ്യങ്ങള്‍ ഉറപ്പിക്കാം, രാജ്യത്തെ ലക്ഷ്യത്തിലേയ്ക്കു നയിക്കാം.

ശ്രേഷ്ഠരെ,
കൊറോണ കാലത്ത് സാങ്കേതിക വിദ്യ ുപോയഗിച്ച് നടത്തിയ കോടതികളുടെ പ്രവര്‍ത്തനം പുതിയ ആത്മവിശ്വസം സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ എന്ന മഹാ ദൗത്യത്തില്‍  കോടതികളും തുല്യ ഗുണഭോക്താക്കളാണ്. 18000 കോടതികള്‍ കമ്പ്യൂട്ടര്‍വത്ക്കരിച്ചു, 98 ശതമാനം കോടതി സമുച്ചയങ്ങളെയും വാന്‍ ശ്രുംഖലയിലാക്കി. കോടതി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന് നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്, കോടതികള്‍ക്ക് ജനങ്ങളിലെത്താന്‍ ഇ – കോര്‍ട്ടുകള്‍ എന്നിവ നീതി വ്യവസ്ഥയ്ക്ക് വലിയ ശക്തിയായി. ഇതിന്റെ നിലവാരമുള്ള പ്രവര്‍ത്തനം നാം വൈകാതെ കാണും. കാലം മാറുകയാണ്. ലോക ക്രമവും. ഇവ മനുഷ്യരാശിയുടെ പരിണാമത്തിനുപകരണമാകണം. കാരണം മനുഷ്യരാശി ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒപ്പം മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഈ മാനുഷിക മൂല്യങ്ങളിലെ ഏറ്റവും ഉല്‍കൃഷ്ടമായ പ്രതിഫലനമാണ് നീതിസങ്കല്പം. ഇതിന്റെ ഏറ്റവും സങ്കീര്‍ണമായ സംവിധാനം ഭരണഘടനയുമാണ്. അതിനാല്‍ ഈ സംവിധാനം ചലനാത്മകവും പുരോഗമനോന്മുഖവുമായിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം എല്ലാവരും ഈ ചുമതല പൂര്‍ണ ഭക്തിയോടെ നിറവേറ്റണം. അപ്പോള്‍ പുതിയ ഇന്ത്യ എന്ന സ്വപ്‌നം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുന്നതിനു മുമ്പ് സാക്ഷാത്കരിക്കപ്പെടും.संगच्छध्वं, संवदध्वं, सं वो मनांसि जानताम् (.നമുക്ക്  യോജിച്ചു മുന്നേറാം, ഒരേ സ്വരത്തില്‍ സംസാരിക്കാം, നമ്മുടെ മനസുകള്‍ പൊരുത്തത്തിലാകട്ടെ )എന്ന മുദ്രാവാക്യം നമ്മെ എപ്പോഴും പ്രചോദിപ്പിക്കട്ടെ. അതില്‍ നമുക്ക് അഭിമാനിക്കുകയും ചെയ്യാം.നമുക്ക് പൊതുവായ ലക്ഷ്യങ്ങളും  പൊതുവായ മനസും  ഉണ്ടാകട്ടെ, ഒരുമിച്ച് ലക്ഷ്യങ്ങള്‍ നേടട്ടെ. ഈ ചൈതന്യത്തോടെ ഞാന്‍ പ്രസംഗം ഉപസംഹരിക്കുന്നു. ഭരണഘടനാ ദിനത്തിന്റെ ഈ വിശുദ്ധ അന്തരീക്ഷത്തില്‍ നിങ്ങള്‍ക്കും എല്ലാ പൗരന്മാര്‍ക്കും ആശംസകള്‍ നേരുന്നു.  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

നിങ്ങള്‍ക്ക് വളരെ നന്ദി.

****