Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ ജെവാറില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍പ്രദേശിലെ ജെവാറില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്

ഉത്തര്‍പ്രദേശിലെ ജനപ്രിയനും കര്‍മ്മയോഗിയുമായ മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ് ജി, ഞങ്ങളുടെ പഴയ ഊര്‍ജ്ജസ്വലനായ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജനറല്‍ വി.കെ.  സിംഗ് ജി, സഞ്ജീവ് ബല്യാന്‍ ജി, എസ് പി സിംഗ് ബാഗേല്‍ ജി, ബി എല്‍ വര്‍മ്മ ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരായ ശ്രീ ലക്ഷ്മി നാരായണ്‍ ചൗധരി ജി, ശ്രീ ജയ് പ്രതാപ് സിംഗ് ജി, ശ്രീകാന്ത് ശര്‍മ്മ ജി, ഭൂപേന്ദ്ര ചൗധരി ജി, ശ്രീ നന്ദഗോപാല്‍ ഗുപ്ത ജി, അനില്‍  ശര്‍മ്മ ജി, ധരം സിംഗ് സൈനി ജി , അശോക് കതാരിയ ജി, ശ്രീ ജി എസ് ധര്‍മ്മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. മഹേഷ് ശര്‍മ്മ ജി, ശ്രീ സുരേന്ദ്ര സിംഗ് നഗര്‍ ജി, ശ്രീ ഭോല സിംഗ് ജി, സ്ഥലം എം എല്‍ എ ശ്രീ ധീരേന്ദ്ര സിംഗ് ജി, മറ്റു ജനപ്രതിനിധികള്‍, ഞങ്ങളെ അനുഗ്രഹിക്കാന്‍ കൂട്ടത്തോടെ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ ജനങ്ങള്‍ക്കും ഉത്തര്‍പ്രദേശിലെ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ദൗജി മേളയ്ക്ക് പേരുകേട്ട ജെവാര്‍ ഇന്ന് അന്താരാഷ്ട്ര ഭൂപടത്തിലും ഇടംപിടിച്ചിരിക്കുന്നു. ഡല്‍ഹി-എന്‍സിആര്‍, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ വിമാനത്താവളം പ്രയോജനപ്പെടും.  ഈ വിമാനത്താവളത്തിന്റെ പേരില്‍ നിങ്ങളെയും മുഴുവന്‍ രാജ്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ ഏറ്റവും മികച്ച ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്ന് നിര്‍മ്മിക്കുകയാണ്. മെച്ചപ്പെട്ട റോഡുകളും റെയില്‍ ശൃംഖലയും വിമാനത്താവളങ്ങളും കേവലം അടിസ്ഥാന സൗകര്യ വികസന പദ്ധതികളല്ല, മറിച്ച് അവ മുഴുവന്‍ പ്രദേശത്തെയും ജനജീവിതത്തെയും പൂര്‍ണ്ണമായും മാറ്റിമറിക്കുന്നു. പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും കര്‍ഷകരായാലും വ്യാപാരികളായാലും തൊഴിലാളികളായാലും സംരംഭകരായാലും എല്ലാവര്‍ക്കും ഇതില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. തടസ്സമില്ലാത്തതും മുക്കുമൂലകളില്‍ എത്തുന്ന കണക്റ്റിവിറ്റിയും ഉള്ളപ്പോള്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഉത്തേജനം ലഭിക്കും.  കണക്ടിവിറ്റിയുടെ കാഴ്ചപ്പാടില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളവും മികച്ച മാതൃകയാകും. ടാക്സി മുതല്‍ മെട്രോ വരെ എല്ലാത്തരം യാത്രാ സൗകര്യങ്ങളും ഇവിടെ യാത്ര ചെയ്യാന്‍ ഉണ്ടാകും.  എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് വന്നാലുടന്‍ നിങ്ങള്‍ക്ക് യമുന എക്സ്പ്രസ് വേയിലോ നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലോ നേരിട്ട് എത്താം. നിങ്ങള്‍ക്ക് യുപിയിലോ ഡല്‍ഹിയിലോ ഹരിയാനയിലോ എവിടെയെങ്കിലും പോകേണ്ടി വന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് അനുബന്ധ എക്‌സ്പ്രസ് വേയില്‍ എത്തിച്ചേരാം. ഇപ്പോഴിതാ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയും ഒരുങ്ങുകയാണ്. പല നഗരങ്ങളിലും എത്തിച്ചേരുന്നത് എളുപ്പമാക്കുകയും ചെയ്യും.  കൂടാതെ, ഇവിടെ നിന്ന് പ്രത്യേക ചരക്ക് ഇടനാഴിയിലേക്ക് നേരിട്ട് യാത്രാ സൗകര്യവും ഉണ്ടാകും.  ഒരു തരത്തില്‍ നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം ഉത്തരേന്ത്യയുടെ ചരക്കു ഗതാഗത ഗേറ്റ്വേ ആയി മാറും. ഇത് മുഴുവന്‍ പ്രദേശത്തെയും ദേശീയ ഗതിശക്തി കര്‍മ പദ്ധതിയുടെ ശക്തമായ പ്രതിഫലനമാക്കി മാറ്റും.

സുഹൃത്തുക്കളേ,

രാജ്യത്ത് വ്യോമയാന മേഖല അതിവേഗം വളരുന്നതിലും നൂറുകണക്കിന് പുതിയ വിമാനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുകയും ചെയ്യുന്ന വേഗതയില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളവും ഒരു പ്രധാന പങ്ക് വഹിക്കും.  വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രം കൂടിയാകും ഈ വിമാനത്താവളം. 40 ഏക്കറില്‍ നിര്‍മ്മിച്ച, മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ (എംആര്‍ഒ) സൗകര്യം രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനങ്ങള്‍ക്ക് സേവനം നല്‍കുകയും നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും.  സങ്കല്‍പ്പിക്കുക, ഇന്നും നമ്മള്‍ 85 ശതമാനം വിമാനങ്ങളും എംആര്‍ഒ സേവനങ്ങള്‍ക്കായി വിദേശത്തേക്ക് അയയ്ക്കുകയാണ്. ഇതിന് പ്രതിവര്‍ഷം 15,000 കോടി രൂപ ചിലവാകും. ഈ പദ്ധതിക്ക് ചെലവ് 30,000 കോടി.  പ്രതിവര്‍ഷം 15,000 കോടി രൂപ മറ്റ് രാജ്യങ്ങളിലേക്ക് (വിമാനങ്ങളുടെ) അറ്റകുറ്റപ്പണികള്‍ക്കായി മാത്രം പോകുന്നു.  ഇനി ഈ സ്ഥിതിയും മാറ്റാന്‍ ഈ വിമാനത്താവളം സഹായിക്കും.

സഹോദരീ സഹോദരന്മാരേ,

രാജ്യത്ത് ആദ്യമായി ഒരു സംയോജിത ബഹുമാതൃകാ ചരക്ക് ഹബ്ബ് എന്ന ആശയവും ഈ വിമാനത്താവളത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. ഇത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും.  കടലിനോട് ചേര്‍ന്നുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് തുറമുഖങ്ങള്‍ ഒരു പ്രധാന സമ്പത്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.  വികസനത്തിന് ഇത് വളരെ ഉപയോഗപ്രദമാണ്. എന്നാല്‍ യുപി പോലെയുള്ള ഭൂരഹിത സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങള്‍ ഈ പങ്ക് വഹിക്കുന്നു. അലിഗഡ്, മഥുര, മീററ്റ്, ആഗ്ര, ബിജ്നോര്‍, മൊറാദാബാദ്, ബറേലി തുടങ്ങി നിരവധി വ്യവസായ മേഖലകളുണ്ട്.  സേവന മേഖലയുടെ ഒരു വലിയ ആവാസവ്യവസ്ഥയും ഉണ്ട്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് കാര്‍ഷിക മേഖലയിലും കാര്യമായ പങ്കുണ്ട്. ഇപ്പോള്‍ ഈ മേഖലകളുടെ സാധ്യതകളും പലമടങ്ങ് വര്‍ദ്ധിക്കും.  ഈ അന്താരാഷ്ട്ര വിമാനത്താവളം കയറ്റുമതിക്കാരെ അന്താരാഷ്ട്ര വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കും.  ഇപ്പോള്‍ കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്ക്, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ നശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതിവേഗം കയറ്റുമതി ചെയ്യാന്‍ കഴിയും.  ഖുര്‍ജയിലെ കലാകാരന്മാര്‍, മീററ്റിലെ കായിക വ്യവസായം, സഹാറന്‍പൂരിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍, മൊറാദാബാദിലെ പിച്ചള വ്യവസായം, ആഗ്രയിലെ പാദരക്ഷകള്‍, ‘പേട’ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പടിഞ്ഞാറന്‍ യുപിയിലെ നിരവധി എംഎസ്എംഇകള്‍ എന്നിവര്‍ക്ക് വിദേശ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാനാകും.

സുഹൃത്തുക്കളേ,

ഏത് പ്രദേശത്തെയും വിമാനത്താവളങ്ങള്‍ അത്തരമൊരു മാറ്റത്തിന്റെ ചക്രം കൊണ്ടുവരുന്നു, അത് സര്‍വതോന്മുഖമായ വികസനത്തിലേക്ക് നയിക്കുന്നു.  ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണ വേളയില്‍ സൃഷ്ടിക്കപ്പെടുന്നത്. വിമാനത്താവളം സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ആയിരക്കണക്കിന് ആളുകളെയും ആവശ്യമുണ്ട്.  ഈ വിമാനത്താവളം പടിഞ്ഞാറന്‍ യുപിയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കും. ഡല്‍ഹിയില്‍ ഇതിനകം ഒരു വിമാനത്താവളം ഉള്ളതുകൊണ്ട്  തലസ്ഥാനത്തിന് സമീപം നേരത്തെ വിമാനത്താവള സൗകര്യം പരിഗണനയില്‍ വന്നിരുന്നില്ല. ഞങ്ങള്‍ ഈ ധാരണ മാറ്റി.  യാത്രക്കാരുടെ സേവനങ്ങള്‍ക്കായി ഞങ്ങള്‍ ഹിന്‍ഡണ്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കി. അതുപോലെ ഹരിയാനയിലെ ഹിസാറില്‍ വിമാനത്താവളത്തിന്റെ പണി നടന്നുവരികയാണ്.

സഹോദരീ സഹോദരന്മാരേ,

എയര്‍ കണക്റ്റിവിറ്റി വികസിക്കുമ്പോള്‍ ടൂറിസവും അഭിവൃദ്ധിപ്പെടും. മാതാ വൈഷ്‌ണോ ദേവിയിലേക്കും കേദാര്‍നാഥ് യാത്രയിലേക്കും ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം ഭക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുന്നത് നാമെല്ലാവരും കണ്ടതാണ്.  പടിഞ്ഞാറന്‍ യുപിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും വിശ്വാസത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ക്കും നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളവും ഇതുതന്നെ ചെയ്യും.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിന് എല്ലായ്‌പ്പോഴും അര്‍ഹമായത് ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായി ഇന്ന് ഉത്തര്‍പ്രദേശ് രാജ്യത്തെ ഏറ്റവും കൂടുതല്‍ പരസ്പരം ബന്ധിപ്പിച്ച പ്രദേശങ്ങളിലൊന്നായി മാറുകയാണ്.  പടിഞ്ഞാറന്‍ യുപിയില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്.  ദ്രുത റെയില്‍ ഇടനാഴിയോ, എക്‌സ്പ്രസ് വേയോ, മെട്രോ കണക്ടിവിറ്റിയോ, യുപിയെ കിഴക്കന്‍, പടിഞ്ഞാറന്‍ കടലുകളുമായി ബന്ധിപ്പിക്കുന്ന സമര്‍പ്പിത ചരക്ക് ഇടനാഴിയോ ആകട്ടെ, ഇവ ആധുനിക ഉത്തര്‍പ്രദേശിന്റെ പുതിയ വ്യക്തിത്വമായി മാറുകയാണ്. സ്വാതന്ത്ര്യാനന്തരം ഉത്തര്‍പ്രദേശ് നിരവധി വര്‍ഷങ്ങളായി പരിഹാസങ്ങള്‍ക്ക് വിധേയമായിരുന്നു. ദാരിദ്ര്യം, ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം, ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍, മോശം റോഡുകള്‍, വ്യവസായങ്ങളുടെ അഭാവം, മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍, ക്രിമിനലുകളും മാഫിയ സംഘങ്ങളും അവസരവാദ രാഷ്ട്രീയവും, അവസരവാദ സഖ്യങ്ങള്‍.  യുപിയുടെ പ്രസാദാത്മകമായ പ്രതിഛായ എന്നെങ്കിലും ഉണ്ടാകുമോ എന്ന് യുപിയിലെ സമര്‍ത്ഥരായ ആളുകള്‍ എപ്പോഴും ചോദിക്കാറുണ്ടായിരുന്നു.

 സഹോദരീ സഹോദരന്മാരേ,

ഇല്ലായ്മയിലും അന്ധകാരത്തിലും മുക്കി മുന്‍ സര്‍ക്കാരുകള്‍ വികലമായ സ്വപ്നങ്ങള്‍ വിറ്റഴിച്ച ഉത്തര്‍പ്രദേശ് ഇന്ന് ദേശീയ തലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയ തലത്തിലും മുദ്ര പതിപ്പിക്കുന്നു.  ഇന്ന് യുപിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയുകയാണ്.  അന്താരാഷ്ട്ര തലത്തിലുള്ള ഹൈവേകള്‍, എക്സ്പ്രസ്വേകള്‍, റെയില്‍ ഗതാഗത പദ്ധതികള്‍ എന്നിവ യുപിയില്‍ നടക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ കേന്ദ്രമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇന്ന് രാജ്യത്തെയും ലോകത്തെയും നിക്ഷേപകര്‍ പറയുന്നത്. ഉത്തര്‍പ്രദേശ് എന്നാല്‍ മികച്ച സൗകര്യങ്ങളും സ്ഥിര നിക്ഷേപവും എന്നാണ്.  യുപിയുടെ ഈ അന്താരാഷ്ട്ര വ്യക്തിത്വത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് യുപിയുടെ അന്താരാഷ്ട്ര വിമാന ഗതാഗത സൗകര്യം. ഈ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യുപി മാറും.

സുഹൃത്തുക്കളേ,

യുപിയിലെയും കേന്ദ്രത്തിലെയും മുന്‍ ഗവണ്‍മെന്റുകള്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ വികസനം അവഗണിച്ചതിന്റെ ഉദാഹരണം കൂടിയാണ് ജെവാര്‍ വിമാനത്താവളം.  യുപിയിലെ ബിജെപി സര്‍ക്കാര്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ഈ പദ്ധതി സ്വപ്നം കണ്ടിരുന്നു.  എന്നാല്‍ ഈ വിമാനത്താവളം ഡല്‍ഹിയിലെയും ലഖ്നൗവിലെയും മുന്‍ ഗവണ്‍മെന്റുകളുടെ വഴക്കില്‍ വര്‍ഷങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്നു.  ഈ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് യുപിയിലെ മുന്‍ സര്‍ക്കാര്‍ അന്നത്തെ കേന്ദ്ര ഗവണ്‍മെന്റിന് കത്ത് നല്‍കിയിരുന്നു.  ഇപ്പോള്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശ്രമഫലമായി, അതേ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് നിങ്ങളോട് ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മോദിയും യോഗിയും ആഗ്രഹിച്ചിരുന്നെങ്കില്‍, 2017 ല്‍ ഗവണ്‍മെന്റ് രൂപീകരിച്ച ഉടന്‍ ഇവിടെ വന്നു തറക്കല്ലിടുകയും ഫോട്ടോഗ്രാഫുകള്‍ ക്ലിക്കുചെയ്ത് പത്രങ്ങളില്‍ പത്രക്കുറിപ്പുകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. മാത്രമല്ല ആളുകള്‍ ഈ രീതികള്‍ കാരണം തെറ്റൊന്നും കാണുകയുമില്ല. മുന്‍ ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തിരക്കിട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നേരത്തെ നടത്തിയിരുന്നു.  കടലാസില്‍ വരകള്‍ വരച്ചിരുന്നു, എന്നാല്‍ പദ്ധതികള്‍ എങ്ങനെ ആരംഭിക്കും, തടസ്സങ്ങള്‍ എങ്ങനെ നീക്കംചെയ്യും, എവിടെ നിന്ന് ഫണ്ട് ക്രമീകരിക്കും എന്നതിനെക്കുറിച്ച് വേണ്ടത്ര പരിഗണന ലഭിച്ചില്ല.  തല്‍ഫലമായി, പദ്ധതികള്‍ പതിറ്റാണ്ടുകളായി ഒരിക്കലും തയ്യാറാകില്ല.  അവര്‍ പ്രഖ്യാപനം നടത്തും, പദ്ധതിയുടെ ചെലവ് പലമടങ്ങ് വര്‍ദ്ധിക്കും,ഒഴികഴിവുകള്‍ ഉണ്ടാകും. കാലതാമസം മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള ഒരു വ്യായാമവും ഉണ്ടായിരുന്നു.  പക്ഷേ ഞങ്ങള്‍ അങ്ങനെ ചെയ്തില്ല, കാരണം അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ ഭാഗമല്ല, മറിച്ച് ദേശീയ നയത്തിന്റെ ഭാഗമാണ്.  ഇന്ത്യയുടെ ശോഭനമായ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്.  പദ്ധതികള്‍ കുടുങ്ങിപ്പോകാതിരിക്കാനും തീയില്‍ തൂങ്ങിക്കിടക്കാതിരിക്കാനും ലക്ഷ്യത്തില്‍ നിന്ന് പോകാതിരിക്കാനും ഞങ്ങള്‍ ശ്രദ്ധ വയ്ക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.  കാലതാമസത്തിന് പിഴ ചുമത്താനും ഞങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 സുഹൃത്തുക്കളേ,

നേരത്തെ, കര്‍ഷകരുടെ ഭൂമി വാങ്ങുന്നതിലെ ക്രമക്കേടുകളും പദ്ധതികള്‍ വൈകുന്നതിന് വലിയ തടസ്സമായി.  ഇവിടെ മാത്രം, ഇത്തരം നിരവധി പദ്ധതികള്‍ക്കായി മുന്‍ ഗവണ്‍മെന്റുകള്‍ കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്തു, എന്നാല്‍ ഒന്നുകില്‍ നഷ്ടപരിഹാരത്തിന്റെ പ്രശ്നത്താല്‍ പദ്ധതികള്‍ തകരാറിലായി അല്ലെങ്കില്‍ വര്‍ഷങ്ങളായി ഭൂമി വെറുതെ കിടക്കുന്നു.  കര്‍ഷകരുടെ താല്‍പര്യവും പദ്ധതിയുടെ താല്‍പര്യവും രാജ്യതാല്‍പ്പര്യവും മുന്‍നിര്‍ത്തി ഞങ്ങള്‍ ഈ തടസ്സങ്ങള്‍ നീക്കി.  കര്‍ഷകരില്‍ നിന്ന് കൃത്യസമയത്തും സുതാര്യതയോടെയും ഭൂമി സംഭരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തി.  അതിന്റെ ഫലമായി 30,000 കോടി രൂപയുടെ ഈ പദ്ധതിയുടെ തറക്കല്ലിടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.

സുഹൃത്തുക്കളേ,

ഇന്ന് ഓരോ സാധാരണ പൗരനും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നു. ഉഡാന്‍ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ പൗരന്റെ വിമാനയാത്ര എന്ന സ്വപ്നവും ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. വീടിനടുത്തുള്ള വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി മാതാപിതാക്കളോടൊപ്പം യാത്ര ചെയ്തുവെന്ന് ആരെങ്കിലും സന്തോഷത്തോടെ പറയുമ്പോഴും അതിന്റെ ഫോട്ടോ പങ്കിടുമ്പോഴും ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചതായി ഞാന്‍ കാണുന്നു.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുപിയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചതിലും മറ്റ് നിരവധി വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം നടക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്.

 സഹോദരീ സഹോദരന്മാരേ,

നമ്മുടെ നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എപ്പോഴും അവരുടെ സ്വാര്‍ത്ഥതയാണ് പരമപ്രധാനം. വികസനത്തെക്കുറിച്ചുള്ള അവരുടെ ധാരണ അവരുടെ സ്വാര്‍ത്ഥതയിലോ അവരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളിലോ പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം ഞങ്ങള്‍ ആദ്യം രാജ്യത്തിന്റെ ആത്മാവിനെ പിന്തുടരുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്. ഇതാണ് ഞങ്ങളുടെ മന്ത്രം.  യുപിയിലെയും രാജ്യത്തെയും ജനങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന രാഷ്ട്രീയം നിരീക്ഷിച്ചെങ്കിലും ഇന്ത്യ വികസനത്തിന്റെ പാതയില്‍ നിന്ന് മാറിയില്ല.  കുറച്ച് ദിവസം മുമ്പ്, 100 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കുകയെന്ന ദുഷ്‌കരമായ നാഴികക്കല്ല് ഇന്ത്യ മറികടന്നു. ഇന്ത്യ 2070-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാത്ത രാജ്യമാകുമെന്നു പ്രഖ്യാപിച്ചു. കുറച്ചുനാള്‍ മുമ്പ് കുശിനഗറില്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടു.  യുപിയില്‍ തന്നെ ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ ഒരേസമയം ആരംഭിച്ച് രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി. കഴിഞ്ഞയാഴ്ച മഹോബയില്‍ പുതിയ അണക്കെട്ടും ജലസേചന പദ്ധതികളും ഉദ്ഘാടനം ചെയ്തു, അതേസമയം ഝാന്‍സിയിലും പൂര്‍വാഞ്ചല്‍ എക്സ്പ്രസ്വേയിലും പ്രതിരോധ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.  അതിനും ഒരു ദിവസം മുമ്പ് ഞങ്ങള്‍ ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിച്ചു, വളരെ ഗംഭീരവും ആധുനികവുമായ റെയില്‍വേ സ്റ്റേഷന്‍ മധ്യപ്രദേശില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.  ഈ മാസം തന്നെ മഹാരാഷ്ട്രയിലെ പന്ധര്‍പൂരില്‍ നൂറുകണക്കിന് കിലോമീറ്റര്‍ ദേശീയ പാത ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലും ഇന്ന് നടന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ത്ഥത ഒരിക്കലും നമ്മുടെ രാജ്യസ്‌നേഹത്തിനും രാജ്യസേവനത്തിനും മുന്നില്‍ നില്‍ക്കില്ല.

 സുഹൃത്തുക്കളേ,

ഇന്ന്, 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ കണക്കിലെടുത്ത് നിരവധി ആധുനിക പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നു.  ഈ വേഗതയും പുരോഗതിയുമാണ് പ്രാപ്തിയുള്ളതും ശക്തവുമായ ഇന്ത്യയുടെ ഉറപ്പ്.  ഈ പുരോഗതിയും സൗകര്യവും എളുപ്പവും സാധാരണ ഇന്ത്യക്കാരന്റെ അഭിവൃദ്ധി ഉറപ്പാക്കും. നിങ്ങളുടെ അനുഗ്രഹത്തോടും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയോടും കൂടി ഈ പ്രചാരണപരിപാടിയില്‍ യുപി നേതൃപരമായ പങ്ക് വഹിക്കും; നമ്മള്‍ ഒരുമിച്ച് മുന്നോട്ട് പോകും. ഈവിശ്വാസത്തോടെ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേരില്‍ വളരെയധികം അഭിനന്ദനങ്ങള്‍.

 എനിക്കൊപ്പം പറയൂ,

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

 ഭാരത് മാതാ കീ ജയ്!

വളരെ നന്ദി!

*****