Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു

പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു


പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വാരാണസിക്കായി ഏകദേശം 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ 100 കോടി വാക്സിന്‍ ഡോസുകള്‍ എന്ന സുപ്രധാന നേട്ടം രാജ്യം സ്വന്തമാക്കിയതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ”ബാബ വിശ്വനാഥിന്റെ അനുഗ്രഹത്താലും, ഗംഗാമാതാവിന്റെ മഹത്തായ പ്രഭാവത്താലും, കാശിയിലെ ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്താലും, ഏവര്‍ക്കും സൗജന്യ വാക്സിന്‍ എന്ന ക്യാമ്പയിന്‍ വിജയകരമായി പുരോഗമിക്കുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, ഏറെക്കാലമായി ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മതിയായ ശ്രദ്ധ ലഭിച്ചിരുന്നില്ല. വേണ്ട ചികിത്സയ്ക്കായി ജനങ്ങള്‍ക്കു നെട്ടോട്ടമോടേണ്ടിവന്നു. ഇത് സ്ഥിതി വഷളാക്കുകയും സാമ്പത്തിക ബുദ്ധിമുട്ടു വരുത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും മനസ്സില്‍ ചികിത്സയുടെ കാര്യത്തില്‍ ഏറെ ആശങ്കയുളവാക്കി. ദീര്‍ഘകാലം രാജ്യം ഭരിച്ചിരുന്ന ഗവണ്‍മെന്റുകള്‍, രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ സമഗ്രവികസനത്തിനുപകരം, അസൗകര്യങ്ങളോടെ നിലനിര്‍ത്തുകയാണു ചെയ്തത്. 

ഈ കുറവ് പരിഹരിക്കാനാണ് പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പരിരക്ഷാ ശൃംഖല അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശങ്ങളില്‍ തുടങ്ങി ബ്ലോക്ക്, ജില്ലാ, പ്രാദേശികതലത്തിലൂടെ ദേശീയ തലത്തിലേക്കെത്തിച്ചു ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ ദൗത്യത്തിന് കീഴില്‍ ഗവണ്‍മെന്റ് സ്വീകരിച്ച മുന്‍കൈയെ കുറിച്ച് വിവരിച്ച പ്രധാനമന്ത്രി, രാജ്യത്തെ ആരോഗ്യമേഖലയിെല വിവിധ കുറവുകള്‍ പരിഹരിക്കാന്‍ ആയുഷ്മാന്‍ ഭാരത് അടിസ്ഥാനസൗകര്യ ദൗത്യത്തില്‍ 3 സുപ്രധാനമേഖലകളുണ്ടെന്ന് പറഞ്ഞു. ആദ്യത്തേത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇതിനുകീഴില്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ തുറക്കും. അവിടെ രോഗങ്ങള്‍ പ്രാരംഭദശയില്‍ത്തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും. സൗജന്യ രോഗനിര്‍ണയം, സൗജന്യ പരിശോധനകള്‍, സൗജന്യ മരുന്ന് തുടങ്ങിയ സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഗുരുതരമായ രോഗങ്ങള്‍ക്ക്, 600 ജില്ലകളില്‍ അതിനാവശ്യമായ 35,000 പുതിയ കിടക്കകള്‍ സജ്ജമാക്കും. കൂടാതെ 125 ജില്ലകളില്‍ റഫറല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും.

പദ്ധതിയുടെ രണ്ടാമത്തെ മേഖല, രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനാശൃംഖലയുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദൗത്യത്തിന് കീഴില്‍, രോഗനിര്‍ണയത്തിനും നിരീക്ഷണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. രാജ്യത്തെ 730 ജില്ലകളില്‍ സംയോജിത പൊതുജനാരോഗ്യ ലാബുകളും 3000 ബ്ലോക്കുകളില്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകളും സജ്ജമാക്കും. കൂടാതെ, രോഗ നിയന്ത്രണത്തിനുള്ള 5 പ്രാദേശിക ദേശീയ കേന്ദ്രങ്ങള്‍, 20 മെട്രോപൊളിറ്റന്‍ യൂണിറ്റുകള്‍, 15 ബിഎസ്എല്‍ ലാബുകള്‍ എന്നിവ ഈ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും- പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാമത്തെ മേഖല പകര്‍ച്ചവ്യാധികളെക്കുറിച്ചു പഠിക്കുന്ന നിലവിലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ വിപുലീകരണമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിലവിലുള്ള 80 വൈറല്‍ ഡയഗ്നോസ്റ്റിക്, റിസര്‍ച്ച് ലാബുകള്‍ ശക്തിപ്പെടുത്തും. 15 ബയോസേഫ്റ്റി ലെവല്‍15 ലാബുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 4 പുതിയ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒരു ദേശീയ ആരോഗ്യ സ്ഥാപനവും ആരംഭിക്കും. ദക്ഷിണേഷ്യയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഗവേഷണവേദി ഈ ശൃംഖലയെ ശക്തിപ്പെടുത്തും. പിഎം ആയുഷ്മാന്‍ ഭാരത് അടിസ്ഥാനസൗകര്യ ദൗത്യത്തിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ചികിത്സ മുതല്‍ നിര്‍ണായക ഗവേഷണങ്ങള്‍ വരെയുള്ള സേവനങ്ങള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ് ഇതിനര്‍ത്ഥം- പ്രധാനമന്ത്രി പറഞ്ഞു.

ഈ നടപടിക്രമങ്ങളില്‍ വരുന്ന തൊഴില്‍ സാധ്യതകളെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം, ആരോഗ്യത്തിനായി മാത്രമല്ല, ആത്മനിര്‍ഭരതയ്ക്കായുള്ള മാധ്യമം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ”സമഗ്ര ആരോഗ്യപരിരക്ഷ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിനര്‍ത്ഥം എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യമാകുന്നതുമായ ആരോഗ്യ സംരക്ഷണം”. സമഗ്ര ആരോഗ്യ പരിരക്ഷ ക്ഷേമത്തോടൊപ്പം ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. സ്വച്ഛ് ഭാരത് ദൗത്യം, ജല്‍ ജീവന്‍ ദൗത്യം, ഉജ്ജ്വല, പോഷണ്‍ അഭിയാന്‍, ഇന്ദ്രധനുഷ് ദൗത്യം തുടങ്ങിയ പദ്ധതികള്‍ കോടിക്കണക്കിനാള്‍ക്കാരെ രോഗങ്ങളില്‍ നിന്ന് രക്ഷിച്ചു. ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ പാവപ്പെട്ട 2 കോടിയിലധികം പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം വഴി ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെയും പീഡിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും ഇടത്തരക്കാരുടെയും വേദന തിരിച്ചറിയുന്ന ഗവണ്‍മെന്റുകള്‍ ഇന്ന് കേന്ദ്രത്തിലും സംസ്ഥാനത്തും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”രാജ്യത്തെ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ വേഗത്തില്‍ തുറക്കുന്നത് സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളുടെയും ഡോക്ടര്‍മാരുടെയും എണ്ണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ ഉള്ളതിനാല്‍ ഇനി പാവപ്പെട്ട അച്ഛനമ്മമാരുടെ മക്കള്‍ക്കും ഡോക്ടറാകണമെന്ന അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ നഗരമായ കാശിക്ക് മുമ്പുണ്ടായിരുന്ന ദുരവസ്ഥയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ കണ്ട് ജനങ്ങള്‍ക്കു മനം മടുത്തുവെന്നു പറഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ മാറി. കാശിയുടെ ഹൃദയത്തിനു മാറ്റമില്ല, മനസ്സിനു മാറ്റമില്ല. എന്നാല്‍ ശരീരം മെച്ചപ്പെടുത്താന്‍ നടത്തുന്നത് ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ്. ”കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 7 വര്‍ഷത്തിനിടെ വാരാണസിയില്‍ നടത്തിയത്”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലെ കാശിയുടെ പ്രധാന നേട്ടങ്ങളിലൊന്നായി, ആഗോള മികവിലേക്കുള്ള ബിഎച്ച്യുവിന്റെ പുരോഗതിയെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”ഇന്ന്, സാങ്കേതികവിദ്യയില്‍ മുതല്‍ ആരോഗ്യകാര്യങ്ങളില്‍ വരെ, അഭൂതപൂര്‍വമായ സൗകര്യങ്ങളാണ് ബിഎച്ച്യുവില്‍ ഒരുക്കുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും യുവസുഹൃത്തുക്കള്‍ പഠനത്തിനായി ഇവിടെയെത്തുന്നുണ്ട്” – അദ്ദേഹം പറഞ്ഞു.

വാരാണസിയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഖാദിയുടെയും മറ്റ് കുടില്‍ വ്യവസായ ഉല്‍പന്നങ്ങളുടെയും ഉല്‍പ്പാദനത്തിലെ 60 ശതമാനം വളര്‍ച്ചയെയും വില്‍പ്പനയിലെ 90  ശതമാനം വളര്‍ച്ചയെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ‘പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താനും’ പൗരന്മാരെ ഒരിക്കല്‍ കൂടി ഉദ്ബോധിപ്പിച്ചു. പ്രാദേശികം എന്നാല്‍ മണ്‍ചെരാതുകള്‍ പോലുള്ള ചില ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല അര്‍ഥമാക്കുന്നത്. നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കുന്ന ഏതൊരുല്‍പ്പന്നത്തിനും ഉത്സവകാലത്ത് എല്ലാ നാട്ടുകാരുടെയും പ്രോത്സാഹനവും അനുഗ്രഹവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

****