Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ആഗസ്ത് 29 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് – ഭാഗം 80


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.

    ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ.  അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി  ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.
    സുഹൃത്തുക്കളെ, കളികളെ കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായി നമ്മുടെ മുന്നിൽ യുവതലമുറ വരും. യുവതലമുറയെ ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ അവരിൽ വലിയ മാറ്റം കാണപ്പെടുന്നു. യുവാക്കളുടെ മനസ്സ് മാറിക്കഴിഞ്ഞു. ഇന്നത്തെ യുവ മനസ്സുകൾ തേഞ്ഞുമാഞ്ഞ പഴയ രീതികളിൽ നിന്ന് മാറി പുതിയതെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ യുവാക്കൾ പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ പുതിയ വഴികൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. അറിയാത്ത വഴികളിൽ കാൽ വയ്ക്കാൻ ആഗ്രഹിക്കുന്നു. ലക്ഷ്യ സ്ഥാനവും പുതിയത്, വഴിയും ആഗ്രഹവും പുതിയത്. ഇന്നത്തെ യുവാക്കൾ മനസ്സിൽ ഒന്ന് നിശ്ചയിച്ചാൽ പിന്നെ അഹോരാത്രം അതിനായി യത്‌നിക്കും. ഈ അടുത്ത കാലത്താണ് ഇന്ത്യ ബഹിരാകാശ രംഗത്ത് സജീവമായത്. വളരെ പെട്ടെന്ന് തന്നെ യുവതലമുറ ഇതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്താൻ കോളേജ്, സർവ്വകലാശാലാ വിദ്യാർത്ഥികൾ, സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന യുവാക്കൾ തുടങ്ങിയവർ മുന്നോട്ടുവന്നു. വരും ദിനങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഉപഗ്രഹങ്ങളിൽ വലിയ ഒരു അളവ് നമ്മുടെ വിദ്യാർത്ഥികൾ, യുവാക്കൾ, ലാബിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ നിർമ്മിച്ചതാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. 
    അതുപോലെ തന്നെ ഇപ്പോൾ എവിടെ നോക്കിയാലും ഏത് കുടുംബത്തിൽ ചെന്നാലും അവർ എത്ര സമ്പന്നർ ആണെങ്കിലും പഠിപ്പും വിവരവുമുള്ള കുടുംബമാണെങ്കിലും അവിടത്തെ യുവാക്കളോട് ചോദിച്ചാൽ ഞങ്ങൾ പാരമ്പര്യങ്ങളിൽ നിന്നും വേറിട്ട് സ്റ്റാർട്ടപ്പ് തുടങ്ങും, സ്റ്റാർട്ട് അപ്പിൽ ജോലി ചെയ്യും എന്നു പറയും. അതായത് അവരുടെ മനസ്സ് വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറാവുകയാണ്. ഇന്ന് ചെറിയ നഗരങ്ങളിൽ പോലും സ്റ്റാർട്ടപ്പ് സംസ്‌കാരം വ്യാപിക്കുന്നു. ഞാൻ ഇതിൽ ഉജ്ജ്വലമായ ഭാവിയുടെ സൂചനകൾ കാണുന്നു. ഈ അടുത്ത കാലത്താണ് നമ്മുടെ നാട്ടിൽ കളിപ്പാട്ടങ്ങൾ ചർച്ചാവിഷയമായത്. യുവാക്കളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് വളരെ വേഗം പതിഞ്ഞു. നമ്മുടെ കളിപ്പാട്ടങ്ങളുടെ വൈപുല്യം ലോകത്തെ എങ്ങനെ ബോധ്യപ്പെടുത്താം എന്നതിലേക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്ത് കളിപ്പാട്ടങ്ങളുടെ വിപണി വളരെ വലുതാണ്. 6-7 ലക്ഷം കോടിയുടെ വിപണിയാണ്. ഇതിൽ ഇന്ന് ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണ്. കളിപ്പാട്ടങ്ങൾ എങ്ങനെ ഉണ്ടാക്കണം, അവയിൽ വൈവിധ്യം എങ്ങനെ വരുത്താം, കളിപ്പാട്ടങ്ങളിലെ പുതിയ ടെക്‌നോളജി എന്താണ്, കുട്ടികളുടെ മനശാസ്ത്രത്തിന് അനുകൂലമായി കളിപ്പാട്ടങ്ങൾ എങ്ങനെ നിർമിക്കാം തുടങ്ങിയവയിലേക്ക് യുവാക്കളുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ അവരുടേതായ സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു. 
    സുഹൃത്തുക്കളെ, മനസ്സിൽ സന്തോഷം നിറയ്ക്കുന്ന, വിശ്വാസത്തെ ദൃഢമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. നിങ്ങളും ഇത് ശ്രദ്ധിച്ചു കാണും. സാധാരണയായി എന്തെങ്കിലും ചെയ്യുമ്പോൾ ”ഇതൊക്കെ മതി” എന്നുള്ള ചിന്തയായിരുന്നു നമ്മുടേത്. എന്നാൽ ഇന്നത്തെ യുവാക്കൾ ഏറ്റവും ശ്രേഷ്ഠമായതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തമമായത്, ഉത്തമമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇത് നമ്മുടെ രാഷ്ട്രത്തിന്റെ വളരെ വലിയ ശക്തിയായി ഉയർന്നു വരും.
    സുഹൃത്തുക്കളെ, ഇത്തവണ ഒളിമ്പിക്‌സ് വളരെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒളിമ്പിക്‌സ് കഴിഞ്ഞു, ഇപ്പോൾ പാരലിമ്പിക്‌സ് നടക്കുന്നു. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒളിമ്പിക്‌സിൽ നമ്മുടെ നേട്ടം ചെറുതാണെങ്കിലും ആളുകളുടെ മനസ്സിൽ വിശ്വാസം ജനിപ്പിക്കാൻ അവയ്ക്കായിട്ടുണ്ട്. ഇന്ന് യുവാക്കൾ സ്‌പോർട്‌സിനെ ലാഘവത്തോടെയല്ല കാണുന്നത്. സ്‌പോർട്‌സുമായി ബന്ധപ്പെട്ട സാധ്യതകൾ എന്തൊക്കെയാണെന്ന് അവർ നോക്കുന്നു. കായിക മേഖലയെ അവർ സസൂക്ഷ്മം വീക്ഷിക്കുന്നു. അതിന്റെ സാധ്യതകൾ മനസ്സിലാക്കുന്നു. ഏതെങ്കിലും രീതിയിൽ അവയുമായി സ്വയം ബന്ധപ്പെടുത്തുവാൻ നോക്കുന്നു. ഇപ്പോൾ അവർ പരമ്പരാഗത ഇനങ്ങൾക്ക് അപ്പുറം പുതിയ ഇനങ്ങൾ സ്വീകരിക്കുന്നു. എന്റെ ദേശവാസികളേ, സ്‌പോർട്‌സ് രംഗത്ത് ഇത്രയും മുന്നേറ്റം ഉണ്ടാകുമ്പോൾ ഓരോ കുടുംബത്തിലും കളിയുടെ ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ മുന്നേറ്റം, വേഗത, തടയപ്പെടണമോ നിന്നു പോകണമോ എന്ന് നിങ്ങൾ തന്നെ പറയൂ. ഒരിക്കലും പാടില്ല! നിങ്ങളും എന്നെപ്പോലെ തന്നെ ചിന്തിക്കുന്നുണ്ടാകും. നമ്മുടെ നാട്ടിൽ സ്‌പോർട്‌സ്, സ്‌പോർട്‌സ്മാൻ സ്പിരിറ്റ് നിന്നു പോകാൻ പാടില്ല. കുടുംബ ജീവിതത്തിൽ, സാമൂഹിക ജീവിതത്തിൽ, രാഷ്ട്രീയ ജീവിതത്തിൽ, ഈ മുന്നേറ്റത്തെ സ്ഥായിയാക്കേണ്ടതാണ്. ഈ മുന്നേറ്റം നിരന്തരം ഊർജ്ജം പകരേണ്ടതാണ്. വീട്ടിലാകട്ടെ,  സമൂഹത്തിലാകട്ടെ, ഗ്രാമത്തിലാകട്ടെ, നഗരത്തിലാകട്ടെ നമ്മുടെ കളിസ്ഥലങ്ങൾ നിറഞ്ഞു കവിയണം. എല്ലാവരും കളിക്കട്ടെ, എല്ലാവരും വിടരട്ടെ. നിങ്ങൾക്ക് ഓർമ്മ കാണുമല്ലോ അല്ലേ! ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞല്ലോ-എല്ലാവരുടെയും പ്രയത്‌നം. അതെ എല്ലാവരുടെയും പ്രയത്‌നം ഉണ്ടെങ്കിലേ കളിയുടെ മേഖലയിൽ ഇന്ത്യ തങ്ങൾക്ക് അർഹമായ ഉയരത്തിലേക്ക് എത്തുകയുള്ളൂ. മേജർ ധ്യാൻചന്ദിനെ പോലെയുള്ളവർ കാട്ടിയ വഴിയേ മുന്നോട്ടുപോകുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്. കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, നാട്ടിലോ രാജ്യത്തോ ആകട്ടെ, ഏകമനസ്സോടെ കളികളോട് എല്ലാവരും ചേരുന്നു. വളരെ വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ രാജ്യത്ത് ഇങ്ങനെയൊരു കാലഘട്ടം വരുന്നത്.
    എന്റെ പ്രിയപ്പെട്ട യുവാക്കളെ, ഈ അവസരം പ്രയോജനപ്പെടുത്തി വിവിധ കായിക ഇനങ്ങളിൽ നമുക്ക് മികവുറ്റവർ ആകേണ്ടതുണ്ട്. ഗ്രാമങ്ങൾതോറും കുട്ടികളുടെ മത്സരങ്ങൾ നിരന്തരം നടക്കേണ്ടതാണ്. മത്സരങ്ങളിലൂടെ മാത്രമേ കളികൾ വികസിക്കുകയുള്ളൂ, നല്ല കളിക്കാർ ഉണ്ടാവുകയുള്ളൂ. ഈ മുന്നേറ്റത്തിൽ നമ്മുടേതായ സംഭാവനകൾ നമുക്ക് എത്ര നൽകാൻ കഴിയും. ഈ ആവേഗം എത്ര മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് എല്ലാവരുടെയും പ്രയത്‌നം എന്ന മന്ത്രം വഴി നമുക്ക് പ്രാവർത്തികമാക്കി കാണിക്കാം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാളെ ജന്മാഷ്ടമി കൂടിയാണല്ലോ. ജന്മാഷ്ടമി അതായത് കൃഷ്ണന്റെ ജന്മോത്സവം. കുറുമ്പനായ കണ്ണൻ മുതൽ വിരാട് രൂപം ധരിക്കുന്ന കൃഷ്ണൻ വരെ, ശസ്ത്ര പ്രയോഗത്തിൽ നിപുണനായവൻ  മുതൽ ശാസ്ത്രവിദ്യയിൽ സമർഥനായ കൃഷ്ണൻ വരെ, ഭഗവാന്റെ എല്ലാ രൂപവും നമുക്ക് പരിചിതമാണ്. കലയിൽ, സൗന്ദര്യത്തിൽ, മാധുര്യത്തിൽ എല്ലായിടത്തും കൃഷ്ണൻ ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് രസകരമായ ഒരു അനുഭവമുണ്ടായി. അത് നിങ്ങളുമായി പങ്കുവെക്കണം എന്നുള്ളതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണ ജോലിയുടെ ഉദ്ഘാടനം ഈ മാസം ഇരുപതാം തീയതി നടത്തിയത് നിങ്ങൾക്ക് ഓർമ്മ കാണുമല്ലോ. സോമനാഥ ക്ഷേത്രത്തിൽ നിന്നും 3-4 കിലോമീറ്റർ അകലെയാണ് ഭാൽകാ തീർത്ഥം. ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിലെ തന്റെ അവസാന നിമിഷങ്ങൾ ചിലവിട്ട സ്ഥലമാണ് ഭാൽകാ തീർത്ഥം എന്നറിയപ്പെടുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഈ ലോകത്തിൽ അദ്ദേഹത്തിന്റെ ലീലകളുടെ സമാപനം അവിടെയായിരുന്നു. സോമനാഥ് ട്രസ്റ്റിന്റെ വകയായി ആ പ്രദേശത്താകെ പലതരം വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാൽകാ തീർത്ഥത്തെയും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ നോട്ടം സുന്ദരമായ ഒരു ആർട്ട് ബുക്കിൽ പതിഞ്ഞു. ഈ പുസ്തകം എന്റെ താമസസ്ഥലത്തിന് പുറത്തായി എനിക്ക് വേണ്ടി ആരോ വച്ച് പോയതാണ്. അതിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ പല രൂപങ്ങൾ, പല സുന്ദര ചിത്രങ്ങൾ ഉണ്ടായിരുന്നു. അവ വളരെ മോഹിപ്പിക്കുന്ന, അർത്ഥവത്തായ ചിത്രങ്ങളായിരുന്നു. പുസ്തക താളുകൾ മറിച്ചു തുടങ്ങിയപ്പോൾ എന്റെ ജിജ്ഞാസ തെല്ലു വർദ്ധിച്ചു. പുസ്തകവും അതിലെ മുഴുവൻ ചിത്രങ്ങളും ഞാൻ കണ്ടു. അതിൽ എനിക്കായി ഒരു സന്ദേശം എഴുതിയിട്ടുണ്ടായിരുന്നു. അതു വായിച്ചപ്പോൾ എഴുതിയ ആളെ കാണണമെന്ന് എനിക്ക് തോന്നി. എന്റെ ഓഫീസ് അവരുമായി ബന്ധപ്പെട്ടു. ആർട്ട് ബുക്കും അതിലെ കൃഷ്ണന്റെ വിവിധ രൂപങ്ങളും കണ്ട് എന്റെ ജിജ്ഞാസ വളരെയധികം വർദ്ധിച്ചതിനാൽ അടുത്തദിവസം തന്നെ കൂടിക്കാഴ്ചയ്ക്കായി അവരെ ക്ഷണിച്ചു. അങ്ങനെയാണ് ജദുറാണി ദാസിജിയെ ഞാൻ കണ്ടത്. അവർ അമേരിക്കയിൽ ജനിച്ചുവളർന്നവരാണ്. ISKCON ഉം ഹരേകൃഷ്ണാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. ഭക്തിയാണ് അവരുടെ വലിയ പ്രത്യേകത. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ISKCON ന്റെ സ്ഥാപകൻ പ്രഭുപാദ സ്വാമിയുടെ 125-ാം ജയന്തി ഇനി രണ്ടു ദിവസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ ഒന്നാം തീയതിയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ശ്രീമതി ജദുറാണി ഇന്ത്യയിൽ വന്നത്. ഭാരതീയ സംസ്‌കാരത്തിൽ നിന്നും വിദൂരതയിൽ നിൽക്കുന്ന, അമേരിക്കയിൽ ജനിച്ച ഇവർക്ക് എങ്ങനെ ഭഗവാൻ ശ്രീകൃഷ്ണന്റെ ഇത്ര മനോഹര ചിത്രങ്ങൾ രചിക്കാൻ കഴിയുന്നു എന്നുള്ളതായിരുന്നു എന്റെ മുന്നിലുള്ള വലിയ ചോദ്യം. അവരുമായി ഞാൻ ദീർഘനേരം സംസാരിച്ചു. അതിന്റെ ഏതാനും ഭാഗം നിങ്ങളെ കേൾപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രധാനമന്ത്രി: ശ്രീമതി ജദുറാണി, ഹരേകൃഷ്ണാ! ഞാൻ ഭക്തി ആർട്ടിനെ പറ്റി കുറച്ച് വായിച്ചിട്ടുണ്ട് ഞങ്ങളുടെ ശ്രോതാക്കളോട് ഇതിനെക്കുറിച്ച് താങ്കൾ കൂടുതൽ പറയൂ. ഭക്തി ആർട്ടിനോട് താങ്കൾക്കുള്ള അഭിനിവേശവും താൽപര്യവും മഹത്തരമാണ്.

ജദുറാണി: ഭക്തി ആർട്ട് അല്ലേ. ഇത് മനസ്സിൽ നിന്നോ സങ്കൽപ്പത്തിൽ നിന്നോ വരുന്നതല്ല. മറിച്ച് ബ്രഹ്‌മസംഹിത പോലുള്ള പുരാതന വൈദിക സാഹിത്യത്തിൽ നിന്ന് വന്നിട്ടുള്ളതാണ് എന്നാണ് ഭക്തി ആർട്ടിനെക്കുറിച്ചുള്ള ഞങ്ങളുടെ ഒരു ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. (വോയ്‌സ് ജദുറാണി) എങ്ങനെയാണ് അദ്ദേഹം ഓടക്കുഴൽ കൊണ്ടുനടക്കുന്നത്, എങ്ങനെ മറ്റൊരു ഇന്ദ്രിയത്തിനുവേണ്ടി അദ്ദേഹത്തിന്റെ എല്ലാ ഇന്ദ്രിയങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുന്നത്. അദ്ദേഹം ചെവിയിൽ കർണികാര പുഷ്പം ചൂടുന്നു. അദ്ദേഹം വൃന്ദാവനം മുഴുവൻ തന്റെ പദാരവിന്ദങ്ങളുടെ പാടുകൾ ഉണ്ടാക്കുന്നു. അദ്ദേഹത്തിന്റെ യശോഗാനങ്ങൾ പാടി വാഴ്ത്തുന്ന ഗോപബാലൻമാർ, അദ്ദേഹത്തിന്റെ ഓടക്കുഴൽ എല്ലാ ഭാഗ്യവാൻമാരുടെയും മനസ്സും ഹൃദയവും കീഴടക്കുന്നു. ഇവയെല്ലാം പുരാതന വേദഗ്രന്ഥങ്ങളിൽ നിന്നുള്ളതാണ്. അതീന്ദ്രിയ വ്യക്തിത്വം ഉള്ളവരിൽ നിന്നും വരുന്ന ധർമ്മഗ്രന്ഥങ്ങളുടെ ശക്തിയും അതിനെ പുറത്തേക്ക് കൊണ്ടുവരുന്ന പരമഭക്തരും. ഇവരുടെ കലയ്ക്ക് അതിന്റേതായ ശക്തിയുണ്ട്. അതുകൊണ്ടാണ് ഇതിന് പരിവർത്തനം സംഭവിക്കുന്നത്. ഇത് എന്റെ കഴിവ് കൊണ്ടല്ല.

പ്രധാനമന്ത്രി: ശ്രീമതി ജദുറാണി നിങ്ങളോട് എനിക്ക് മറ്റൊരു ചോദ്യം ചോദിക്കാനുണ്ട്. ഒരുവിധത്തിൽ 1966 മുതൽ മാനസികമായും ഭൗതികമായി 1976 മുതലും ദീർഘകാലമായി നിങ്ങൾക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. ഇന്ത്യയെന്നാൽ നിങ്ങൾ എന്താണ് മനസ്സിലാക്കുന്നത്

ജദുറാണി: അല്ലയോ പ്രധാനമന്ത്രി ഇന്ത്യ എനിക്ക് എല്ലാമെല്ലാമാണ്. സാങ്കേതികമായി ഇന്ത്യ നല്ലരീതിയിൽ ഉയർന്നിട്ടുണ്ട്. പാശ്ചാത്യ നാടുകളെ പിന്തുടർന്ന് ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഐഫോൺ, വലിയ കെട്ടിടങ്ങൾ മുതലായവ ഇവിടെയുമുണ്ട്. പക്ഷേ ഇതല്ല ശരിക്കുള്ള ഇന്ത്യയുടെ മഹത്വം എന്ന് എനിക്കറിയാം. എന്താണ് ഇന്ത്യയെ മഹത്തരമാക്കുന്നത്?  സാക്ഷാൽ കൃഷ്ണൻ ഇവിടെയാണ് അവതരിച്ചത്. എല്ലാ അവതാരങ്ങളും ഇവിടെയാണ് ഉണ്ടായത്. ഭഗവാൻ ശിവനും ശ്രീരാമനും ഇവിടെ അവതരിച്ചു. എല്ലാ പുണ്യനദികളും ഇവിടെയാണ്. വൈഷ്ണവ സംസ്‌കാരത്തിലെ എല്ലാ പുണ്യസ്ഥലങ്ങളും ഇവിടെയാണ്. ആയതിനാൽ ഭാരതം പ്രത്യേകിച്ച് വൃന്ദാവനം ബ്രഹ്‌മാണ്ഡത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനമാകുന്നു. വൃന്ദാവനം എല്ലാത്തിന്റെയും ഉറവിടമാകുന്നു. സമസ്ത ഭൗതിക സൃഷ്ടിയുടെയും ഉറവിടമാകുന്നു. അതുകൊണ്ട് ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു.

പ്രധാനമന്ത്രി: നന്ദി ശ്രീമതി ജദുറാണി ഹരേകൃഷ്ണ.
    സുഹൃത്തുക്കളേ, ലോകത്തിൽ ആളുകളെല്ലാം ഭാരതീയ ആദ്ധ്യാത്മികത തത്വചിന്ത ഇവയെക്കുറിച്ച് ഇത്രയധികം ചിന്തിക്കുമ്പോൾ നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാലം പുറന്തള്ളുന്നതിനെ നമ്മൾ ഉപേക്ഷിക്കണം. എന്നാൽ കാലാതിവർത്തിയായതിനെ മുന്നോട്ടുകൊണ്ടു പോവുകയും വേണം. നമുക്ക് നമ്മുടെ ഉത്സവങ്ങൾ ആഘോഷിക്കാം. അതിന്റെ ശാസ്ത്രീയത മനസ്സിലാക്കാം. അതിന്റെ പിന്നിലെ അർത്ഥം ഗ്രഹിക്കാം. ഓരോ ഉത്സവത്തിലും എന്തെങ്കിലും സന്ദേശം ഉണ്ടാകും. എന്തെങ്കിലും സംസ്‌കാരം ഉണ്ടാകും. അത് നാം മനസ്സിലാക്കണം. ജീവിതത്തിൽ പകർത്തണം. വരും തലമുറയുടെ പൈതൃകസ്വത്തായി അതിനെ മുന്നോട്ടു കൊണ്ടുപോകണം. ഞാൻ ഒരിക്കൽക്കൂടി എന്റെ എല്ലാ ദേശവാസികൾക്കും ജന്മാഷ്ടമിയുടെ ശുഭാശംസകൾ നേരുന്നു.  
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ കൊറോണ കാലഘട്ടത്തിൽ ശുചിത്വത്തിന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർന്നിട്ടില്ല എന്ന് തോന്നുന്നു. ശുചിത്വത്തിൽ നിന്ന് നമ്മൾ തെല്ലിട പോലും പിന്മാറരുത്. രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരുടെയും പ്രയത്‌നം എങ്ങനെ എല്ലാവരുടെയും വികസനം ആകുന്നു എന്നതിന്റെ ഉദാഹരണം നമുക്ക് പ്രേരണ നൽകുന്നു. മാത്രമല്ല, എന്തെങ്കിലും ചെയ്യുവാനുള്ള പുതിയ ഊർജ്ജം പ്രദാനം ചെയ്യുന്നു. പുതിയ വിശ്വാസം നമ്മിൽ നിറയ്ക്കുന്നു. നമ്മുടെ പ്രതിജ്ഞക്ക് ജീവൻ കൊടുക്കുന്നു. ശുചിത്വ ഭാരത യജ്ഞത്തിന്റെ കാര്യം വരുമ്പോഴൊക്കെ ഇൻഡോറിലെ കാര്യം നമ്മുടെ മുന്നിൽ വരുന്നു എന്നുള്ളത് നമുക്ക് നന്നായി അറിയാവുന്ന കാര്യമാണ്. കാരണം ഇൻഡോർ ശുചിത്വത്തിന്റെ കാര്യത്തിൽ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കി കഴിഞ്ഞു. ഇൻഡോറിലെ പൗരന്മാർ അഭിനന്ദനത്തിന് അർഹരാണ്. ഇൻഡോർ ”ശുചിത്വ ഭാരത റാങ്കിംഗിൽ” വർഷങ്ങളായി ഒന്നാംസ്ഥാനത്താണ്. ഇപ്പോൾ ഇൻഡോറിലെ ജനങ്ങൾക്ക് ശുചിത്വ ഭാരത റാങ്കിങ്ങിൽ സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അവർ മുന്നേറാൻ ആഗ്രഹിക്കുന്നു. പുതിയതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. അവർ മനസ്സിൽ എന്താണ് ഉറച്ച തീരുമാനിച്ചിരിക്കുന്നത്? അതെ അവർ വാട്ടർ പ്ലസ് സിറ്റി നിലനിർത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയാണ്. വാട്ടർ പ്ലസ് സിറ്റി, അതായത് ശുചീകരിക്കാതെ ആരും സീവേജ് ഒരു പൊതു ജലാശയത്തിലേക്ക് ഒഴുക്കാൻ പാടില്ല. ഇവിടത്തെ പൗരന്മാർ സ്വയം മുന്നോട്ടു വന്ന് അവരവരുടെ പൈപ്പുകൾ സീവർ ലൈനുമായി ഘടിപ്പിച്ചു. ശുചിത്വ യജ്ഞവും നടത്തി. അങ്ങനെ സരസ്വതി നദിയിലും കാൻഹ് നദിയിലും ഒഴുക്കിവിടുന്ന അഴുക്കു വെള്ളത്തിന്റെ തോത് കുറഞ്ഞു. അങ്ങനെ ഒരു മേന്മ ദർശിക്കാനായി. ഇന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ശുചിത്വ ഭാരത യജ്ഞം എന്ന സങ്കല്പം ഒരിക്കലും മന്ദഗതിയിലാകാൻ പാടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ രാജ്യത്ത് എത്രത്തോളം നഗരങ്ങൾ വാട്ടർ പ്ലസ് സിറ്റി ആകുന്നുവോ അത്രത്തോളം ശുചിത്വം വർദ്ധിക്കും. നമ്മുടെ നദികൾ മാലിന്യമുക്തമാകും. വെള്ളം സൂക്ഷിച്ചു ഉപയോഗിക്കാനുള്ള മനുഷ്യന്റെ ചുമതലയെന്ന സംസ്‌കാരവും നമുക്ക് കൈവരും.
    അല്ലയോ സുഹൃത്തുക്കളെ, ബീഹാറിലെ മധുബനിയിൽ നിന്നും ഇതിന് ഒരു ഉദാഹരണം എന്റെ മുന്നിൽ വന്നിട്ടുണ്ട് മധുബനിയിലെ ഡോക്ടർ രാജേന്ദ്ര പ്രസാദ് കാർഷിക സർവകലാശാലയും അവിടുത്തെ പ്രാദേശിക കൃഷിവിജ്ഞാന കേന്ദ്രവും ചേർന്ന നല്ലൊരു പരിശ്രമം തന്നെ നടത്തി. അതിന്റെ ലാഭം ഇന്ന് കൃഷിക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതിലൂടെ ശുചിത്വ ഭാരത് യജ്ഞത്തിനു പുതിയ ഉണർവും ശക്തിയും കൈവരിച്ചിരിക്കുന്നു.  വിശ്വവിദ്യാലയത്തിന്റെ ഈ ഉദ്യമത്തിന്റെ പേര് ‘സുഖേദ് മോഡൽ’ എന്നാണ്. ഗ്രാമങ്ങളിലെ മലിനീകരണം കുറയ്ക്കുക എന്നതാണ് സുഖദ് മോഡലിന്റെ ലക്ഷ്യം. ഇവിടെ ഇവർ ഗ്രാമത്തിലെ കൃഷിക്കാരിൽ നിന്നും ചാണകവും വയലിലും വീടുകളിലും ഉള്ള മറ്റു ചപ്പുചവറുകളും ശേഖരിക്കുന്നു. പകരമായി ഗ്രാമവാസികൾക്ക് അടുക്കളയിലേക്കുള്ള ഗ്യാസ് സിലിണ്ടറിന് തുക നൽകുന്നു. ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന ചപ്പുചവറുകൾ വെർമി കമ്പോസ്റ്റ് ആക്കി മാറ്റുവാനുള്ള പ്രവർത്തനവും നടന്നുവരുന്നു. അതായത്, സുഖേദ് മോഡലിന്റെ നാല് നേട്ടങ്ങൾ നമുക്ക് പ്രത്യക്ഷമായി കാണാൻ കഴിയുന്നു. ഒന്നാമത്തേത് ഗ്രാമം മലിനീകരണത്തിൽ നിന്നും മോചനം നേടുന്നു. രണ്ടാമത്തേത് ഗ്രാമം മാലിന്യങ്ങളിൽ നിന്നും മുക്തി നേടുന്നു. മൂന്നാമത് ഗ്രാമവാസികൾക്ക് ഗ്യാസ് സിലിണ്ടറിനുള്ള പൈസ ലഭിക്കുന്നു. നാലാമതായി കൃഷിക്കാർക്ക് ജൈവവളവും ലഭിക്കുന്നു. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, ഈ വിധത്തിലുള്ള പരിശ്രമങ്ങൾ നമ്മുടെ ഗ്രാമങ്ങളുടെ ശക്തി എത്രയധികമാണ് വർദ്ധിപ്പിക്കുന്നത്. ഇതാണ് സ്വയംപര്യാപ്തത. ഇങ്ങനെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം എന്നാണ് എനിക്ക് ഓരോ പഞ്ചായത്തിനോടും പറയാനുള്ളത്. 
    സുഹൃത്തുക്കളെ, നമ്മൾ ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങി പുറപ്പെടുമ്പോൾ അതിന്റെ ഫലം തീർച്ചയായും കിട്ടുന്നതായിരിക്കും. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള കാഞ്ചിരംഗാൽ പഞ്ചായത്തിന്റെ കാര്യം നോക്കൂ. ആ ചെറിയ പഞ്ചായത്ത് എന്താണ് ചെയ്തത് എന്ന് അറിയണ്ടേ. ഇവിടെ നിങ്ങൾക്ക് മാലിന്യത്തിൽ നിന്നും സമ്പത്ത് എന്ന മറ്റൊരു മാതൃക കാണുവാൻ കഴിയും. ഇവിടെ ഗ്രാമപഞ്ചായത്ത് അവിടത്തെ ജനങ്ങളുമായി ചേർന്ന് ചപ്പുചവറുകളിൽ നിന്നും വൈദ്യുതി ഉണ്ടാകുവാനുള്ള ഒരു പ്രാദേശിക പദ്ധതി   പ്രാവർത്തികമാക്കി. ഗ്രാമത്തിലെ മുഴുവൻ ചപ്പുചവറുകൾ ശേഖരിച്ച് അതിൽനിന്നും വൈദ്യുതി ഉണ്ടാക്കുന്നു. അവശേഷിക്കുന്ന ഉൽപ്പന്നം കീടനാശിനിയായി വിറ്റഴിക്കുന്നു. ഒരുദിവസം രണ്ടു ടൺ        മാലിന്യസംസ്‌കരണ ശേഷിയാണ് ഈ പവർ പ്ലാന്റിനുള്ളത്. ഇതിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗ്രാമത്തിലെ തെരുവുവിളക്കുകൾ കത്തിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നു. ഇനി നിങ്ങൾ പറയുക, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ചെറിയ പഞ്ചായത്ത് നമ്മുടെ എല്ലാ ദേശവാസികൾക്കും എന്തെങ്കിലും പ്രവർത്തിക്കാനുള്ള പ്രേരണ തരുന്നുവോ അതോ ഇല്ലയോ? അവർ എത്ര വലിയ ഉയരമാണ് കീഴടക്കിയത്.
    എന്റെ പ്രിയപ്പെട്ട ദേശവാസികകളെ, ഇന്ന് മൻകി ബാത്ത് ഭാരതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു കഴിഞ്ഞു. ലോകത്തിന്റെ പല പല മുക്കിലും മൂലയിലും മൻകി ബാത്ത് ചർച്ചചെയ്യപ്പെടുന്നു. വിദേശത്ത് താമസിക്കുന്ന നമ്മുടെ ഭാരതീയ സമൂഹവും ഞാനുമായി പുതിയ പുതിയ അറിവുകൾ പങ്കുവെയ്ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ എനിക്കും വിദേശങ്ങളിൽ നടക്കുന്ന അത്ഭുതകരമായ പരിപാടികൾ മൻ കീ ബാത്തിലൂടെ നിങ്ങളോട് പങ്കുവെക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നുണ്ട്. ഇന്ന് ഞാൻ അങ്ങനെയുള്ള ചില ആളുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം. എന്നാൽ അതിനുമുമ്പ് ഞാൻ നിങ്ങളെ ഒരു ശ്രവ്യശകലം കേൾപ്പിക്കാം അല്പം ശ്രദ്ധയോടെ കേൾക്കുവിൻ.

(റേഡിയോ യൂണിറ്റി നയൻറ്റി എഫ് എം)
    അല്ലയോ സുഹൃത്തുക്കളെ, ഭാഷ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇവർ റേഡിയോയിലൂടെ സംസ്‌കൃതത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ പേരാണ് ആർ ജെ ഗംഗ. ആർ ജെ ഗംഗ ഗുജറാത്തിലെ റേഡിയോ ജോക്കി ഗ്രൂപ്പിലെ ഒരു അംഗമാണ്. അവരുടെ കൂടെ ആർ ജെ നീലം, ആർ ജെ ഗുരു, ആർ ജെ ഹേതൽ, തുടങ്ങിയവരും ഉണ്ട്. അവർ എല്ലാവരും ഒത്തുചേർന്ന് ഇപ്പോൾ ഗുജറാത്തിലെ കേവഡിയായിൽ സംസ്‌കൃതത്തിന്റെ മഹത്വം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. നിങ്ങൾക്കറിയില്ലേ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഏകതാ പ്രതിമ-സ്റ്റാച്യു ഓഫ് യൂണിറ്റി-സ്ഥിതിചെയ്യുന്ന സ്ഥലം, അതാണ് കേവഡിയ. ആ കേവഡിയയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഇവർ, ഈ റേഡിയോ ജോക്കികൾ ഒരേസമയത്ത് അനേകം കാര്യങ്ങൾ നിറവേറ്റുന്നവരാണ്. ഇവർ ഗൈഡ് ആയി സേവനം അനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം കമ്മ്യൂണിറ്റി റേഡിയോ ഇനിഷ്യേറ്റീവ്, യൂണിറ്റി 90 എഫ് എം റേഡിയോ പരിപാടികളും മുന്നോട്ട് കൊണ്ടുപോകുന്നു. ഈ റേഡിയോ ജോക്കികൾ തങ്ങളുടെ ശ്രോതാക്കളുമായി സംസ്‌കൃതഭാഷയിൽ സംവദിക്കുന്നു. അവർക്ക് സംസ്‌കൃതത്തിൽ അറിവുകൾ, വിവരങ്ങൾ എത്തിച്ചു കൊടുക്കുന്നു.
    സുഹൃത്തുക്കളെ ”അമൃതം സംസ്‌കൃതം മിത്ര, സരസം സരളം വചഃ ഏകതാ മൂലകം രാഷ്‌ട്രേ, ജ്ഞാന വിജ്ഞാന പോഷകം” എന്നാണല്ലോ സംസ്‌കൃതത്തെ കുറിച്ച് പറയാറുള്ളത്. അതായത് നമ്മുടെ സംസ്‌കൃതഭാഷ സരസമാണ്, സരളമാണ്. സംസ്‌കൃതം  ചിന്തകളിലൂടെ, സാഹിത്യത്തിലൂടെ അറിവും വിജ്ഞാനവും പ്രദാനം ചെയ്യുന്നു. രാഷ്ട്രത്തിന്റെ ഐക്യം വളർത്തുന്നു, ഊട്ടിയുറപ്പിക്കുന്നു. സംസ്‌കൃത സാഹിത്യത്തിൽ മാനവികതയുടെയും അറിവിന്റെയും ദിവ്യമായ ഒരു തത്വമുണ്ട്. അത് ആരെയും ആകർഷിക്കാൻ പോന്നതാണ്. ഈയിടെ വിദേശങ്ങളിൽ സംസ്‌കൃതം പഠിപ്പിക്കുക എന്ന പ്രേരണാദായകമായ പ്രവൃത്തി ചെയ്യുന്ന അനേകം ആൾക്കാരെ കുറിച്ച് ഞാൻ അറിയാൻ ഇടയായി. അങ്ങനെയുള്ള ഒരു വ്യക്തിയാണ് ശ്രീ രടഗർ കോർട്ടൻഹോസ്റ്റ്. അദ്ദേഹം അയർലൻഡിലെ അറിയപ്പെടുന്ന സംസ്്കൃത വിദ്വാനും അധ്യാപകനുമാണ്. അവിടെ അദ്ദേഹം കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നു. ഇവിടെ നമ്മുടെ ഈ കിഴക്ക്, ഭാരതത്തിനും തായ്‌ലൻഡിനും ഇടയിൽ സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്‌കൃതഭാഷക്ക് വളരെ മുഖ്യമായ ഒരു പങ്കുണ്ട്. ഡോക്ടർ ചിരാവത് പ്രപണ്ഡ് വിദ്യയും ഡോക്ടർ കുസുമാ രക്ഷാമണിയും തായ്‌ലൻഡിൽ സംസ്‌കൃത ഭാഷയുടെ പ്രചാരത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവർ തായ്, സംസ്‌കൃതം എന്നീ ഭാഷകളിൽ താരതമ്യ പഠനവുമായി ബന്ധപ്പെട്ടുള്ള കൃതികൾ രചിച്ചിട്ടുണ്ട്. അതുപോലുള്ള മറ്റൊരു പ്രൊഫസറാണ് ശ്രീ ബോറിസ് ജാഖ്‌രിൻ. ഇദ്ദേഹം റഷ്യയിലെ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃതം പഠിപ്പിക്കുന്നു. അദ്ദേഹം അനേകം ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസാധനം ചെയ്തിട്ടുണ്ട്. അദ്ദേഹം ധാരാളം പുസ്തകങ്ങൾ സംസ്‌കൃതത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇതുപോലെ ഓസ്‌ട്രേലിയയിലെ സിഡ്‌നി സംസ്‌കൃത സ്‌കൂൾ വിദ്യാർഥികളെ സംസ്‌കൃത ഭാഷ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്. ഈ സ്‌കൂൾ കുട്ടികൾക്ക് വേണ്ടി സംസ്‌കൃത ഗ്രാമർ ക്യാമ്പ്, സംസ്‌കൃത നാടകം, സംസ്‌കൃത ദിവസം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
    സുഹൃത്തുക്കളെ ഈയിടെയുണ്ടായ പ്രയത്‌നങ്ങളുടെ ഫലമായി സംസ്‌കൃതത്തിന് ഒരു പുതിയ ഉണർവ് ഉണ്ടായിട്ടുണ്ട്. ഈ ദിശയിൽ നമ്മുടെ പ്രവർത്തനങ്ങളും പ്രയത്‌നങ്ങളും ഇനിയും മുന്നോട്ടു പോകണം. നമ്മുടെ പൈതൃകത്തെ ശേഖരിക്കുക, സൂക്ഷിക്കുക, പുതിയ തലമുറയ്ക്ക് കൈമാറുക ഇതെല്ലാം നമ്മുടെ കർത്തവ്യമാണ്. ഭാവി തലമുറയ്ക്ക് ഇതിൽ അവകാശവുമുണ്ട്. ഈ കാര്യങ്ങൾക്കുവേണ്ടി എല്ലാവരും കൂടുതൽ പ്രയത്‌നിക്കേണ്ട സമയമായിരിക്കുന്നു. സുഹൃത്തുക്കളെ, നിങ്ങൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരണം. ഇങ്ങനെയുള്ള ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അറിയുകയാണെങ്കിൽ, ഇങ്ങനെയുള്ള ഏതെങ്കിലും വിവരങ്ങൾ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ദയവു ചെയ്തു #celebrating sanskrit-മായി സോഷ്യൽ മീഡിയയിൽ തീർച്ചയായും പങ്കുവെക്കണം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിശ്വകർമ്മജയന്തി വരുന്നുണ്ട്. ഭഗവാൻ വിശ്വകർമ്മാവിനെ നമ്മൾ വിശ്വസൃഷ്ടിയുടെ ശക്തിയായി പ്രതീകമായി കണക്കാക്കുന്നു. സ്വന്തം നൈപുണ്യം കൊണ്ട് ആര് എന്ത് നിർമ്മിച്ചാലും സൃഷ്ടിച്ചാലും അത് മുറിക്കലും തുന്നലും ആകട്ടെ, സോഫ്റ്റ്‌വെയർ ആകട്ടെ, അല്ലെങ്കിൽ ഉപഗ്രഹങ്ങൾ ആകട്ടെ ഇവയെല്ലാം ഭഗവാൻ വിശ്വകർമാവിന്റെ പ്രകടനം തന്നെയാണ്. ലോകത്ത് നൈപുണ്യം പുതിയ രീതിയിൽ ഇന്ന് ആവിഷ്‌ക്കരിക്കപ്പെടുന്നു. എന്നാൽ നമ്മുടെ ഋഷിമാർ ആയിരക്കണക്കിന് വർഷങ്ങളായി നൈപുണ്യത്തിലും നിലവാരത്തിലും ശ്രദ്ധിച്ചിരുന്നു. അവർ നൈപുണ്യത്തെ, കഴിവിനെ തീവ്രമായ ആഗ്രഹവുമായി ചേർത്ത് നമ്മുടെ ജീവിത ദർശനത്തിന്റെ ഭാഗമാക്കിയിരുന്നു. നമ്മുടെ വേദങ്ങളിൽ ധാരാളം സൂക്തങ്ങൾ വിശ്വകർമ്മാവിനായി സമർപ്പിച്ചിട്ടുണ്ട്. സൃഷ്ടിയുടെ ലോകത്ത് എത്ര വലിയ രചനകൾ ഉണ്ടായിട്ടുണ്ടോ, ഏതെല്ലാം പുതിയ വലിയ പ്രയത്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ, നമ്മുടെ ശാസ്ത്രങ്ങളിൽ ഇവയുടെ കീർത്തിയെല്ലാം ഭഗവാൻ വിശ്വകർമാവിന് നൽകിയിരിക്കുന്നതായി കാണാം. ലോകത്ത് എല്ലാ വികസനങ്ങളും നവീകരണങ്ങളും നൈപുണ്യത്തിലൂടെയാണ് സംഭവിക്കുന്നത് എന്നത് ഒരു പ്രകാരത്തിൽ ഇതിന്റെ പ്രതീകം തന്നെയാണ്. ഭഗവാൻ വിശ്വകർമ്മാവിന്റെ ജയന്തി, അദ്ദേഹത്തിനുള്ള പൂജ ഇവയുടെ പിന്നിലുള്ളതും ഇതേ ഭാവം തന്നെയാകുന്നു. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു, ”വിശ്വസ്യ കൃതേ യസ്യ കർമ്മ വ്യാപാരഃ സഃ വിശ്വകർമ്മ”. അതായത് സൃഷ്ടിയും നിർമ്മാണവുമായി ബന്ധപ്പെട്ട് കർമ്മങ്ങൾ ചെയ്യുന്നവൻ വിശ്വകർമ്മാവ്. നമ്മുടെ ചുറ്റും നിർമ്മാണത്തിലും സൃഷ്ടിയിലും ഏർപ്പെട്ടിരിക്കുന്ന നൈപുണ്യമുള്ള, കഴിവുള്ള ആൾക്കാർ എല്ലാം നമ്മുടെ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഭഗവാൻ വിശ്വകർമ്മാവിന്റെ പൈതൃകം പേറുന്നവരാകുന്നു. ഇവരെ കൂടാതെ നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, നിങ്ങളുടെ വീട്ടിൽ വൈദ്യുതി പ്രശ്‌നം വന്നു എന്നിരിക്കട്ടെ, നിങ്ങൾക്ക് ഇലക്ട്രീഷ്യനെ കിട്ടിയില്ലെങ്കിൽ  എന്താകും സ്ഥിതി. നിങ്ങൾക്ക് എത്ര വലിയ ബുദ്ധിമുട്ടാകും ഉണ്ടാവുക. നമ്മുടെ ജീവിതം ഇങ്ങനെയുള്ള അനേകം തൊഴിൽ നൈപുണ്യം ഉള്ളവരുടെ സഹായം കൊണ്ടാണ് മുന്നോട്ടുപോകുന്നത്. നിങ്ങൾക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ, കൊല്ലപ്പണി ചെയ്യുന്നവരുണ്ട്, മൺപാത്രം ഉണ്ടാക്കുന്നവരുണ്ട്, മരപ്പണിക്കാരുണ്ട്, ഇലക്ട്രീഷ്യൻമാരുണ്ട്, ശുചീകരണ ജോലിക്കാരുണ്ട്, അല്ലെങ്കിൽ മൊബൈൽ-ലാപ്‌ടോപ്പ് റിപ്പയർ ചെയ്യുന്നവരുണ്ട്. ഇവരെല്ലാം സ്വന്തം തൊഴിൽ നൈപുണ്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആധുനിക സ്വരൂപത്തിൽ ഇവരെല്ലാം വിശ്വകർമ്മാക്കൾ തന്നെ. എന്നാൽ സുഹൃത്തുക്കളെ, ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോഴൊക്കെ ഇത് നമ്മെ ദുഃഖിപ്പിക്കുന്നു. സംസ്‌കാരത്തിൽ, പാരമ്പര്യത്തിൽ, ചിന്തകളിൽ, കഴിവിൽ ഒക്കെ നൈപുണ്യമുള്ള മനുഷ്യന്റെ ശക്തിയെ ഭഗവാൻ വിശ്വകർമ്മാവുമായി ബന്ധപ്പെടുത്തിയിട്ടുള്ള രാജ്യത്ത് അവസ്ഥകൾ എങ്ങനെ മാറി? ഒരുകാലത്ത് നമ്മുടെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ദേശീയ ജീവിതത്തിലും നൈപുണ്യത്തിന് വളരെ വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ അടിമത്വത്തിന്റെ നീണ്ട കാലയളവിൽ, കഴിവിനെ ഇതുപോലെ ആദരിക്കുന്ന രീതി പതുക്കെ പതുക്കെ  വിസ്മൃതിയിലേക്ക് പോയി. കഴിവിനെ ആധാരമാക്കിയുള്ള ജോലികളെ ചെറുതാക്കി കാണാനുള്ള ചിന്തകൾ ഉണ്ടായി. ഇപ്പോൾ നോക്കൂ, ലോകം മുഴുവൻ കഴിവുകൾക്ക്,  അതായത് നൈപുണ്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഭഗവാൻ വിശ്വകർമാവിന്റെ പൂജയും ഇന്ന് വെറും ഔപചാരികതയുടെ പേരിലല്ല പൂർണമാകുന്നത്. നമ്മൾ വൈദഗ്ധ്യത്തെ ആദരിക്കണം. വിദഗ്ധരാകണമെങ്കിൽ പരിശ്രമിക്കണം. വൈദഗ്ദ്ധ്യത്തിൽ അഭിമാനിക്കണം. നമ്മൾ പുതിയതായി എന്തെങ്കിലും ചെയ്യണം. എന്തെങ്കിലും നവീകരിക്കണം. എന്തെങ്കിലും നിർമ്മിക്കണം. അത് സമൂഹത്തിന് പ്രയോജനമുള്ളതാകണം. ആളുകളുടെ ജീവിതം ലഘൂകരിക്കുന്നതാകണം. അപ്പോഴാണ്  വിശ്വകർമ്മാവിനുള്ള നമ്മുടെ പൂജ അർത്ഥവത്താകുന്നത്. ഇന്ന് ഈ ലോകത്ത് തൊഴിൽ നൈപുണ്യമുള്ള ആളുകൾക്ക് അവസരത്തിന് യാതൊരു കുറവുമില്ല. പുരോഗതിയുടെ എത്രയെത്ര വഴികളാണ് ഇന്ന് നൈപുണ്യത്തിലൂടെ തയ്യാറായി കൊണ്ടിരിക്കുന്നത്. അപ്പോൾ വരുവിൻ, ഇപ്രാവശ്യം ഭഗവാൻ വിശ്വകർമ്മാവിന്റെ പൂജയിൽ നമുക്ക് അത്യധികം ആഹ്ലാദത്തോടെ പങ്കെടുക്കാം. ഒപ്പം അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സ്വായത്തമാക്കാനുള്ള പ്രതിജ്ഞയെടുക്കാം. നമ്മൾ നൈപുണ്യത്തിന്റെ മഹത്വം മനസ്സിലാക്കും. തൊഴിൽ നൈപുണ്യമുള്ളവർ, ഏതു തൊഴിൽ ചെയ്യുന്നവരായാലും അവരെ പൂർണമായും ആദരിക്കും ബഹുമാനിക്കും എന്നതായിരിക്കണം പൂജയിൽ നമ്മുടെ മനോഭാവം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷമാണ്. ഈ വർഷം നാം ഓരോ ദിവസവും പുതിയ പ്രതിജ്ഞയെടുക്കണം. പുതിയത് ചിന്തിക്കണം. എന്തെങ്കിലും പുതിയത് ചെയ്യുവാനുള്ള നമ്മുടെ അഭിനിവേശം വർദ്ധിപ്പിക്കണം. നമ്മുടെ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം പൂർത്തിയാക്കുമ്പോൾ നമ്മുടെ പ്രതിജ്ഞകൾ അതിന്റെ വിജയത്തിന്റെ അടിത്തറയിൽ ദൃശ്യമാകും. അതുകൊണ്ട് നാം ഈ അവസരം പാഴാക്കരുത്. ഇതിൽ നാം കൂടുതൽ കൂടുതൽ സംഭാവന ചെയ്യണം. ഈ പ്രയത്‌നങ്ങൾക്കിടയിലും ഒരുകാര്യം നമ്മൾ ഓർക്കണം, മരുന്നും വേണം ജാഗ്രതയും വേണം.  രാജ്യത്ത് 62 കോടിയിൽ കൂടുതൽ വാക്‌സിൻ ഡോസ് നൽകിക്കഴിഞ്ഞു. എന്നാലും ജാഗ്രത പുലർത്തണം. അതെ, എപ്പോഴത്തെയും പോലെ നിങ്ങൾ പുതിയതായി എന്തെങ്കിലും ചെയ്യുമ്പോൾ, പുതിയത് ചിന്തിക്കുമ്പോൾ എന്നെയും അതിൽ പങ്കാളിയാകുക. ഞാൻ നിങ്ങളുടെ കത്തുകളും സന്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഈ ആഗ്രഹത്തോടുകൂടി എല്ലാവർക്കും ഒരിക്കൽക്കൂടി വരാൻ പോകുന്ന ഉത്സവങ്ങൾക്കായി കോടികോടി ശുഭാശംസകൾ. 

    ഒരായിരം നന്ദി നമസ്‌കാരം.