Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷനു തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷനു തുടക്കം കുറിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ത്യന്‍ ബഹിരാകാശ അസോസിയേഷന് (ഐഎസ്പിഎ) ഇന്ന് തുടക്കം കുറിച്ചു. ബഹിരാകാശ വ്യാവസായിക പ്രതിനിധികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തിന്റെ മഹത്തായ രണ്ട് പുത്രന്മാരായ ഭാരതരത്‌ന ജയപ്രകാശ് നാരായണിന്റെയും ഭാരതരത്‌ന നാനാജി ദേശ്മുഖിന്റെയും ജന്മദിനം ഇന്നാണെന്നു പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ദിശാബോധം നല്‍കുന്നതില്‍ ഈ രണ്ട് മഹദ് വ്യക്തിത്വങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാവരുടെയും പരിശ്രമത്തിലൂടെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതിലൂടെ, പ്രധാന മാറ്റങ്ങള്‍ രാഷ്ട്രത്തിന് യാഥാര്‍ത്ഥ്യമാകുന്നത് എങ്ങനെയെന്ന് അവര്‍ കാണിച്ചുതന്നു. അവരുടെ ജീവിത തത്ത്വചിന്ത ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും രണ്ട് വ്യക്തിത്വങ്ങള്‍ക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെപ്പോലെ ഉറപ്പുറ്റ ഒരു ഗവണ്‍മെന്റ് ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബഹിരാകാശ മേഖലയിലും ബഹിരാകാശ സാങ്കേതികവിദ്യയിലും ഇന്ന് ഇന്ത്യയിലുണ്ടാകുന്ന പ്രധാന പരിഷ്‌കാരങ്ങളാണ് ഇതിന് ഉദാഹരണം. ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ രൂപവല്‍ക്കരണത്തിനെത്തിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

ബഹിരാകാശ പരിഷ്‌കരണത്തോടുള്ള ഗവണ്‍മെന്റിന്റെ സമീപനം 4 സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒന്നാമതായി, സ്വകാര്യ മേഖലയ്ക്കുള്ള നവീകരണ സ്വാതന്ത്ര്യം. രണ്ടാമത്, പ്രാപ്തികൈവരുത്തുന്ന സംവിധാനം എന്ന നിലയില്‍ ഗവണ്‍മെന്റിന്റെ പങ്ക്. മൂന്നാമതായി, ഭാവിയിലേക്ക് യുവാക്കളെ സജ്ജരാക്കുക. നാലാമതായി, ബഹിരാകാശ മേഖലയെ സാധാരണക്കാരന്റെ പുരോഗതിക്കുള്ള ഒരു വിഭവമായി കാണുക. ബഹിരാകാശ മേഖല 130 കോടി ഇന്ത്യക്കാരുടെ പുരോഗതിക്കുള്ള പ്രധാന മാധ്യമമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ മേഖല എന്നാല്‍ മെച്ചപ്പെട്ട മാപ്പിംഗ്, ഇമേജിംഗ്, സാധാരണക്കാര്‍ക്ക് സമ്പര്‍ക്ക സൗകര്യങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ബഹിരാകാശ മേഖല എന്നാല്‍ കയറ്റുമതി മുതല്‍ സംരംഭകര്‍ക്കുള്ള വിതരണം വരെയുള്ള മികച്ച വേഗത അര്‍ഥമാക്കുന്നു. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും വരുമാനവും പ്രകൃതിദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നല്‍കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വയംപര്യാപ്ത ഇന്ത്യ ക്യാമ്പയിന്‍ ഒരു വീക്ഷണം മാത്രമല്ല, നന്നായി ചിന്തിക്കുകയും നന്നായി ആസൂത്രണം ചെയ്യുകയും ചെയ്ത സംയോജിത സാമ്പത്തികനയം കൂടിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സംരംഭകരുടെയും ഇന്ത്യയുടെ യുവാക്കളുടെയും നൈപുണ്യശേഷി വര്‍ദ്ധിപ്പിച്ച് ഇന്ത്യയെ ആഗോള ഉല്‍പാദന ശക്തികേന്ദ്രമാക്കുന്ന ഒരു നയം. ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ ആഗോള കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമാക്കുന്ന നയം. ആഗോളതലത്തില്‍ ഇന്ത്യയുടെ മാനവവിഭവശേഷിയുടെയും പ്രതിഭയുടെയും അന്തസ്സ് വര്‍ദ്ധിപ്പിക്കുന്ന, ആഗോള വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഒരു നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലാ സംരംഭങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു നയവുമായി മുന്നോട്ട് പോവുകയാണ് ഗവണ്‍മെന്റെന്നും ഗവണ്‍മെന്റിന്റെ ആവശ്യകതയില്ലാത്ത മേഖലകളില്‍ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട തീരുമാനം ഞങ്ങളുടെ പ്രതിബദ്ധതയും കാര്യഗൗരവവും കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴുവര്‍ഷങ്ങളില്‍, എല്ലായിടവും സ്പര്‍ശിക്കുന്ന, ചോര്‍ച്ചയില്ലാത്ത, സുതാര്യമായ ഭരണത്തിന്റെ  ഉപകരണമായി  ബഹിരാകാശ സാങ്കേതികവിദ്യ പരിവര്‍ത്തനം ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്കുള്ള ഭവന യൂണിറ്റുകളിലും റോഡുകളിലും അടിസ്ഥാനസൗകര്യ പദ്ധതികളിലും ജിയോടാഗിംഗ് ഉപയോഗിക്കുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാറ്റലൈറ്റ് ഇമേജിംഗ് വഴി വികസന പദ്ധതികള്‍ നിരീക്ഷിക്കുന്നുണ്ട്. ഫസല്‍ ബീമാ യോജന ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. മത്സ്യത്തൊഴിലാളികളെ നാവിക് (NAVIC) സംവിധാനം സഹായിക്കുന്നു. ഈ സാങ്കേതികവിദ്യയിലൂടെ ദുരന്തനിവാരണ ആസൂത്രണവും നടത്തുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി. സാങ്കേതികവിദ്യ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉദാഹരണമാക്കി ഇന്ത്യ ഇന്ന് ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാരണം ഡാറ്റയുടെ ശക്തി പാവപ്പെട്ടവരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വ്യവസായത്തെയും യുവാക്കളായ ആശയഉപജ്ഞാതാക്കളെയും സ്റ്റാര്‍ട്ടപ്പുകളെയും എല്ലാ തലത്തിലും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്നു വ്യക്തമാക്കി. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന്, ഒരു പ്ലാറ്റ്‌ഫോം സമീപനം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ”പ്ലാറ്റ്‌ഫോം സംവിധാനം എന്നത് ഗവണ്‍മെന്റ് ഏവര്‍ക്കും പ്രാപ്യമായ പൊതുനിയന്ത്രണത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുകയും വ്യവസായത്തിനും സംരംഭങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്യുന്ന ഒരു സമീപനമാണ്. ഈ അടിസ്ഥാന പ്ലാറ്റ്‌ഫോമില്‍ സംരംഭകര്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. കരുത്തുറ്റ ഫിന്‍ടെക് നെറ്റ്വര്‍ക്കിന്റെ അടിസ്ഥാനമായി മാറിയ യുപിഐ പ്ലാറ്റ്‌ഫോം ഉദാഹരണമാക്കി പ്രധാനമന്ത്രി ഇത് വിശദീകരിച്ചു. ബഹിരാകാശത്തിലും ജിയോസ്‌പേഷ്യല്‍ ഫീല്‍ഡുകളിലും വിവിധ മേഖലകളില്‍ ഡ്രോണുകളുടെ ഉപയോഗത്തിനും സമാനമായ പ്ലാറ്റ്‌ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ യോഗത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെയും താല്‍പര്യമുള്ള വിഭാഗങ്ങളുടെ സജീവ ഇടപെടലുകളിലൂടെയും, അതിവേഗത്തില്‍ ഒരു മികച്ച സ്‌പേസ്‌കോം നയവും വിദൂരസംവേദനനയവും ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ബഹിരാകാശത്തെയും ബഹിരാകാശ മേഖലയെയും ഭരിക്കാന്‍ ശ്രമിച്ച ഇരുപതാം നൂറ്റാണ്ടിന്റെ പ്രവണത ലോക രാജ്യങ്ങളെ എത്തരത്തിലാണ് വിഭജിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ലോകത്തെ ഒന്നിപ്പിക്കുന്നതിലും ബന്ധിപ്പിക്കുന്നതിലും സ്‌പേസ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

****